പാര്‍ട്ടി വിരുദ്ധ അഭിപ്രായമുള്ളവര്‍ക്ക് മറ്റ് വഴികള്‍ തേടാം – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് ചെറുതോണിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

പാര്‍ട്ടി വിരുദ്ധ അഭിപ്രായമുള്ളവര്‍ക്ക് മറ്റ് വഴികള്‍ തേടാം; പ്രധാനമന്ത്രിയുടെ ഭൂതകാലം പറയുന്ന ഡോക്യുമെന്ററി കോണ്‍ഗ്രസ് പ്രദര്‍ശിപ്പിക്കും

ചെറുതോണി (ഇടുക്കി) : കോണ്‍ഗ്രസിന്റെ നയപരിപാടികള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ച അനില്‍ ആന്റണിയുടെ രാജി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. പാര്‍ട്ടിയുടെ നയത്തിന് വിരുദ്ധമായ സമീപനം സ്വീകരിച്ച ആള്‍ പാര്‍ട്ടിയില്‍ തുടരുന്നത് ശരിയല്ല. പാര്‍ട്ടി നയം കെ.പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബി.ബി.സി ഡോക്യുമെന്റിറിയില്‍ അവാസ്ഥവമായ ഒന്നുമില്ല. രാഹുല്‍ ഗാന്ധി പറഞ്ഞതു പോലെ സത്യത്തെ അധിക കാലം മൂടി വയ്ക്കാനാകില്ല. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇന്ന് രാജ്യത്തെ പ്രധാനമന്ത്രിയായി ഇരിക്കുന്നയാള്‍ നടത്തിയ മനുഷ്യ വേട്ടയെ കുറിച്ചാണ് ഡോക്യുമെന്ററിയില്‍ വിശദീകരിക്കുന്നത്. അത് ഇന്ത്യയില്‍ നിരോധിച്ചാല്‍ ആ നിരോധനത്തെ വെല്ലുവിളിച്ച് കൊണ്ട് കോണ്‍ഗ്രസ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുക തന്നെ ചെയ്യും. രാജ്യത്ത് ജനാധിപത്യ, റിപ്പബ്ലിക്കന്‍, ഭരണഘടനാ മൂല്യങ്ങളെ തിരിച്ച് കൊണ്ടുവരാനുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ ഭാഗം തന്നെയാണ് ഇതും.

പാര്‍ട്ടിയുടെ അഭിപ്രായം കെ.പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് എല്ലാവര്‍ക്കും ബാധകമാണ്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവര്‍ക്ക് മറ്റു വഴികള്‍ തേടാം. പാര്‍ട്ടി വിരുദ്ധമായ അഭിപ്രായങ്ങള്‍ ആര് പറഞ്ഞാലും അംഗീകരിക്കില്ല. പാര്‍ട്ടിയുടെ നയത്തെ കുറിച്ച് അറിയാവുന്ന ആളാണ് അനില്‍ ആന്റണി. അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം പാര്‍ട്ടിക്ക് പുറത്ത് നിന്ന് പറയാം. പാര്‍ട്ടി വിടുന്നുവെന്നത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണ്. ഡോക്യുമെന്ററി സംബന്ധിച്ച അഭിപ്രായത്തില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുകയാണെങ്കില്‍ പാര്‍ട്ടി അത് ഗൗരവതരമായി പരിശോധിക്കും.

ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ബി.ജെ.പിയാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഭൂതകാലം എല്ലാവരും ഓര്‍ക്കുമെന്ന ഭയമാണ് ബി.ജെ.പിക്ക്. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും തിരിച്ച് കൊണ്ടു വരാനുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്. രാഹുല്‍ ഗന്ധി മൂവായിരത്തി അഞ്ഞൂറ് കിലോമീറ്റര്‍ നടന്നത് രാജ്യത്തെ ഒന്നിപ്പിക്കുന്നതിന് വേണ്ടിയാണ്.

സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലേക്ക് പോകുകയാണ്. വരുമാനം കുറയുകയും ദുര്‍ചെലവുകള്‍ വര്‍ധിക്കുകയും ചെയ്യുന്ന അസാധാരണ കാലഘട്ടത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഇത് മറച്ച് വയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ ധനസ്ഥിതി ഭദ്രമാണെന്നാണ് ഗവര്‍ണറെക്കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാര്‍ പറയിച്ചത്. പി.എസ്.സി നിയമനങ്ങള്‍ പോലും നടത്തേണ്ടെന്ന് സര്‍ക്കാര്‍ വാക്കാല്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ധനസ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ധനസ്ഥിതി മൂടി വയ്ക്കുന്നത് അവസാനിപ്പിക്കണം. ലക്ഷക്കണക്കിന് ജപ്തി നോട്ടീസുകളാണ് സംസ്ഥാനത്ത് പ്രവഹിക്കുന്നത്. അടിയന്തിരമായി ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

അനിയന്ത്രിതമായ വിലക്കയറ്റത്തിനിടയിലും കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലയിടിവാണ്. സംഭരണം പൂര്‍ണമായും നിലച്ചു. കര്‍ഷകരെ സഹായിക്കാതെ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ അവതരിപ്പിക്കുന്ന ബജറ്റും വെറും വാചകമടി മാത്രമായിരിക്കും. കഴിഞ്ഞ ബജറ്റില്‍ റീബില്‍ഡ് കേരളയ്ക്ക് 1642 കോടി പ്രഖ്യാപിച്ചിട്ട് ചെലക്കിയത് വെറും മൂന്ന് ശതമാനം മാത്രമാണ്.

2020-ല്‍ യുഡി.എഫ് പുറത്തിറക്കിയ ധവളപത്രത്തില്‍ ചൂണ്ടിക്കാട്ടിയതെല്ലാം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. നികുതി വരുമാനം കുറഞ്ഞിട്ടും മുന്‍കാല പ്രാബല്യത്തിലാണ് സഖാക്കള്‍ക്ക് ശമ്പളം നല്‍കുന്നത്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുന്നവരുടെ ശമ്പളം ഒരു കൊല്ലത്തെ മുന്‍കാല പ്രാബല്യത്തില്‍ വെട്ടിക്കുറച്ച സര്‍ക്കാരാണ് നേതാവിന്റെ ശമ്പളം മുന്‍കാല പ്രാബല്യത്തില്‍ വര്‍ധിപ്പിച്ചത്.

ഏകാധിപതികളുടെയും ഫാസിസിറ്റുകളുടെയും ഭരണമാണ് നാട്ടില്‍ നടക്കുന്നത്. മാധ്യമ പ്രവര്‍ത്തകരെയും ജനാധിപത്യ വാദികളെയും ഭയന്ന് അവര്‍ക്ക് ഉറങ്ങാനാകുന്നില്ല. അതുകൊണ്ടാണ് അവര്‍ക്കെതിരായ അതിക്രമങ്ങളും വര്‍ധിക്കുന്നത്. കെട്ട കാലഘട്ടമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.

Author