ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിയും ഇരട്ടത്താപ്പും തുടരുന്ന പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ ശക്തമായ രാഷ്ട്രീയ-നിയമ നടപടികള്‍ സ്വീകരിക്കാന്‍ കെപിസിസിയില്‍ ചേര്‍ന്ന ബഫര്‍സോണ്‍ സംബന്ധിച്ച ഉപസമിതി യോഗം തീരുമാനിച്ചു.
ബഫര്‍സോണുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കോണ്‍ഗ്രസ് കക്ഷിചേരാന്‍ വേണ്ട ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. കെപിസിസി ഉപസമിതി ബഫര്‍സോണ്‍ ബാധിത മേഖലകളില്‍ സന്ദര്‍ശിച്ച് പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തി തുടര്‍ന്നുള്ള പ്രതിഷേധ പരിപാടികള്‍ക്ക്
രൂപം നല്‍കും. ബഫര്‍സോണ്‍ വിഷയത്തില്‍ കര്‍ഷകരുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും രൂപം നല്‍കാന്‍ യോഗം തീരുമാനിച്ചു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനവാസ മേഖലകളെ ബഫര്‍സോണ്‍ പരിധിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു. എന്നാല്‍ അതിന് കടകവിരുദ്ധമായി മനുഷ്യവാസ കേന്ദ്രങ്ങള്‍ ഇക്കോ സെന്‍സിറ്റീവ് സോണായി പുനര്‍നിര്‍ണ്ണയിക്കാനുള്ള ഇടതുസര്‍ക്കാരിന്റെ ഒക്ടോബര്‍ മാസം 2019 ലെ ഉത്തരവ് ഇറക്കിയിരുന്നു.
ഇത് നാളിതുവരെ പിന്‍വലിക്കാത്തതിലുള്ള ശക്തമായ അമര്‍ഷം കമ്മിറ്റി രേഖപ്പെടുത്തി. ഈ ഉത്തരവ് നിലനില്‍ക്കുന്നത് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടിക്ക് കാരണമായേക്കാമെന്ന് യോഗം വിലയിരുത്തി. കെപിസിസി ബഫര്‍സോണ്‍ ഉപസമിതി ചെയര്‍മാന്‍ സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍, അംഗങ്ങളായ എപി അനില്‍കുമാര്‍,മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ, അംഗങ്ങളായ പി.എ.സലിം, കെ.കെ.എബ്രഹാം, അഡ്വ എസ്.അശോകന്‍,ജോസി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.