പടവ് 2023: സംസ്ഥാന ക്ഷീര സംഗമത്തിന് ഫ്രെബുവരി 10 ന് തുടക്കമാകും ഫെബ്രുവരി 13 ന് മുഖ്യമന്ത്രി ഉദ്‌ലാടനം ചെയ്യും

Spread the love

സംസ്ഥാന ക്ഷീരകർഷക സംഗമമായ പടവ് 2023, ഫെബുവരി 10 മുതൽ 15 വരെ കേരള വെറ്റിനറി സർവ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി വെറ്റിനറി കോളേജ് ക്യാമ്പസിൽ നടക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പത്രസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഫെബ്രുവരി 13 രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ ഏറ്റവും കൂടുതൽ പാലുൽപ്പാദിച്ച കർഷകനുള്ള ക്ഷീര സഹകാരി അവാർഡ് സജു ജെ എസിന് മുഖ്യമന്ത്രി സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. മികച്ച രീതിയിൽ പ്രവർത്തനം കാഴ്ചവെച്ച ക്ഷീര സംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ അവാർഡ് ദേവസ്വം പട്ടികജാതി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ വിതരണം ചെയ്യും. മേഖലതല ക്ഷീരകർഷകരെ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് എന്നിവർ ആദരിക്കും. ജില്ല തല ക്ഷീര സഹകാരികളെയും ചടങ്ങിൽ ആദരിക്കും.

ഫെബ്രുവരി 10 രാവിലെ 10 മണിക്ക് റവന്യൂവകുപ്പ് മന്ത്രി കെ രാജൻ ചടങ്ങിന് പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. രാവിലെ 9 30ന് സർക്കാരിന്റെ മൂന്നാംഘട്ട നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയുള്ള ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ മന്ത്രി ജെ ചിഞ്ചു റാണി നിർവഹിക്കും.

ഫെബ്രുവരി 11 രാവിലെ 9.30ന് സ്റ്റേറ്റ് ഡയറി എക്‌സ്‌പോയുടെ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചു റാണി നിർവഹിക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന കലാസന്ധ്യയുടെ ഉദ്ഘാടനം നടൻ ജയറാം നിർവഹിക്കും. ജയറാമിന്റെ നേതൃത്വത്തിലുള്ള താളവിസ്മയം പരിപാടിയും അരങ്ങേറും.

ഫെബ്രുവരി 13 ന് നടക്കുന്ന ഘോഷയാത്ര റവന്യു വകുപ്പ് മന്ത്രി കെ രാജനും, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയും സംയുക്തമായി ഫ്ലാഗ് ഓഫ് ചെയ്യും. ക്ഷീര കർഷക സെമിനാർ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. ക്ഷീര കലാസന്ധ്യയുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. ഫെബ്രുവരി 14ന് ക്ഷീര സംഘം ജീവനക്കാർക്കും സഹകാരികൾക്കുമുള്ള ശിൽപ്പശാല ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മികച്ച പരിപാലനം ആദായം എന്ന വിഷയത്തിൽ നടക്കുന്ന സംവാദ സദസ്സ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ക്ഷീരകർഷക മുഖാമുഖം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സഹകാരി സംഗമം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 15 ന് നടക്കുന്ന സമാപന സമ്മേളനം നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ക്ഷീര മേഖലയുമായി ബന്ധപ്പെട്ട മാധ്യമ അവാർഡുകളും മന്ത്രി പ്രഖ്യാപിച്ചു. റവന്യുമന്ത്രി കെ രാജൻ, കെ ബാലചന്ദ്രൻ എം എൽ എ, മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് ഡയറക്ടർ ഡോ.എ കൗശിഗൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഇതോടൊപ്പം ക്ഷീര അദാലത്ത്, ക്ഷീരോൽപ്പാദക -ശേഖരണ – വിതരണ കേന്ദങ്ങളും ഭവനങ്ങളും സന്ദർശിക്കുന്ന ക്ഷീര സ്പന്ദനം പരിപാടി, സെമിനാറുകൾ, ചർച്ചകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവയും ക്ഷീരസംഗമത്തിന്റെ ഭാഗമായി നടക്കും.

 

Author