ലഹരി വിരുദ്ധ ഷോർട്ട് ഫിലിം മത്സരം പ്രഖ്യാപിച്ചു

Spread the love

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജിയും (SIET) സീമാറ്റ്-കേരളയുടെ സ്‌കൂൾ ലീഡർഷിപ്പ് അക്കാദമിയും (SLA-K) പൊതുവിദ്യാലയങ്ങൾക്കായി സംയുക്തമായി സംഘടിപ്പിച്ച ഷോർട്ട് ഫിലിം കോമ്പറ്റീഷന്റെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം ലഭിച്ചത് കോഴിക്കോട് ജില്ലയിലെ പായമ്പ്ര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിനാണ്. ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസ്, പട്ടം രണ്ടാം സ്ഥാനം കരസ്ഥമാക്കി. മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസ് മുട്ടമ്പലം, കോട്ടയവും ഗവൺമെന്റ് എൽ.പി. സ്‌കൂൾ കോട്ടൺഹിൽ വഴുതക്കാടും മൂന്നാം സ്ഥാനം പങ്കിട്ടു. വിജയികൾക്ക് പുറമേ ഏഴ് സ്‌കൂളുകൾക്ക് എ ഗ്രേഡ് ലഭിച്ചു.

161 സ്‌കൂളുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ലഹരിക്കെതിരെയുള്ള സന്ദേശം ഉൾക്കൊള്ളുന്ന അഞ്ചു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകൾക്കാണ് മത്സരം ഏർപ്പെടുത്തിയിരുന്നത്. മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രമുഖ എഴുത്തുകാരനുമായ കെ.വി. മോഹൻകുമാർ ഐ.എ.എസ് ചെയർമാനായ നാലംഗ ജൂറിയാണ് ഷോർട്ട് ഫിലിമുകൾ വിലയിരുത്തിയത്. കുട്ടികൾക്കുള്ള ചലച്ചിത്രത്തിന് ദേശീയ അവാർഡ് നേടിയ സംവിധായകൻ നൂറനാട് രാമചന്ദ്രൻ, ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഡെപ്യൂട്ടി ഡയറക്ടറും എഴുത്തുകാരിയുമായ കെ.എ. ബീന (ദൂരദർശൻ), സീമാറ്റ്-കേരള മുൻ ഡയറക്ടറും സാഹിത്യകാരനുമായ ഡോ. സാബു കോട്ടുക്കൽ എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങൾ. കലാചാരുത ചോർന്നുപോകാതെ ലഹരിക്കെതിരെയുള്ള സന്ദേശം ശക്തമായി പ്രസ്ഫുരിപ്പിക്കുവാൻ മിക്ക ഷോർട്ട് ഫിലിമുകൾക്കും കഴിഞ്ഞുവെന്ന് ജൂറി അഭിപ്രായപ്പെട്ടു.

Author