മലങ്കരയുടെ സൂര്യതേജസ്സ് ഡോക്യുമെന്ററി വെള്ളിയാഴ്ച്ച ആദ്യ പ്രദർശനം – ഷാജീ രാമപുരം

Spread the love

ന്യൂയോർക്ക് : മലങ്കര മാര്‍ത്തോമ്മാ സഭയുടെ കാലം ചെയ്ത മുന്‍ പരമാദ്ധ്യക്ഷന്‍ യുഗപ്രഭാവനായ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായെക്കുറിച്ച് നിര്‍മ്മിച്ച മലങ്കരയുടെ സൂര്യതേജസ്സ് എന്ന ഡോക്യുമെന്ററി ഫിലിം ഫെബ്രുവരി 10 വെള്ളിയാഴ്ച വൈകിട്ട് 6.30ന് തിരുവല്ലായിലുള്ള ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്ന പ്രൗഢ സമ്മേളനത്തില്‍ ആദ്യ പ്രദര്‍ശനം നിര്‍വഹിക്കുന്നു.

ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ (ഡോക്യുമെന്ററി കമ്മറ്റി ചെയര്‍മാന്‍) അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന സമ്മേളനം മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ്. ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശന കര്‍മ്മം നിര്‍വഹിക്കും. ചടങ്ങില്‍ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ സ്റ്റീഫന്‍ ദേവസി, ബിഷപ്പുമാര്‍, വൈദീകർ, കലാ-സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ സമ്മേളനത്തില്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്നു.

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന മുന്‍ കൗണ്‍സില്‍ അംഗവും, ഡാളസ് കാരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവക മുന്‍ വികാരിയും, മാവേലിക്കര സ്വദേശിയുമായ റവ. വിജു വര്‍ഗ്ഗീസ് ആണ് മലങ്കരയുടെ സൂര്യതേജസ്സ് എന്ന ഡോക്യുമെന്ററി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വൈദീകനായ റവ.ഫാ.സാം ജി. കളിയിക്കല്‍ ആണ് ഡോ.ജോസഫ് മാര്‍ത്തോമ്മ ആയി ഈ ചിത്രത്തില്‍ വേഷമിടുന്നത്.

Author