യുഡിഎഫ് രാപ്പകല്‍ സമരം 13നും 14നും

Spread the love

ഇന്ധന സെസ് ഉള്‍പ്പെടെ ജനങ്ങളുടെ മേല്‍ കെട്ടിവച്ച സംസ്ഥാന സര്‍ക്കാരിന്റെ ഭാരിച്ച നികുതിക്കൊള്ളയ്‌ക്കെതിരെ ഫെബ്രുവരി 13,14 തീയതികളില്‍ യുഡിഎഫ് രാപ്പകല്‍ സമരം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് രാപ്പകല്‍ സമരം സംഘടിപ്പിക്കുന്നത്. വൈകുന്നേരം നാലുമണി മുതല്‍ 14ന് രാവിലെ പത്തുമണിവരെയാണ് സമരം. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കോഴിക്കോട് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും മലപ്പുറത്ത് പി.കെ.കുഞ്ഞാലികുട്ടിയും തൃശ്ശൂരില്‍ രമേശ് ചെന്നിത്തലയും ഇടുക്കി തൊടുപുഴയില്‍ പി.ജെ.ജോസഫും കൊല്ലത്ത് എ.എ.ആസീസും പത്തനംതിട്ടയില്‍ അനുപ് ജേക്കബും ആലപ്പുഴയില്‍ മോന്‍സ് ജോസഫും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എറണാകുളത്ത് സിപി ജോണും പാലക്കാട് വി.കെ.ശ്രീകണ്ഠനും കാസര്‍ഗോഡ് കാഞ്ഞങ്ങാട് രാജ്‌മോഹന്‍ ഉണ്ണിത്താനും ഉദ്ഘാടനം നിര്‍വഹിക്കും.

കൊടിക്കുന്നില്‍ സുരേഷ് എംപി,എംകെ മുനീര്‍, എന്‍.കെ.പ്രേമചന്ദ്രന്‍,പിഎംഎ സലാം,രാജന്‍ ബാബു,ജോണ്‍ ജോണ്‍,മാണി സി കാപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വയനാട് ജില്ലയില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം 13 നുള്ളതിനാല്‍ രാപ്പകല്‍ സമരം മറ്റൊരു ദിവസവും മുസ്ലീം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ കണ്ണൂരിലേത് 16,17 തീയതികളിലുമായിരിക്കും സംഘടിപ്പിക്കുക.

Author