എഞ്ചിനീയറിംഗ് വിദ്യാഭ്യാസ പ്രവേശന നടപടിക്രമങ്ങളില്‍ കാലത്തിനനുസരിച്ച് മാറ്റങ്ങളുണ്ടാകണം

Spread the love

കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍

കോട്ടയം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ പ്രവേശന നടപടിക്രമങ്ങളില്‍ എഐസിറ്റിഇയുടെ ദേശീയ മാനദണ്ഡങ്ങളനുസരിച്ച് കാലത്തിനനുസരിച്ച് മാറ്റങ്ങളുണ്ടാകണമെന്നും രണ്ടു പതിറ്റാണ്ട് മുമ്പ് ആരംഭിച്ച നിലവിലുള്ള പ്രവേശന സമ്പ്രദായം പൊളിച്ചെഴുതണമെന്നും കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദുവുമായി കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.മാത്യു പായിക്കാട്ട്, എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ കോട്ടയം എം.ജി. യൂണിവേഴ്‌സിറ്റിയില്‍ വെച്ചു നടത്തിയ ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച് വിശദമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.

രാജ്യാന്തരപ്രശസ്തമായ വിദേശ സര്‍വ്വകലാശാലകളുമായി സഹകരിച്ചുള്ള അദ്ധ്യാപക വിദ്യാര്‍ത്ഥി എക്‌സ്‌ചേഞ്ച്, ഇന്റേണ്‍ഷിപ്പ് പദ്ധതികളും പഠനത്തോടൊപ്പം തൊഴിലും അദ്ധ്യയനത്തിന്റെ ഭാഗമാകണം. വ്യവസായ മേഖലകളുമായി ബന്ധപ്പെട്ടുള്ള പാഠ്യപദ്ധതി പരിഷ്‌കരണവും എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിനുണ്ടാകണം. കേരളത്തിലെ പ്രമുഖമായ അടിസ്ഥാന സൗകര്യങ്ങളുള്ള എഞ്ചിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുവാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ താല്പര്യം കാണിക്കുമ്പോള്‍ എഐസിറ്റിഇ മാനദണ്ഡങ്ങളനുസരിച്ച് പ്രവേശന പ്രോത്സാഹന നടപടികള്‍ സ്വീകരിക്കാനും ഉത്തരവിറക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ഫോട്ടോ അടിക്കുറിപ്പ് – എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയില്‍ നടത്തേണ്ട സമഗ്രമാറ്റങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ഫാ.മാത്യു പായിക്കാട്ട്, എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന് സമര്‍പ്പിക്കുന്നു.

ഡോ.ഫാ.മാത്യു പായിക്കാട്ട്
പ്രസിഡന്റ്

 

Author