അനുതാപം- ഉപവാസത്തിൽ നിന്നും ഉരുത്തിരിയേണ്ട ചൈതന്യം – പി പി ചെറിയാൻ

Spread the love

ഫെബ്രുവരി 19 ഞായർ മുതൽ ക്രൈസ്തവ വിശ്വാസ സമൂഹം അമ്പതു ദിന വലിയ നോംമ്പാചരണത്തിനു തുടക്കം കുറിച്ചിരിക്കുന്നു. ഈസ്ററിനു തൊട്ടുപിറകിലുളള 50 ദിവസങ്ങൾ കണക്കാക്കിയുളളതാണ് അമ്പതു നോമ്പ് അഥവാ വലിയ നോമ്പ്.ക്രിസ്തീയ സഭകളിൽ വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങളുള്ളതുപോലെ നോമ്പ് ആചരിക്കുന്ന കാര്യത്തിലും വ്യത്യസ്ത രീതികളും വ്യത്യസ്ത സമയക്രമങ്ങളുമാണുള്ളത്. എല്ലാ സഭകളും എല്ലാവിധ നോമ്പുകളും ആചരിക്കുന്നുമില്ല. മലയാളത്തിൽ ‘ഉപവാസം’ എന്നാൽ ഒരുമിച്ചു ജീവിക്കുക എന്നാണ് അർഥം. അതായത് ദൈവത്തോട് ഒരുമിച്ചു ജീവിക്കുക. നോമ്പ് എന്ന വാക്ക് പഴയ മലയാളത്തിലെ ‘നോയ് അമ്പ്’ എന്നതിൽ നിന്നാണ്. ‘സ്‌നേഹത്തോടെയുള്ള സഹനം’എന്നാണു അതിന്റെ അർഥം. ദൈവസ്‌നേഹത്തിൽ നാം സ്വയം കഷ്ടം സഹിക്കുന്നതാണ് നോമ്പ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.പാപ ബോധവും പശ്ചാത്താപവും വർധിപ്പിക്കണമേയെന്നും പുതിയോരു ജീവൻ നൽകി രക്ഷിക്കണേയെന്നുമുള്ള പ്രാർത്ഥന നോമ്പുകാല പ്രത്യേകതയാണ്. പാപം രോഗമാണെന്നും ഈ രോഗത്തിൽ നിന്നുമുള്ള ശമനമാണ് പാപിക്ക് ആവശ്യമെന്നും ചിലർ പഠിപ്പിക്കുന്നു.

വിശ്വാസികൾ ഉപവാസം, മംസാഹാരവർജനം, ആഡംബരങ്ങൾ ഒഴിവാക്കൽ എന്നിവയിലൂടെ നോമ്പ് ആചരിക്കുന്നു. നോമ്പ് കാലം ഇറച്ചിയും മീനും വർജിക്കുക എന്നതു പൊതുതത്വമായി കരുതുന്നുവെങ്കിലും നോമ്പിന് എന്തൊക്കെ വർജിക്കണമെന്ന് കൃത്യമായ രൂപരേഖയൊന്നുമില്ല, അതുകൊണ്ട് പ്രാദേശികമായും വ്യക്തിപരമായും വ്യത്യസ്ത ഭക്ഷണ പാനീയങ്ങളാണ് പലരും വർജിക്കുന്നത്. അതിൽ മദ്യം, പുകവലി തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ ഉപേക്ഷിക്കുന്നവർ മുതൽ സൈബർ ലോകത്തെ പ്രവർത്തനം ഉപേക്ഷിക്കുന്നവർ വരെ നീണ്ടുപോകുന്നു.

ഉപവാസത്തിൽ നിന്നും ഉരുത്തിരിയേണ്ട പ്രധാന ചൈതന്യം അനുതാപമാണ് . ഭക്ഷണ പാനീയങ്ങൾ വെടിയുക എന്നതിലുപരി , കോപവും അസൂയയും എല്ലാം വെടിഞ്ഞു വേണം ഉപവസികേണ്ടത്.ദു:ഖിതരിൽ സ്‌നേഹത്തിന്റെ കരം നീട്ടി, അപരനെ സഹായിച്ച്, സഹചരെ സേവിച്ച്, അലസത വെടിഞ്ഞ്, അഗതികളെ കനിവോടെ സ്‌നേഹിച്ച് വേണം നോമ്പ് നോൽക്കാൻ.. മനസിൽനിന്നും അനാവശ്യ ചിന്തകൾ അകറ്റി നിർമ്മലവും സുന്ദരവുമായ ചിന്തകൾ നിറയ്‌ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. . പ്രാർത്ഥനയുടെ ചൈതന്യത്തിൽ എന്തെങ്കിലും കുറവ് വന്നിട്ടുണ്ടെങ്കിൽ അതും നികത്തി വേണം നോമ്പ് അനുഷ്ഠിക്കാൻ.

നോമ്പ് നോൽക്കുന്നതിനു നാം തയാറാകുമ്പോഴും സാമൂഹ്യമായ എല്ലാ പ്രശ്നങ്ങൾക്കും കാരണം തൻറെ പാപവും മത്സരബുദ്ധിയും ആണെന്നസമ്മതിക്കുവാൻ മനുഷ്യൻ ഇഷ്ടപ്പെടുന്നില്ല .പാപം എന്ന വിഷയത്തിന് പകരം പോരായ്മകൾ ബലഹീനതകൾ തെറ്റുകൾ വിവേചനത്തിൽ ഉള്ള അപാകതകൾ എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാണ് എല്ലാവർക്കും കൂടുതൽ താല്പര്യം .ഇപ്രകാരമുള്ള പദങ്ങൾക്കാണ്‌ സമൂഹത്തിൽ അംഗീകാരം ലഭിച്ചിട്ടുള്ളത് .അവയുടെ ആശയങ്ങളുമായി യോജിക്കുവാൻ ആർക്കും പ്രയാസവുമില്ല .പരിശുദ്ധനായ ദൈവത്തിൻറെ സന്നിധിയിൽ കുറ്റം തുറന്ന് സമ്മതിക്കുവാനും തെറ്റ് ചെയ്യുന്നതിന്റെ പൂർണ്ണമായ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുവാനും ആരും ഇഷ്ടപ്പെടുന്നില്ല. ദൈവം ക്രിസ്തുവിൽ കൂടെ ഒരുക്കിയിരിക്കുന്നതും നമുക്ക് നൽകുവാൻ ആഗ്രഹിക്കുന്നതുമായ ,പാപത്തിൽനിന്നും കുറ്റബോധത്തിൽ നിന്നും ഉള്ള സ്വാതന്ത്ര്യം പ്രാപിക്കുന്നതിന് ആവശ്യമായ ആദ്യത്തെ പടിയെന്നത് അപ്രകാരം ചെയ്യുന്നതിനുള്ള പരമാർത്ഥമായ ആഗ്രഹമാണ് .ഇതു ചില പ്രത്യേക ദിവസങ്ങളിൽ മാത്രമല്ല ,അനുദിന ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ഒന്നാണ്

ചെറുപ്പത്തിൽ പഠിച്ച ഒരു സംഭവകഥ ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു . മഹാനായ രാജാവ് ഒരു ജയിൽ സന്ദർശിച്ചു അവിടെയുണ്ടായിരുന്ന തടവുകാർ ഓരോരുത്തരോടും സംസാരിച്ചു .തങ്ങൾ നിരപരാധികളാണെന്നും തെറ്റിദ്ധരിക്കപ്പെട്ടതാനെന്നും അന്യായമായും മനപ്പൂർവമായും കുറ്റം ചുമത്തപ്പെട്ടവരാണെന്നുമുള്ള എണ്ണമില്ലാത്ത കഥകൾ രാജാവ് കേട്ടു .ഒടുവിൽ അദ്ദേഹം ഒരു തടവറയുടെ മുൻപിൽനിന്നു . അതിനുള്ളിൽ താമസിക്കുന്ന കുറ്റവാളി നിശബ്ദനായി നിൽക്കുന്നത് കണ്ട് രാജാവ് ചോദിച്ചു നിങ്ങളും അന്യായമായി കുറ്റം ചുമത്തപ്പെട്ട ഒരു നിരപരാധി അല്ലേ? “അങ്ങനെയല്ല തിരുമേനി അയാൾ മറുപടി പറഞ്ഞു “ഞാൻ കുറ്റക്കാരൻ തന്നെ ഈ ശിക്ഷ ഞാൻ അർഹിക്കുന്നതുമാണ്” .രാജാവ് ഉടൻതന്നെ ജയിൽ വാർഡന്മാർക്ക് നേരെ തിരിഞ്ഞു കൽപ്പിച്ചു, ഇവിടെയുള്ള നിരപരാധികളും യോഗ്യരുമായ മനുഷ്യരെ ഈ തെമ്മാടി വഷളാകാതിരിക്കുന്നതിനു അയാളെ ഉടൻ തന്നെ ഇവിടെ നിന്നും പുറത്താക്കുക.

നമ്മിലുള്ള നന്മ മാത്രമാണ് നാം കാണുന്നതെങ്കിൽ നമ്മുടെ ഉള്ളിലുള്ള ഗർവ് നമ്മുടെ കണ്ണുകളെ കുരുടാക്കി നമ്മെ വഞ്ചിച്ചു കളയും. പരീശന്റെയും ചുങ്കക്കാന്റെയും ഉപമയിൽ അടങ്ങിയിരിക്കുന്ന സത്യമതാണ്. എന്നാൽ നാം നമ്മുടെ യഥാർത്ഥ സ്ഥിതി മനസ്സിലാക്കി അംഗീകരിച്ചു “കർത്താവേ പാപിയായ എന്നോടു കരുണയുണ്ടാകേണമേ “എന്നു ക്രിസ്തുവിനോട് നിലവിളിക്കുന്ന മാത്രയിൽ സ്വാതന്ത്ര്യത്തിന് കവാടം വെട്ടി തുറക്കപ്പെടുകയും വിശ്വാസത്തിൽ നാം പൂർണമായി നീതീകരിക്കപ്പെട്ടു പാപത്തിന്റെ അടിമത്തത്തിൽനിന്നും സ്വതന്ത്രരാക്കുകയും ചെയ്യും. നമ്മുടെ ഉള്ളിലുള്ള പാപം തന്നെയാണ് യഥാർത്ഥ സ്വഭാവം മനസ്സിലാക്കാതവണ്ണം നമ്മുടെ കണ്ണുളെ കുരുടാക്കി കളഞ്ഞിരിക്കുന്നത് .

ഇവിടെയാണ് നോമ്പിന്റെ പ്രസക്തി വർധിക്കുന്നത് . പ്രാർത്ഥനയും ഉപവാസവും ഒരുമിച്ച് പോകുന്നതാണെന്നും ഒന്നിനെ മറ്റൊന്നിൽനിന്ന് വേർപ്പെടുത്താ ൻ സാധ്യമല്ലെന്നും നാം മനസ്സിലാക്കണം.ഭക്ഷണത്തോടുള്ള അമിതാവേശത്തിലും സാത്താന്റെ പ്രലോഭനങ്ങളിലും അകപ്പെട്ട ആദാമിൽ നിന്നാണ് ആദ്യപാപം ലോകത്തിലേക്കു പ്രവേശിച്ചതെങ്കിൽ , മിശിഹാ തന്റെ ഉപവാസത്തിനു ശേഷം സാത്താന്റെ പ്രലോഭനങ്ങങ്ങളെ അതിജീവിച്ചു ആദാമിന്റെ ആദ്യപാപത്തിന്മേൽ എന്നെന്നേക്കുമായി വിജയം നേടുകയായിരുന്നു. ഈ മാതൃക നമ്മൾ പിന്തുടർന്നു കഴിഞ്ഞ കാല ജീവിത ചെയ്തികളെ ഒന്ന് പുനം പരിശോധിക്കുന്നതിനും എവിടെയാണ് തെറ്റുകൾ സംഭവിച്ചിരിക്കുന്നതെന്നു മനസ്സിലാക്കി , ഉപേക്ഷിക്കേണ്ടതിനെ ഉപേക്ഷിക്കുന്നതിനും സ്വീകരിക്കേണ്ടതിനെ സ്വീകരിക്കുന്നതിനുമുള്ള ഒരവസരമായി വരും ദിവസങ്ങളിലെ നോമ്പാചരണം മുഖാന്തരമായി തീരട്ടെ എന്ന് ആശംസികുകയും ചെയ്യുന്നു.

Author