ജപ്പാനിലെ മുൻ ഫാക്‌ടറി തൊഴിലാളികൾ ഭാഗഭാക്കായ ബിനാലെ ആവിഷ്‌കാരം

Spread the love

കൊച്ചി: കൊളംബിയയിലും ഫ്രാൻസിലുമായി കലാപ്രവർത്തനം നടത്തുന്ന മാർക്കോസ് അവുലോ ഫെരേരോയുടെ കൊച്ചി ബിനാലെയിലെ ആവിഷ്‌കാരം ജപ്പാനിലെ വിരമിച്ച ഫാക്‌ടറി തൊഴിലാളികളെ ഭാഗഭാക്കാക്കി. ‘വൈൽഡ് ഗീസ്’ സിദ്ധാന്തത്തിൽ വ്യാഖ്യാനിക്കാനാകുന്ന അവരുടെ പ്രവർത്തന ശൈലി ജപ്പാനിലെ വ്യാവസായിക വിപ്ലവത്തിനു നിമിത്തമായതും ആ ശൈലി മറ്റെവിടെയും എല്ലാ രംഗങ്ങളിലും പ്രായോഗികമാകുന്നതും ആഗോളവത്കരണം ആ വ്യവസ്ഥയെ ബാധിച്ചതെങ്ങനെയെന്നും നിരീക്ഷിക്കുകയാണിതിലൂടെ.

വൈൽഡ് ഗീസ് സിദ്ധാന്തമനുസരിച്ച് മുന്നേ പറക്കുന്ന പക്ഷി ഒരു വിന്യാസക്രമമുണ്ടാക്കുകയും മറ്റു പക്ഷികൾ അത് പിന്തുടർന്ന് അനുകരിക്കുകയും ചെയ്യുന്ന അതേ രീതിയിലായിരുന്നു ജപ്പാനിലെ ഫാക്‌ടറി തൊഴിലാളികൾ 40 വർഷങ്ങളിൽ ഒരുപോലെ എണ്ണയിട്ട യന്ത്രം കണക്കെ പ്രവർത്തിച്ചത്. ഇത് ആസ്‌പദമാക്കി ബിനാലെയിൽ മാർക്കോസ് അവുലോ ഫെരേരോ ആവിഷ്‌കരിച്ച മൾട്ടിമീഡിയ ഇൻസ്റ്റലേഷനാണ് ‘വൈൽഡ് ഗീസ് തിയറി, നോട്ട്സ് ഓൺ ദി വർക്കേഴ്‌സ് ജെസ്ചർസ്’. ഇതിനു പല അടരുകളുണ്ട്.

ആദ്യം മാർക്കോസ് അവുലോ ഫെരേരോ ജപ്പാനിലെത്തി വിരമിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി യന്ത്രസാമഗ്രികൾ ഒഴിവാക്കിക്കൊണ്ട് ഫാക്‌ടറിയിൽ നാലുപതിറ്റാണ്ട് ഒരേപോലെ നിരന്തരം ആവർത്തിച്ചുപോന്ന അവരുടെ ചലനങ്ങളും പ്രവൃത്തികളും അതേവിധം തന്നെ വീഡിയോയിൽ ചിത്രീകരിച്ചു. പിന്നീടിത് ഒരു ചലന വിശകലന വിദഗ്‌ധന്റെ സഹായത്തോടെ ലേബനിസ്റ്റ് ചിഹ്നങ്ങളിൽ രേഖപ്പെടുത്തി. തുടർന്ന് ‘ഫ്രീ റീഡ്’ ആംഗ്യസങ്കേതത്തിൽ പ്രാവീണ്യമുള്ള കയ്യെഴുത്തു വിദഗ്‌ധൻ മുഖേന കാലിഗ്രഫിക് ബ്രഷ് സ്‌ട്രോക്കിലൂടെ ഓരോ ലേബനിസ്റ്റ് ചിഹ്നങ്ങളെയും വ്യഖ്യാനം ചെയ്യിച്ചു. ഇത് മറ്റു ഭാഷക്കാർക്കും മേഖലകളിലുമുള്ളവർക്കും പ്രയോജനപ്പെടുത്താനാകുന്നതായി. ജാപ്പനീസ് തൊഴിലാളികളുടെ ചലനങ്ങൾ അനുവർത്തിച്ച് കായിക മത്സരങ്ങളിൽ പോലും പ്രത്യേകിച്ച് നീന്തൽ, ടെന്നീസ് എന്നിവയിലെല്ലാം വിജയം കൈവരിക്കാനാകുമെന്ന് ഫെരോരോ ചൂണ്ടിക്കാട്ടുന്നു.

കാലം ഏറെ മാറി.എങ്കിലും ജപ്പാൻ വ്യാവസായിക രാജ്യങ്ങളുടെ മുൻനിരയിൽതന്നെയാണ് ഇന്നും. അതിനു കാരണം ആ പഴയ ഫാക്‌ടറി തൊഴിലാളികൾ ഒരുക്കിയ അടിത്തറയാണ്. ആവർത്തനം മൂലം ഏറെ മുഷിപ്പിക്കുന്ന ജോലി അവർ പരാതികളില്ലാതെ ഓരോദിവസവും വ്യവസ്ഥാനുസൃതം ചിട്ടയോടെ ചെയ്‌തു. അവരുടെ ക്ഷമാപൂർവ്വമായ കഠിനാധ്വാനമാണ് രാജ്യത്തെ ഉയരങ്ങളിൽ എത്തിച്ചത്. എന്നാൽ വിരമിച്ച ആ തൊഴിലാളികളെ ഇന്നാരും ഗണിക്കുന്നില്ല. ഗ്ലോബലൈസേഷനുശേഷം അവരുടെ സ്ഥാനം മെഷീനുകൾ കയ്യടക്കി. അതുകൊണ്ട് ചലനത്തിന്റെ മാതൃക ഒരു സംഗീതാദരമായി പഴയ ഫാക്‌ടറി തൊഴിലാളികൾക്ക് സമർപ്പിക്കുകയാണ് ഫെരോരോ തന്റെ ആവിഷ്‌കാരത്തിലൂടെ.

‘വൈൽഡ് ഗീസ് തിയറി, നോട്ട്സ് ഓൺ ദി വർക്കേഴ്‌സ് ജെസ്ചർസ്’ ഫോർട്ടുകൊച്ചി ആസ്‌പിൻവാൾ ഹൗസിൽ കാണാം.

Report :  AKSHAY BABU M

Author