ആശുപത്രികളുടെ വികസനത്തിന് 605 കോടിയുടെ കിഫ്ബി അനുമതി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ 8 ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 605.49 കോടി രൂപയുടെ കിഫ്ബി സാമ്പത്തികാനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രി 50.06 കോടി, കൊല്ലം പത്തനാപുരം താലൂക്ക് ആശുപത്രി 91.88 കോടി, തൃശൂര്‍ കുന്നംകുളം താലൂക്ക് ആശുപത്രി 76.51 കോടി, മലപ്പുറം കൊണ്ടോട്ടി താലൂക്ക് ആശുപത്രി 36.19 കോടി, കണ്ണൂര്‍ ജില്ലാ ആശുപത്രി 10.70 കോടി, എറണാകുളം കോതമംഗലം താലൂക്കാശുപത്രി 11.21 കോടി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 43.75 കോടി, തൃശൂര്‍ മെഡിക്കല്‍ കോളേജ് മദര്‍ ആന്റ് ചൈല്‍ഡ് ബ്ലോക്ക് 279.19 കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്. എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ 90,000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ 7 നില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. റിസപ്ഷന്‍, വാര്‍ഡുകള്‍, ഓപ്പറേഷന്‍ തീയറ്റര്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ കെട്ടിടത്തിലുണ്ടാകും. കൊല്ലം പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ 1.80 ലക്ഷം സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലുള്ള 6 നില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. അത്യാഹിത വിഭാഗം, രജിസ്‌ട്രേഷന്‍, ഒപി വിഭാഗം, ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു, മോര്‍ച്ചറി എന്നിവയുണ്ടാകും. തൃശൂര്‍ കുന്നംകുളം താലൂക്ക് ആശുപത്രി 1.55 ലക്ഷം സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ 7 നില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. അത്യാഹിത വിഭാഗം, ട്രയാജ്, ഒപി വിഭാഗം, വാര്‍ഡുകള്‍, മോര്‍ച്ചറി എന്നിവയുണ്ടാകും.

മലപ്പുറം കൊണ്ടോട്ടി താലൂക്ക് ആശുപത്രി 50,000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ 8 നിലകളുള്ള ആശുപത്രി ബ്ലോക്കും 3,000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലുള്ള സര്‍വീസ് ബ്ലോക്കുമാണ് നിര്‍മ്മിക്കുന്നത്. ഒപി വിഭാഗം, അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം, ട്രയാജ്, ഓപ്പറേഷന്‍ തീയറ്റര്‍, വാര്‍ഡുകള്‍, ഐസിയു, ട്രെയിനിംഗ് ഹാള്‍ എന്നിവയുണ്ടാകും. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ബയോമെഡിക്കല്‍ ഉപകരണങ്ങള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കുമായാണ് തുകയനുവദിച്ചിരിക്കുന്നത്. എറണാകുളം കോതമംഗലം താലൂക്കാശുപത്രിയില്‍ നിലവിലുള്ള 2 കെട്ടിടങ്ങളുടെ മുകള്‍ഭാഗത്തായി ഓരോ നിലകളാണ് നിര്‍മ്മിക്കുന്നത്. ലേബര്‍ വാര്‍ഡ്, ഒഫ്ത്താല്‍മോളജി വാര്‍ഡ്, ഒഫ്ത്താല്‍മോളജി ഓപ്പറേഷന്‍ തീയറ്റര്‍, ഒബ്‌സര്‍വേഷന്‍ റൂം എന്നിവയുണ്ടാകും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇമേജോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിനാണ് തുകയനുവദിച്ചത്. സിടി, എംആര്‍ഐ തുടങ്ങിയ ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സിവില്‍ ജോലികള്‍, സിഎസ്എസ്ഡി നിര്‍മ്മാണം എന്നിവയ്ക്കാണ് തുകയനുവദിച്ചത്.

തൃശൂര്‍ മെഡിക്കല്‍ കോളേജ് അത്യാധുനിക മദര്‍ ആന്റ് ചൈല്‍ഡ് ബ്ലോക്ക് നിര്‍മ്മിക്കുന്നു. 5.5 ലക്ഷം സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ 9 നില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. അത്യാഹിത വിഭാഗം, റേഡിയോ ഡയഗ്നോസ്റ്റിക് വിഭാഗം, 488 കിടക്കകളുള്ള വാര്‍ഡ്, 44 ഐസൊലേഷന്‍ വാര്‍ഡ്, 9 സര്‍ജിക്കല്‍ സ്യൂട്ട്, 2 ഗൈനക് ഓപ്പറേഷന്‍ തീയറ്റര്‍ തുടങ്ങിയവയാണ് സജ്ജമാക്കുന്നത്.

Author