ലൈഫ് മിഷന്‍ കോഴയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമായി – പ്രതിപക്ഷ നേതാവ്‌

Spread the love

പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം.

അഴിമതിയെ കുറിച്ച് പറയുമ്പോള്‍ പൊള്ളുന്നതെന്തിന്? മന്ത്രിമാര്‍ നിയമസഭ തടസപ്പെടുത്തുന്നത് ചരിത്രത്തില്‍ ആദ്യം.

അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ സംസാരിച്ച് തുടങ്ങിയപ്പോള്‍ നിയമസഭയുടെ ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടാകാത്ത സംഭവങ്ങളാണ് അരങ്ങേറിയത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗം തടസപ്പെടുത്തി. അടിയന്തിര പ്രമേയത്തില്‍ പോയിന്റ് ഓഫ് ഓര്‍ഡര്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ പറഞ്ഞിട്ടും മന്ത്രിമാര്‍ അത് ഉന്നയിക്കുന്ന സാഹചര്യമുണ്ടായി. കുറ്റപത്രം നല്‍കി വിചാരണയിലേക്ക് കടക്കുന്ന വിഷയങ്ങള്‍ നിയമസഭയില്‍ അടിയന്തിര പ്രമേയത്തില്‍ ഉന്നയിക്കാന്‍ പാടില്ലെന്നു മാത്രമാണ് റൂള്‍സ് ഓഫ് പ്രൊസീജിയറില്‍ പറയുന്നത്. ലൈഫ് മിഷന്‍ കേസ് ഇപ്പോഴും അന്വേഷണ ഘട്ടത്തിലാണ്. കുറ്റപത്രം നല്‍കുകയോ വിചാരണയിലേക്ക് കടക്കുകയോ ചെയ്തിട്ടില്ല. കേസ് നടക്കുന്ന കാലത്ത് പോലും ബാര്‍ കോഴയെ കുറിച്ചും സോളാര്‍ കേസിനെ കുറിച്ചും കെ.എം മാണിയെ കുറിച്ചുമൊക്കെ എത്രയോ തവണ അടിയന്തിര പ്രമേയം അനുവദിച്ചിട്ടുണ്ട്. എല്ലാ ഒരു സുപ്രഭാതത്തില്‍ മറക്കുകയാണ്. ലൈഫ് മിഷനെ കുറിച്ച് മിണ്ടിപ്പോകരുതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഇ.ഡി പുരാണം, സി.ബി.ഐ പുരാണം എന്‍.ഐ.എ പുരാണം എന്നിവയില്‍ തുടങ്ങി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള സസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ ഇടപെടലുകളെ കുറിച്ചാണ് മന്ത്രി എം.ബി രാജേഷ് പ്രതിപക്ഷത്തിന് ക്ലാസെടുത്തത്. അത്ര കൊള്ളരുതാത്തവരായിരുന്നു കേന്ദ്ര ഏജന്‍സികളെങ്കില്‍, ഡിയര്‍ മോദിജി എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ഒന്നിലധിക കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തെഴുതിയത് എന്തിന് വേണ്ടിയായിരുന്നു? മോദിക്ക് മുഖ്യമന്ത്രി കത്തെഴുതിയിട്ടാണ് സി.ബി.ഐയും ഇ.ഡിയും പാടില്ലെന്ന് മന്ത്രി ഇപ്പോള്‍ പറയുന്നത്.

സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഏജന്‍സികള്‍ സ്വപ്‌ന സുരേഷിനും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനും പങ്കാളിത്തമുള്ള ലോക്കറില്‍ നിന്നാണ് ലൈഫ് മിഷന്‍ കരാറുകാരനായ സന്തോഷ് ഈപ്പന്‍ നല്‍കിയ 63 ലക്ഷം കണ്ടെടുത്തത്. അവിടെ നിന്നാണ് ലൈഫ് മിഷന്‍ കോഴയില്‍ അന്വേഷണം ആരംഭിച്ചത്. ലൈഫ് മിഷനില്‍ കോഴ നടന്നിട്ടുണ്ടെന്നും അത് കൊണ്ടു പോയത് കോണ്‍സുലേറ്റിലെ ഖാലിദാണെന്നും അന്ന് മന്ത്രിമാരായിരുന്ന തോമസ് ഐസക്കും എ.കെ ബാലനും പറഞ്ഞിട്ടുണ്ട്. നാല് കോടി രൂപ വിദേശത്തേക്ക് പോയി. ഒരു കോടി രൂപയാണ് ഇവരുടെ കയ്യിലുള്ളത്. നാലേ കാല്‍ കോടി രൂപ കാണാനില്ല. ആകെ ഒന്‍പതേകാല്‍ കോടി രൂപയാണ് കോഴ. മൊത്തം തുകയും 46 ശതമാനവും കോഴ വാങ്ങുന്നത് ബിഹാറില്‍ പോലും നടക്കില്ല. ഈ കേസാണ് വിജിലന്‍സിനെ ഏല്‍പ്പിച്ചത്. രാജ്യാന്തര ബന്ധങ്ങളുള്ള കേസ് സംസ്ഥാന വിജിലന്‍സ് എങ്ങനെ അന്വേഷിക്കും? സി.ബി.ഐ അന്വേഷണം വരാതിരിക്കാനാണ് അനില്‍ അക്കരയുടെ മൊഴിയെടുക്കുന്നതിന്റെ തലേദിവസം കേസ് വിജിലന്‍സിനെ ഏല്‍പ്പിച്ചതും അവര്‍ ഫയലുകളെല്ലാം പിടിച്ചെടുത്തതും. കൈക്കൂലി കൊടുത്തെന്ന് സമ്മതിച്ച സന്തോഷ് ഈപ്പനൊപ്പമാണ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത് സുപ്രീം കോടതിയില്‍ പോയത്. സംസ്ഥാന ഏജന്‍സികള്‍ക്ക് അന്വേഷിക്കാന്‍ പരിമിതിയുണ്ടെന്ന മുഖ്യമന്ത്രിയുടെ അതേ വാദത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം കോടതിയില്‍ പോയത്. നിങ്ങള്‍ക്ക് ഒരു പങ്കുമില്ലെങ്കില്‍ കോഴ കൊടുത്തവനൊപ്പം നിന്ന് സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ആവര്‍ത്തിച്ച് പറയുന്നത് എന്തിനാണ്? മൂന്ന് വര്‍ഷമായി സി.ബി.ഐ ഒന്നും ചെയ്യുന്നില്ല. അവര്‍ നിങ്ങളുടെ കൂടെയാണ്.

പഴയ വീഞ്ഞ് പഴയ കുപ്പി എന്നാണ് മന്ത്രി പറഞ്ഞത്. അത് ശരിയാണ്. പഴയ വീഞ്ഞാണ്. സ്വര്‍ണക്കടത്ത് കേസില്‍ നൂറ് ദിവസം അകത്ത് കിടന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ അതേ ശിവശങ്കര്‍ തന്നെയാണ് ഇപ്പോഴും അകത്തായത്. അന്നും ഇന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അപ്പോള്‍ കുപ്പിയും പഴയതു തന്നെ. വാട്‌സാപ് ചാറ്റുകളൊന്നും ഞങ്ങള്‍ ഇവിടെ പറഞ്ഞിട്ടില്ല. ഈ കേസിലെ മദനകാമരാജന്‍ കഥകളോട് ഞങ്ങള്‍ക്ക് താല്‍പര്യമില്ല. പ്രതിപക്ഷ നേതാവിന്റെ സീറ്റില്‍ ഇരുന്നു കൊണ്ട് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ കുറിച്ച് പറഞ്ഞതൊക്കെ നിങ്ങളാണ്. അതൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല.

റെഡ് ക്രെസന്റും ലൈഫ് മിഷനും തമ്മിലുള്ള എം.ഒ.യുവില്‍ ഓരോ ഘട്ടത്തിലും എഗ്രിമെന്റ് വയ്ക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. അതൊക്കെ മാറി യു.എ.ഇ കോണ്‍സുലേറ്റും യുണിടാക്കും തമ്മിലായി എഗ്രിമെന്റ്. കേരളത്തില്‍ കെട്ടിടം പണിയാന്‍ യു.എ.ഇ കോണ്‍സുലേറ്റ് കൊട്ടേഷന്‍ വിളിക്കുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ലൈഫ് മിഷന്‍ കോഴയില്‍ പങ്കാളികളാണെന്ന തെളിയിക്കുന്ന തരത്തിലുള്ള ചാറ്റുകള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ ഭാഗമാക്കുമ്പോള്‍ അതേക്കുറിച്ച് പ്രതിപക്ഷ ഒന്നും പറയരുതെന്ന് പറയുന്നത് പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പറയുന്നതു പോലെയാണ്. പ്രതിപക്ഷം ഇ.ഡിക്ക് വേണ്ടിയല്ല വാദിക്കുന്നത്. മൂന്ന് വര്‍ഷം അവര്‍ എവിടെ പോയിരുന്നു? ഇപ്പോഴാണ് പാല്‍ക്കുപ്പിയുമായി വന്നത്.

ഇത്രയും വലിയൊരു കോഴയെ കുറിച്ച് അടിയന്തിര പ്രമേയം കൊണ്ടു വന്നിട്ടും പഴയ മറുപടിയാണ് മന്ത്രി നല്‍കിയത്. ഇത്രയും കൗശലം മന്ത്രി കാട്ടരുത്. എഗ്രിമെന്റ് വയ്ക്കണമെന്ന് എം.ഒ.യു വച്ചിട്ടും കെട്ടിടം പണിയാന്‍ യുണിടാക്കിന് സ്ഥലം കൊടുത്തത് എന്തിന് വേണ്ടിയായിരുന്നു? എന്തിനാണ് വിജിലന്‍സ് ഫയലുകള്‍ തട്ടിയെടുത്തത്? അവര്‍ എന്ത് അന്വേഷണമാണ് നടത്തിയത്? എന്തിനാണ് സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്? ഇതിലൊക്കെ സര്‍ക്കാരിന്റെ താല്‍പര്യം എന്താണ്?

മുഖ്യമന്ത്രിയുടെ ഓഫീസിന് ലൈഫ് മിഷന്‍ കോഴയില്‍ പങ്കുണ്ടെന്നതിന് തെളിവുണ്ട്. അത് നിഷേധിക്കാനാകില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ ചെയ്തതിനാണ് ശിവശങ്കര്‍ ജയിലില്‍ കിടന്നതും ഇപ്പോള്‍ കിടക്കുന്നതും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗൂഡാലോചന നടത്തിയതിന്റെ ഭാഗമായാണ് ഒന്‍പതേകാല്‍ കോടിയുടെ കോഴ ഇടപാട് നടന്നത്. കൈക്കൂലി കൊടുത്തെന്ന് യുണിടാക്ക് ഉടമ സമ്മതിച്ചിട്ടുണ്ട്. ആ പണമാണ് സ്വപ്‌നയുടെയും ശിവശങ്കറിന്റെയും ലോക്കറില്‍ നിന്നും കണ്ടെടുത്തത്. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നതിനുള്ള തെളിവാണ്. അതേക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാണ് അടിയന്തിര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.

രണ്ട് കോണ്‍ഗ്രസ് ഉണ്ടെന്നാണ് മന്ത്രി പറഞ്ഞത്. രണ്ട് സി.പി.എം ഉണ്ടോയെന്ന് തിരിച്ച് ചോദിച്ചാല്‍ മതി. ഇ.പി ജയരാജനെ എം.വി ഗോവിന്ദന്റെ ജാഥയില്‍ ഇതുവരെ കണ്ടില്ലല്ലോ. മുഖ്യമന്ത്രി കഴിഞ്ഞാല്‍ സി.പി.എമ്മിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ് ഇ.പി ജയരാജന്‍. ഗോവിന്ദന്‍ മാഷ് പ്രതിരോധ ജാഥ നടത്തുമ്പോള്‍ അതിന് പോകാതെയാണ് ജയരാജന്‍ കൊച്ചിയില്‍ പിറന്നാള്‍ ആഘോഷത്തിന് പോയത്. കോണ്‍ഗ്രസുമായി യോജിക്കാനാണ് സി.പി.എം പി.ബി തീരുമാനിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് വിരുദ്ധതയാണ് കേരളത്തിലെ സി.പി.എമ്മിന്. ചില ഒത്തുതീര്‍പ്പുകളുടെ ഭാഗമായാണ് കേന്ദ്ര ഏജന്‍സുകളുടെ അന്വേഷണങ്ങളൊക്കെ നിലച്ചു പോയത്.

കേരളത്തില്‍ ഇന്നുവരെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ട് ഉണ്ടായിട്ടില്ലാത്ത ഗുരുതരമായ ആരോപണമാണ് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചത്. എന്നാല്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ആദ്യമായി ഭരണകക്ഷി നിയമസഭ സ്തംഭിപ്പിക്കുകയായിരുന്നു. മാത്യു കുഴല്‍നാടന്‍ പറഞ്ഞപ്പോള്‍ പൊള്ളിയിട്ടാണോ ചാടിയത്? ആര്‍ക്കാണ് ഇത്ര അസ്വസ്ഥത? എത്ര മൂടി വച്ചാലും സത്യം പുറത്ത് വരും.

Author