വൈക്കം സത്യാഗ്രഹം നൂറാംവാര്‍ഷികത്തിന് ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ കെപിസിസി സംഘടിപ്പിക്കും

Spread the love

കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന വൈക്കം ഐതിഹാസിക സമരത്തിന്റെ നൂറാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികളോടെ 2023 മാര്‍ച്ച് 30 മുതല്‍ ആഘോഷിക്കാന്‍ കെപിസിസി ഭാരവാഹിയോഗം തീരുമാനിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ കോട്ടയത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തത്.

എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ മാര്‍ച്ച് 30ന് വൈക്കത്ത് ഉദ്ഘാടനം നിര്‍വഹിക്കും.
കോണ്‍ഗ്രസ് അധ്യക്ഷനായശേഷം കേരളത്തില്‍ ഖാര്‍ഗെയുടെ ആദ്യത്തെ പരിപാടിയാണിത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരവധി സമ്മേളനങ്ങള്‍, സെമിനാറുകള്‍,പ്രദര്‍ശനങ്ങള്‍, വൈക്കം സത്യാഗ്രഹ ചരിത്ര കോണ്‍ഗ്രസ്, വൈക്കം സത്യഗ്രഹ വീരന്മാരുടെ അനുസ്മരണ സമ്മേളനങ്ങള്‍ തുടങ്ങിയവ അരങ്ങേറും.
ചരിത്ര പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങളിൽ നിന്നാരംഭിക്കുന്ന പ്രചാരണ ജാഥകൾ മാര്‍ച്ച് 29 ന് വൈകുന്നേരം വൈക്കത്തു സംഗമിക്കും. സമരം ആരംഭിക്കുവാൻ കോൺഗ്രസ്‌ ഡെപ്യൂട്ടേഷൻ കമ്മിറ്റി വൈക്കത്തെത്തിയ അതേ തീയതിയായ ഫെബ്രുവരി 28നാണ് കേരള പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി നിർവഹകസമിതിയും നേതൃയോഗവും വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങളുടെ തുടക്കം കുറിക്കുവാൻ വൈക്കത്തു ചേർന്നത്.

ആധുനിക കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ച രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റമാണ് വൈക്കം സത്യാഗ്രഹം. ജനാധിപത്യ കേരളത്തിന്റെ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച വൈക്കം സത്യാഗ്രഹ സമര പരമ്പരയുടെ തുടക്കം 1924 മാര്‍ച്ച് 30നാണ്. സാമൂഹിക വിഷയങ്ങളില്‍ ഇടപെടാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ടികെ മാധവനാണ് കക്കിനട കോണ്‍ഗ്രസ് സമ്മേളനത്തില്‍ അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ച് അംഗീകാരം നേടിയത്. തുടര്‍ന്ന് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി കാര്യപരിപാടി തയാറാക്കുകയും പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ അവരുടെ അതിര്‍ത്തിക്കുള്ളില്‍ അയിത്തോച്ചാടനത്തിനായി പ്രവര്‍ത്തിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

1924 ജനുവരിയില്‍ എറണാകുളത്ത് അയിത്തോച്ചാടന പ്രചരണ കമ്മിറ്റി രൂപീകരിച്ചു. മഹാത്മാഗാന്ധിയുടെ അനുമതിയോടെ 1924 മാര്‍ച്ച് 30ന് വൈക്കം സത്യാഗ്രഹം ആരംഭിച്ചു. അയിത്തത്തിനെതിരേ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ സമരമായിരുന്നു അത്. നാനാജാതി മതസ്ഥരും തദ്ദേശിയരും വിദേശിയരുമായ ജനസഹ്രസങ്ങള്‍ സമരത്തില്‍ അണിനിരന്നു. ടികെ മാധവന്‍, കെപി കേശവമേനോന്‍, കെ കേളപ്പന്‍ തുടങ്ങിയവര്‍ക്കായിരുന്നു സമര നേതൃത്വം.ശ്രീനാരായണ ഗുരുദേവന്റെ ആശിര്‍വാദം സത്യാഗ്രഹത്തിനുണ്ടായിരുന്നു. ഇരുപത് മാസത്തോളം നീണ്ടുനിന്ന സമരം 1925 നവംബറിലാണ് അവസാനിച്ചത്.

കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രന്‍ ചെയര്‍മാനും, രാഷ്ട്രീയ കാര്യ സമിതി അംഗം എം ലിജു ജനറല്‍ കണ്‍വീനറുമായ സമിതിയാണ് വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങളുടെ സംസ്ഥാനതല പരിപാടികള്‍ ഏകോപിപ്പിക്കുന്നത്.

കെപിസിസി നേതൃ യോഗത്തിൽ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി, ടി സിദ്ധിക്ക്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സി ജോസഫ്, ടി.യു.രാധാകൃഷ്ണൻ, വി പി സജീന്ദ്രൻ,എം ലിജു,വി ടി ബൽറാം, വി ജെ പൗലോസ്, എൻ ശക്തൻ, ജോസി സെബാസ്റ്റ്യൻ, പി എ സലീം,പഴകുളം മധു, അബ്ദുൽ മുത്തലിബ്,എം എം നസീർ. കെ പി ശ്രീകുമാർ, എ എ ഷുക്കൂർ, ദീപ്‌തി മേരി വർഗീസ്, എസ് അശോകൻ,സി ചന്ദ്രൻ,ആലിപ്പറ്റ ജമീല,ജെബി മേത്തർ,ആർ ചന്ദ്രശേഖരൻ,നാട്ടകം സുരേഷ്,പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ, കെ പ്രവീൺകുമാർ, രാജേന്ദ്രപ്രസാദ് മുഹമ്മദ്‌ ഷിയാസ്,ജെയ്സൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു

എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ ഉദ്ഘാടനം ചെയ്യുന്ന ശതാബ്‌ദി സമ്മേളന സംഘാടക സമിതിയുടെ ജനറൽ കൺവീനറായി ഡിസിസി പ്രസിഡന്റ്‌ ശ്രീ നാട്ടകം സുരേഷിനെ തീരുമാനിച്ചു. ഗുജറാത്ത് കലാപത്തില്‍ സംഘപരിവാര്‍ കലാപകാരികള്‍ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജെഫ്രിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് കെപിസിസി യോഗം അനുശോചിച്ചു.

Author