മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ യൂറോപ്പ് സോണൽ ആസ്ഥാന മന്ദിരത്തിന്റെ കൂദാശയും പൊതു സമ്മേളനവും ഇന്ന്

Spread the love

ന്യൂയോർക്ക് : നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ അധീനതയിൽ ഉള്ള യൂറോപ്പ് സോണൽ ഓഫീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ലണ്ടൻ ഹീത്രോ എയർപോർട്ടിനോടടുത്തു പണികഴിപ്പിച്ച സോണൽ ആസ്ഥാന സമുച്ചയത്തിന്റെ കൂദാശയും സമർപ്പണ ശുശ്രുഷയും മാർച്ച് നാല് ശനിയാഴ്ച (ഇന്ന്) ലണ്ടൻ സമയം രാവിലെ ഒൻപതരയ്ക്ക് സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിലും, ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് ഡോ.ഐസക് മാർ ഫിലക്സിനോസിന്റെ സഹ കാർമ്മികത്വത്തിലും നടത്തപ്പെടും.

തുടർന്ന് ലണ്ടനിലെ ഫെൽത്താമ്മിലുള്ള ടുടോർ പാർക്ക്‌ സ്പോർട്സ് ആൻഡ് ലെയ്‌സുവർ സെന്ററിർ (Tudor Park Sports & Leisure Centre, Feltham) വെച്ച്‌ രാവിലെ പതിനൊന്ന് മണിക്ക് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിൽ ഫെൽത്തം / ഹെസ്റ്റൺ എം.പി സീമാ മൽഹോത്രയും, സാമൂഹിക രാഷ്ട്രീയ മേഖലകളിലെ വിശിഷ്ടാഥിതികളും പങ്കെടുക്കും. സഭയുടെ യു.കെ – യൂറോപ്പ് സോണിന്റെ കീഴുള്ള വിവിധ ഇടവകകളിൽ നിന്നുള്ള വൈദീകരുടേയും സഭാ വിശ്വാസികളുടെയും സാന്നിധ്യം പ്രസ്തുത സമ്മേളനത്തിന് നിറപ്പകിട്ടേകും.

ആദ്ധ്യാത്മീയ മേഖലയിലെ പുരോഗതിയുടെ വസന്തകാലത്തിൽ എത്തിനിൽക്കുന്ന മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക – യൂറോപ് ഭദ്രാസനത്തിന്റെ കിഴിലുള്ള പുതിയൊരു നാഴികക്കല്ലാണ് ഇന്ന് കൂദാശ ചെയ്യപ്പെടുന്ന യുകെ – യൂറോപ്പ് സോണിന്റെ പുതിയ ആസ്ഥാന മന്ദിരം. അതോടൊപ്പം ഭദ്രാസനാധിപൻ ബിഷപ് ഡോ. മാർ ഫിലക്സിനോസിന്റെ പ്രവർത്തന സരണിയിലെ മറ്റൊരു പൊൻതൂവലും.

Report :  ഷാജി രാമപുരം

 

Author