സര്‍വ്വകലാശാലകളില്‍ വിസിമാരും കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരുമില്ലാത്ത ഈജിയന്‍ തൊഴുത്താക്കി കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണ്ണറും ചേര്‍ന്ന് തകര്‍ത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സിപിഎമ്മിനു താല്പര്യമുള്ള കുഴിയാനകളെ സര്‍വ്വകലാശാലകളില്‍ വിസിമാരായും സര്‍ക്കാര്‍ കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരായും നിയമിക്കാനാകാത്തതുകൊണ്ട് സംസ്ഥാനത്തെ സര്‍വകലാശാലകളും സര്‍ക്കാര്‍ കോളേജുകളും സംഘര്‍ഷഭരിതമായി. എല്ലായിടത്തും അനധികൃത നിയമനങ്ങളും അഴിമതിയും കൊടികുത്തി വാഴുന്നു.
പതിനായിരക്കണക്കിന് കുട്ടികള്‍ കേരളത്തില്‍നിന്ന് ലക്ഷക്കണക്കിനു രൂപയുടെ ബാങ്ക് വായ്പയും തലയിലേറ്റി പലായനം ചെയ്യുന്നത് ഉന്നതവിദ്യാഭ്യാസമേഖലയിലെ രാഷ്ട്രീയവത്കരണത്തില്‍ മനംമടുത്താണ്. സിപിഎമ്മിന്റെ അധ്യാപക-അനധ്യാപക സംഘടനകളുടെ സമ്മര്‍ദ്ദത്തിന് കീഴടങ്ങിയ ഉന്നത വിദ്യാഭ്യാസമന്ത്രി ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്നു തെളിയിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയും ഗവര്‍ണറും ഈ തകര്‍ച്ചയിലെ കൂട്ടുപ്രതികളാണെന്നും സുധാകരന്‍ പറഞ്ഞു.
സംസ്ഥാനത്തെ 14 സര്‍വകലാശാലകളും ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്. കേരള, കെടിയു, കാര്‍ഷിക, ഫിഷറീസ്, കലാമണ്ഡലം, നിയമ, സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരില്ലാതായിട്ട് മാസങ്ങളായി. മലയാളം സര്‍വ്വകലാശാലാ വിസി ഫെബ്രുവരി 28ന് വിരമിച്ചപ്പോള്‍ കുസാറ്റ്, എംജി , സര്‍വ്വകലാശാല വിസിമാര്‍ ഉടനേ വിരമിക്കും. സ്വന്തം നിയമനത്തില്‍ ആക്ഷേപം കേട്ട കണ്ണൂര്‍ സര്‍വ്വകലാശാല വിസിയുടെ പുനര്‍നിയമനം സംബന്ധിച്ച അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കാലിക്കറ്റ്, സംസ്‌കൃത, ഓപ്പണ്‍ ഡിജിറ്റല്‍ സര്‍വകലാശാല വിസിമാര്‍ക്ക് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
കാര്‍ഷിക സര്‍വ്വകലാശാലയില്‍ യുജിസി വ്യവസ്ഥ ലംഘിച്ച് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ നേരിട്ട് നിയമിച്ചത് വിവാദത്തിലായി. സാങ്കേതിക സര്‍വകലാശാലയില്‍ ഡോ. സിസാ തോമസിന്റെ നിയമനവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിലേക്കുള്ള നോമിനേഷന്‍ നടത്താനുള്ള ഗവര്‍ണറുടെ അധികാരത്തിന് സമാന്തരമായി നിയമസഭയില്‍ ബില്ല് കൊണ്ടുവരാനുള്ള നീക്കം ഗവര്‍ണര്‍ അനുവദിക്കാത്തതും ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അടി മൂര്‍ച്ഛിക്കാന്‍ ഇടയായി.
വിസിമാരെ നിയമിക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് യൂണിവേഴ്‌സിറ്റി പ്രതിനിധികളെ നല്‍കുന്നത് സിപിഎം വിലക്കിയത് കൊണ്ട് ഗവര്‍ണര്‍ക്ക് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ കഴിയുന്നില്ല.
മലയാളം സര്‍വകലാശാലയിലാകട്ടെ ഗവര്‍ണറുടെ ഓഫീസിനു സമാന്തരമായി മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരിട്ട് കമ്മിറ്റി രൂപീകരിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുവാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന വിവരം മന്ത്രിയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടും കമ്മിറ്റി രൂപീകരിക്കുവാനുള്ള നടപടിയുമായി മുന്നോട്ടു പോകുവാന്‍ മന്ത്രി ഉത്തരവിട്ടിരിക്കുകയാണ്.
സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ തങ്ങള്‍ക്കാണ് അവകാശമെന്ന പുതിയൊരു വാദവുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. വിസി മാരുടെ നിയമനാധികാരി ഗവര്‍ണര്‍ ആയതുകൊണ്ട് സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ഗവര്‍ണര്‍ക്കാണെന്നാണ് രാജ്ഭവന്റെ നിലപാട്. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന കീഴ്‌വഴക്കം അട്ടിമറിക്കുന്നത് ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്നതുവരെ വിസി നിയമനങ്ങള്‍ നീട്ടിക്കൊണ്ടുപോകാനാണ്.
സര്‍ക്കാര്‍ കോളേജുകളില്‍ സ്ഥിരം പ്രിന്‍സിപ്പല്‍മാര്‍ ഇല്ലാതായിട്ട് വര്‍ഷങ്ങളായി. തുടര്‍ന്ന് 43 പ്രിന്‍സിപ്പല്‍മാരെ നിയമിക്കുവാനുള്ള പട്ടികയ്ക്ക് ആറുമാസം മുന്‍പ് പി.എസ്.സി അംഗീകാരം നല്‍കി. എന്നാല്‍, ഇടത് അധ്യാപക സംഘടനാനേതാക്കള്‍ ഇല്ലാത്തതുകൊണ്ട് പട്ടികയ്ക്ക് മന്ത്രി അംഗീകാരം നല്‍കിയില്ല. 66 ഗവണ്‍മെന്റ് കോളേജിലും ഇപ്പോള്‍ സീനിയര്‍ അധ്യാപകര്‍ക്ക് പ്രിന്‍സിപ്പല്‍മാരുടെ ചുമതല നല്‍കിയിരിക്കുകയാണ്.
പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനങ്ങളുമെല്ലാം വൈകുന്നതുമൂലം മനംമടുത്ത വിദ്യാര്‍ത്ഥികള്‍ പ്രവേശനം തേടി കേരളത്തിനു പുറത്തുള്ള അന്യ യൂണിവേഴ്‌സിറ്റികളിലേയ്ക്ക് പലായനം ചെയ്യുന്നു. ഉന്നതവിദ്യാഭ്യാസമേഖലയെ അലങ്കോലമാക്കിയ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കേരളം മാപ്പുനല്കില്ലെന്നു സുധാകരന്‍ പറഞ്ഞു.