പ്രതിപക്ഷ നേതാവ് കെ.പി.സി.സിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ബ്രഹ്‌മപുരത്തെ തീ അണഞ്ഞാലും അഴിമതിയുടെ തീ അണയില്ല; കൊച്ചിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം; ഇ.പി ജയരാജന്റെ സ്ത്രീവിരുദ്ധ പ്രസ്താവന സി.പി.എമ്മിന്റെ വനിതാദിന സന്ദേശം.
തിരുവനന്തപുരം : ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം ഗുരുതര ആരോഗ്യപ്രശ്‌നമായി മാറുകയാണ്. ഒരു തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഇല്ലെന്ന വാസ്തവവിരുദ്ധമായ മറുപടിയാണ് വിഷയം സബ്മിഷനായി നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ മന്ത്രി നല്‍കിയത്. വിഷപ്പുക ശ്വസിച്ച് ആളുകള്‍ വ്യാപകമായി തലചുറ്റി വീഴുകയാണ്. കൊച്ചി നഗരത്തില്‍ മാത്രമല്ല സമീപ ജില്ലകളിലേക്കു പുക വ്യാപിക്കുകയാണ്. പ്രദേശത്ത് അടിയന്തിരമായി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് വായു മലിനീകരണവുമായി പരിശോധനകള്‍ നടത്തി പരിഹാരത്തിന് ശ്രമിക്കണം.
ആരോഗ്യ, തദ്ദേശ, ദുരന്ത നിവാരണം ഉള്‍പ്പെടെയുള്ള മുഴുവന്‍ വകുപ്പുകളും നിഷ്‌ക്രിയമായിരിക്കുകയാണ്. തീ ഇപ്പോഴും അണഞ്ഞിട്ടില്ല. പെട്രോള്‍ ഒഴിച്ചാണ് മാലിന്യം കത്തിച്ചത്. കരാറുകാര്‍ ഗുരുതര കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. തീ അണഞ്ഞാലും അഴിമതിയുടെ തീ അണയില്ല. വ്യാപകമായ അഴിമതിയാണ് ബ്രഹ്‌മപുരത്ത് നടന്നിരിക്കുന്നത്. അതില്‍ പങ്കാളികളായവരെയെല്ലാം പുറത്ത് കൊണ്ടുവരണം. ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം തീ അണയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ അതിനായി കേന്ദ്രത്തിന്റെയോ മറ്റ് ഏജന്‍സികളുടെയോ സഹായം തേടണം. രണ്ടാം തീയതി വൈകിട്ട് തീ പിടിച്ചിട്ടും ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണ്. പുക ശ്വസിച്ച് ജനം ശ്വാസം മുട്ടിയിട്ടും ലാഘവത്തോടെ വിഷയത്തെ കൈകാര്യം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാര്‍ നിഷ്‌ക്രിയമായി ഇരുന്നാല്‍ സമരപരിപാടികളുമായി യു.ഡി.എഫ് മുന്നോട്ട് പോകും.
കരാറുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. അതിന്റെ പേരില്‍ മനപൂര്‍വമാണ് തീ കൊടുത്തത്. വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനെക്കുറിച്ച് മിണ്ടാട്ടമില്ല. അഴിമതി നടത്തുക, കരാര്‍ എടുത്തിട്ടും മാലിന്യം നീക്കം ചെയ്യാതിരിക്കുക, പരിശോധനയ്ക്ക് വരുമ്പോള്‍ അത് കത്തിച്ച് കളയുക, അതിന്റെ പേരില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുക, എന്തൊരു ഹീനമായ അതിക്രമമാണ്? കേരളത്തിന് അപമാനകരമായ കാര്യങ്ങളാണ് ബ്രഹ്‌മപുരത്ത് നടന്നത്. ജില്ലാ ഭരണകൂടവും ഒന്നും ചെയ്യാതെ നോക്കിയിരിക്കുകയാണ്.
രാഷ്ട്രീയ എതിരാളികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും എതിരെ ക്രൂരമായ സൈബര്‍ ആക്രമണം നടത്തുന്നത് സി.പി.എമ്മിന്റെ രീതിയാണ്. സ്ത്രീയെന്ന പരിഗണന പോലും നല്‍കില്ല. അതിന് വേണ്ടിയൊരു സംഘമുണ്ട്. അവര്‍ അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് ആരുടെയും കുടുംബത്തെ വരെ അധിക്ഷേപിക്കും. കണ്ണൂരിലെ പാര്‍ട്ടി ജില്ലാ സെക്രട്ടറി കാണിച്ച് കൊടുത്തതും അതുതന്നെയാണ്. നൗഫല്‍ ബിന്‍ യൂസഫിനെ നൗഫല്‍ ബിന്‍ലാദനാക്കി. രണ്ടാമത്തെ പ്രയോഗം അതിനേക്കാള്‍ മോശമാണ്. അറിയപ്പെടുന്ന സി.പി.എം നേതാവ് ഇങ്ങനെ ചെയ്താല്‍ തഴെയുള്ളവര്‍ എങ്ങനെ ചെയ്യാതിരിക്കും?
പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇട്ട് തലമുടി ക്രോപ്പ് ചെയ്ത് ആണ്‍കുട്ടികളെ പോലെ ഇറങ്ങുകയാണെന്ന് വലിയൊരു കമ്മ്യൂണിസ്റ്റ് നേതാവ് ആക്ഷേപം ചൊരിഞ്ഞിട്ട് ഒരു വനിതാ നേതാക്കളും വനിതാ സംഘടനയും പ്രതികരിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇടാന്‍ പാടില്ലേ? മുടി ക്രോപ്പ് ചെയ്യാന്‍ പാടില്ലേ? പെണ്‍കുട്ടികള്‍ക്ക് സമരത്തിന് ഇറങ്ങാന്‍ പാടില്ലേ? സ്ത്രീ വിരുദ്ധമായ പ്രസ്താവനയാണിത്. കേരളത്തിലെ സി.പി.എം വനിതാദിനത്തിന് നല്‍കിയ സന്ദേശമായി ഇതിനെ കണ്ടാല്‍ മതി. റോഡില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്ന ഇ.പി ജയരാജന്റെ വെല്ലുവിളി നിറഞ്ഞ മനസോടെ ഏറ്റെടുക്കുന്നു. മുഖ്യമന്ത്രിയെ പോലെ നൂറു കണക്കിന് പൊലീസുകാരുടെ പിന്നില്‍ പോയി ഞാന്‍ ഒളിക്കില്ല. ഒരു പൊലീസുകാരന്റെയും അകമ്പടി വേണ്ട. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ യാത്ര ചെയ്യുക തന്നെ ചെയ്യും. തടുക്കാമെങ്കില്‍ തടുത്തോട്ടേ.