സ്ത്രീകളുടെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത ലക്ഷ്യം : മുഖ്യമന്ത്രി

Spread the love

ഡിജിറ്റല്‍ മേഖലയിലെ സ്ത്രീ-പുരുഷ അന്തരം ഇല്ലാതാക്കണം.

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ഡിജിറ്റല്‍ പാഠശാല പദ്ധതിയിലൂടെ സ്ത്രീകളുടെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ സ്മാര്‍ട്ട് ഫോണ്‍, സോഷ്യല്‍ മീഡിയ, ബാങ്കിങ്, നെറ്റ് ബാങ്കിങ്, ഓണ്‍ലൈന്‍ പേയ്‌മെന്റ് സേവനങ്ങള്‍, എടിഎം, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയവ നിത്യജീവിതത്തില്‍ സ്ത്രീ സൗഹൃദമായി ഉപയോഗിക്കുന്നതിനുള്ള പരിശീലനം നല്‍കുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാരങ്ങളുടെ വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഡിജിറ്റല്‍ മേഖലിയില്‍ സ്ത്രീ-പുരുഷ അന്തരം ഇല്ലാതാക്കണമെന്നും ഡിജിറ്റല്‍ ഡിവൈഡിനേയും നൂതന സാങ്കേതികവിദ്യാ രംഗത്തെ തൊഴിലന്തരത്തേയും സൈബര്‍ കുറ്റകൃത്യങ്ങളേയുമൊക്കെ മറികടന്നു വേണം നൂതന സാങ്കേതികവിദ്യയെ ലിംഗസമത്വത്തിനായുള്ള ഉപാധിയായി ഉപയോഗിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂതന സാങ്കേതികവിദ്യയും ഡിജിറ്റല്‍ സൗകര്യങ്ങളും ജനങ്ങളില്‍ എത്തിക്കുന്നതില്‍ ലോകത്തു വലിയ അന്തരം നിലനില്‍ക്കുന്നു. സാമ്പത്തികമായ വശങ്ങള്‍ക്കു പുറമേ സാമൂഹികമായ മറ്റൊരു വശംകൂടി ഇതിനുണ്ട്. ലോകത്ത് 60 ശതമാനം സ്ത്രീകള്‍ മാത്രമേ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുള്ളൂ. പുരുഷന്മാര്‍ 75 ശതമാനത്തോളം വരും. ഇന്ത്യയുടെ കാര്യമെടുത്താല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന വനിതകള്‍ 30 ശതമാനത്തോളമേ ഉള്ളൂ. വലിയ അന്തരം നിലനില്‍ക്കുന്നത് ഇതില്‍നിന്നു വ്യക്തമാണ്.

ഡിജിറ്റല്‍ മേഖലയിലെ സ്ത്രീ-പുരുഷ അന്തരം കുറയ്ക്കുന്നതിനു സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷരിച്ചു നടപ്പാക്കുന്നുണ്ട്. കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച ഘട്ടത്തില്‍ വിദ്യാര്‍ഥികളെ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനുകീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ഇതു ലോകശ്രദ്ധ പിടിച്ചുപറ്റി. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണു കേരളം. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. ഇത് പൂര്‍ത്തീകരണത്തോടടുക്കുകയാണ്. പദ്ധതിയുടെ പ്രാഥമികഘട്ടത്തില്‍ ഓരോ നിയമസഭാ മണ്ഡലത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 100 കുടുംബങ്ങള്‍ക്കുവീതം സൗജന്യമായി കെ-ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആകെ സീറ്റുകളുടെ 50 ശതമാനം സ്ത്രീകള്‍ക്കായി നീക്കിവച്ച ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണു കേരളം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവിയില്‍ പകുതിയും സ്ത്രീകള്‍ക്കായി സംവരണം ചെയ്ത ഏക സംസ്ഥാനവും കേരളമാണ്. സ്ത്രീകളുടെ സാമ്പത്തി സ്വയംപര്യാപ്തത ലക്ഷ്യംവച്ച് ആരംഭിച്ച കുടുംബശ്രീ ഇന്നു ലോകത്തിനുതന്നെ മാതൃകയാണ്. കുറഞ്ഞ ശിശുമരണ നിരക്കും മാതൃമരണ നിരക്കും, മികച്ച സ്ത്രീപുരുഷ – അനുപാതം, എന്നിവ നിനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. സ്ത്രീകളുടെ ആയൂര്‍ദൈര്‍ഘ്യം ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തും പൊതുവിദ്യാഭ്യാസ രംഗത്തും സ്ത്രീകളുടെ അനുപാതം പുരുഷന്മാരേക്കാള്‍ കൂടുതലാണ്. എന്നാല്‍ തൊഴില്‍ രംഗത്തു സ്ത്രീകളുടെ സാന്നിധ്യം കുറവാണ്. പ്രത്യേകിച്ച്, നൂതന വ്യവസായങ്ങളിലും ഉത്പാദനോന്മുഖ തൊഴിലുകളിലും സ്ത്രീ പങ്കാളിത്തം കുറവാണ്. ഇതിനെ തട്ടിനീക്കി മാത്രമേ സ്ത്രീ പുരുഷ സമത്വമെന്ന ആശയത്തിലേക്കു നീങ്ങാനാകൂ. ഇതിനുള്ള വിവിധ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.

സ്ത്രീ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യംവച്ചുള്ള പദ്ധതികള്‍ ഇത്തവണത്തെ ബജറ്റിലും മുന്നോട്ടുവച്ചിട്ടുണ്ട്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്കു വലിയ പ്രാധാന്യം നല്‍കിയുള്ള പദ്ധതികളാണു നടപ്പാക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം കൈവരിച്ചാല്‍ മാത്രമേ വനിതകള്‍ക്കു സാമൂഹിക മുന്നേറ്റം കൈവരിക്കാന്‍ കഴിയൂ. അതിന് ഏറെ ആവശ്യം തൊഴില്‍ ലഭ്യമാക്കുകയെന്നതാണ്. ഇതിന് കേരള നോളഡ്ജ് ഇക്കോണമി മിഷനിലൂടെ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ കൂടുതലായി എത്തിച്ചേരേണ്ടതുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലോകം വലിയ രീതിയില്‍ സാങ്കേതികമായി മുന്നേറ്റം നടത്തുമ്പോള്‍ സ്ത്രീകള്‍ പിന്തള്ളപ്പെട്ടു പോകുന്ന സാഹചര്യം ഉണ്ടാകരുത്. സംസ്ഥാനത്ത് സ്ത്രീകളെ സാങ്കേതിക മേഖലയില്‍ മുന്നേറ്റമുണ്ടാക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടിയിട്ടുള്ളൊരു തുടക്കം കൂടിയാണ് വനിത ദിനത്തോടനുബന്ധിച്ച് നടത്തുന്നത്. തൊഴില്‍ മേഖലകളില്‍ പിന്തള്ളപ്പെട്ട് പോകാന്‍ പാടില്ല. അതിനായി വനിത വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ സ്‌കില്ലിംഗ് പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചു വരുന്നു. ലൈംഗികാതിക്രമങ്ങള്‍ ചെറുക്കാന്‍ പോഷ് ആക്ട് ഫലപ്രദമായി നടപ്പിലാക്കി വരുന്നു. വനിത ശിശുവികസന വകുപ്പ് ഈ വര്‍ഷം സംസ്ഥാനത്ത് എത്ര സ്ഥാപനങ്ങളില്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള കമ്മിറ്റികളുണ്ടെന്നും അവ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, വി.കെ. പ്രശാന്ത് എം.എല്‍.എ. എന്നിവര്‍ മുഖ്യാതിഥികളായി. മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക, പ്ലാനിംഗ് ബോര്‍ഡ് അംഗം മിനി സുകുമാര്‍, വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടി, ജെന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി.കെ. ആനന്ദി, ബിന്ദു ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.

കെ.സി. ലേഖ, നിലമ്പൂര്‍ ആയിഷ, ലക്ഷ്മി എന്‍. മേനോന്‍, ഡോ. ആര്‍.എസ്. സിന്ധു എന്നിവര്‍ക്ക് മുഖ്യമന്ത്രി വനിതാരത്‌ന പുരസ്‌കാരം സമ്മാനിച്ചു.

Author