ഫിലഡൽഫിയ: ഇന്ത്യയിലേയ്ക്കും കേരളത്തിലേയ്ക്കും എളുപ്പത്തിൽ കണക്ഷൻ ഫ്ലൈറ്റുകൾ ലഭിക്കുന്ന എയർപോർട്ടുകളിലേയ്ക്ക്, ഫിലഡൽഫിയയിൽ നിന്ന്, കൂടുതൽ ഫ്ളൈറ്റുകൾ ആരംഭിയ്ക്കണമെന്ന നിവേദനങ്ങൾ, ഓർമാ ഇൻ്റർനാഷണൽ ഭാരവാഹികൾ, എയർ ഇന്ത്യ, എമെറയ്റ്റ്സ്, ഇത്തിഹാദ്, കുവൈറ്റ് എയർവേസ്സ് അധികാരികൾക്ക് നൽകി. സിറ്റി ഓഫ് ഫിലഡൽഫിയയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഫിലഡൽഫിയാ ഇൻ്റർ നാഷനൽ എയർപോർട്ട്. കൂടുതൽ ഫ്ളൈറ്റ് സർവീസ് ലഭ്യമാക്കുന്നതിന്, ഫിലഡൽഫിയാ സിറ്റി അധികൃതർ റിലീസ് ചെയ്യേണ്ട കത്തിടപാടുകൾക്ക്, അവരുമായി, ഓർമാ ഭാർവാഹികൾ ചർച്ചകൾ നടത്തി. നടപടികൾ തുടരുകയാണ്. ഓർമാ ഇൻ്റനാഷണൽ പബ്ളിക് അഫയേഴ്സ് ചെയർമാൻ വിൻസൻ്റ് ഇമ്മാനുവേൽ, ഓർമാ പ്രസിഡൻ്റ് ജോർജ് നടവയൽ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ഓർമാ ടാലൻ്റ് പ്രമൊഷൻ ഫോറം ചെയർ ജോസ് തോമസ്, ഓർമാ ഇൻ്റർനാഷണൽ ലീഗൽ സെൽ ചെയർ അറ്റേണി ജോസഫ് കുന്നേൽ, ഓർമാ സ്പോട്സ് കൗൺസിൽ ചെയർ മാനുവൽ തോമസ് എന്നിവരാണ് ഈ കമ്മിറ്റിയിലുള്ളത്.
നിലവിൽ ഫിലഡൽഫിയയിൽ നിന്ന് കൊച്ചിയ്ക്കുള്ള ഖത്തർ എയർവെയ്സിൻ്റെ സർവീസിന് താങ്ങാനാവാത്ത വിധം യാത്രക്കാരുടെ വർദ്ധനവുണ്ടായിരിക്കുന്നു. ഫ്ളൈറ്റ് റ്റിക്കറ്റ് ചാർജും കൂടിയിരിക്കുന്നു. പെൻസിൽവേനിയാ, ഡെലവേർ, സൗത്ത് ജേഴ്സി എന്നീ പ്രദേശങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും, മിഡിൽ ഈസ്സ്റ്റിലേക്കും, ഏഷ്യൻ രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാർക്ക് ആശ്വാസമാകാൻ എയർ ഇന്ത്യ, എമിറേട്സ്, ഇത്തിഹാദ്, കുവൈറ്റ് എയർവേസുകളുടെ കൂടുതൽ ഫ്ളൈറ്റുകൾ ആരംഭിക്കേണ്ടതുണ്ട്. ദൗത്യ വിജയത്തിന് നിരന്തര ശ്രമങ്ങൾ തുടരും.
സിറ്റി ഓഫ് ഫിലഡൽഫിയാ അഡ്മിനിസ്റ്റ്റേഷനിൽ, അന്നത്തെ സിറ്റി കൗൺസിൽ മെംബറായിരുന്ന അൽടോബൻ ബെർഗർ മുഖേന, ഓർമാ ഇൻ്റനാഷണൽ, നിവേദനങ്ങൾ നൽകി. അങ്ങനെ, ഖത്തർ എയർവേസിൻ്റെ ഫ്ളൈറ്റ്, ഫിലഡൽഫിയയിൽ നിന്ന് കൊച്ചിയ്ക്ക് നേടുവാനായ അനുഭവം, മൾട്ടി എയർവേസ് നിവേദനത്തിന് പ്രചോദനമായി.