ചെറുധാന്യ ഭക്ഷ്യവിഭവ പ്രദര്‍ശന മത്സരവും ഏകദിന സെമിനാറും

Spread the love

ചെറുധാന്യ വര്‍ഷം 2023 ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

തിരുവനന്തപുരം: ഐക്യരാഷ്ട്ര സംഘടന 2023 അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി (Millet year) പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പ് ചെറുധാന്യ ഭക്ഷ്യവിഭവ പ്രദര്‍ശന മത്സരവും ഏകദിന സെമിനാറും സംഘടിപ്പിക്കുന്നു. മാര്‍ച്ച് 22 ബുധനാഴ്ച രാവിലെ 10 മണിക്ക് മസ്‌കറ്റ് ഹോട്ടലില്‍വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നഗരസഭ മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യാതിഥിയാകും.

ചെറുധാന്യ ഭക്ഷ്യവിഭവ പ്രദര്‍ശന മത്സരത്തില്‍ വിജയികളാകുന്നവര്‍ക്കും ചെറുധാന്യ ഭക്ഷ്യവിഭവ മേള സ്‌കൂള്‍ തലത്തില്‍ മാതൃകാപരമായി സംഘടിപ്പിച്ച തൃശൂര്‍ എരുമപ്പെട്ടി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിനുമുള്ള പുരസ്‌കാരം മന്ത്രി വിതരണം ചെയ്യും.

ഇതിനോടനുബന്ധിച്ച് രാവിലെ 6 മണിക്ക് കനകക്കുന്ന് കൊട്ടാരവളപ്പില്‍ നിന്നും തുടങ്ങുന്ന വാക്കത്തോണ്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഡോ. വീണ എന്‍. മാധവന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 മണിവരെ തിരുവനന്തപുരം കിഴക്കേക്കോട്ട ഗാന്ധിപാര്‍ക്ക് മൈതാനത്ത് വച്ച് ചെറുധാന്യ വിഭവങ്ങളുടെ പ്രദര്‍ശനവും വീഡിയോ പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്.

പോഷണത്തിന്റെ കാര്യത്തില്‍ അരിയേക്കാളും ഗോതമ്പിനെക്കാളും ബഹുദൂരം മുന്‍പിലാണ് ചെറുധാന്യങ്ങള്‍. ഇതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് ഐക്യരാഷ്ട്ര സംഘടന 2023 അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി ആചരിക്കുന്നത്.

Author