ബേക്കേഴ്സ് അസോസിയേഷന്‍ കേരളയും കാര്‍ഗിലും ധാരണാ പത്രം ഒപ്പിട്ടു

Spread the love

കൊച്ചി: നൂതനവും ആരോഗ്യപ്രദവുമായ ഭക്ഷ്യ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനായി ഭക്ഷ്യ ഉത്പാദന രംഗത്തെ പ്രമുഖരായ കാര്‍ഗിലും ബേക്കേഴ്‌സ് അസോസിയേഷന്‍ കേരളയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഈ പങ്കാളിത്തത്തിലൂടെ ഭക്ഷ്യ ചേരുവകള്‍, സാങ്കേതികവിദ്യ, നവീകരണം എന്നിവയില്‍ കാര്‍ഗിലിനുള്ള ആഗോള വൈദഗ്ധ്യം കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയും സംസ്ഥാനത്തെ ബേക്കറി വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കുകയും ചെയ്യും. ബേക്ക് പ്രസിഡന്റ് വിജേഷ് വിശ്വനാഥിന്റെയും കാര്‍ഗിലിന്റെ ദക്ഷിണേഷ്യയിലെ ഫുഡ് ഇന്‍ഗ്രീഡിയന്റ്സ് ബിസിനസ് മാനേജിംഗ് ഡയറക്ടര്‍ സൈമണ്‍ ജോര്‍ജിന്റെയും സാന്നിധ്യത്തില്‍ ഗുഡ്ഗാവിലെ കാര്‍ഗില്‍ ഇന്നൊവേഷന്‍ സെന്ററില്‍വച്ചാണ് ധാരണാപത്രം ഒപ്പുവച്ചത്.

ഇതിന്റെ ഭാഗമായി കേരളത്തിലെ ബേക്കര്‍മാരുടെ അറിവും വൈദഗ്ധ്യവും വര്‍ധിപ്പിക്കുന്നതിനായി കാര്‍ഗില്‍ ശില്‍പശാലകളും സെമിനാറുകളും നടത്തും. ഇതിലൂടെ മികച്ച ബേക്കറി ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാന്‍ ബേക്കര്‍മാരെ പ്രാപ്തരാക്കും. കേരളത്തില്‍ ലഭ്യമായ ബേക്കറി ഉല്‍പന്നങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്ന പുതിയ വൈദഗ്ധ്യങ്ങളും സാങ്കേതിക വിദ്യകളും ബേക്കര്‍മാരെ പഠിക്കാന്‍ ‘ട്രെയിന്‍ ദി ട്രെയിനര്‍’ പ്രോഗ്രാമുകളും കാര്‍ഗില്‍ നടത്തും.

കാര്‍ഗിലും ബേക്കും ഗവേഷണത്തിലും ഇന്നൊവേഷനിലും ഒരുമിക്കുന്നത് കേരളത്തിലെ ചെറുകിട, ഇടത്തരം ബേക്കറികളെ വലിയ രീതിയില്‍ സഹായിക്കും. കാര്‍ഗില്‍ അതിന്റെ ആഗോള പ്രവണതകള്‍, സ്ഥിതിവിവരക്കണക്കുകള്‍, പ്രാദേശിക സാങ്കേതിക വൈദഗ്ധ്യം എന്നിവ ഉപയോഗിച്ച് ഉല്‍പ്പന്ന നവീകരണം, ആരോഗ്യം, പുതുമ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കും. ഈ കൂട്ടുകെട്ട് ഭാവിയില്‍ ഒരുമിച്ച് മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കാനുള്ള വലിയ സാധ്യതകള്‍ തുറക്കുന്നുവെന്ന് കാര്‍ഗിലിന്റെ ദക്ഷിണേഷ്യയിലെ ഫുഡ് ഇന്‍ഗ്രീഡിയന്റ്സ് ബിസിനസ് മാനേജിംഗ് ഡയറക്ടര്‍ സൈമണ്‍ ജോര്‍ജ് പറഞ്ഞു. ബേക്കറി വിഭാഗത്തിന് ശക്തമായ വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ കാര്‍ഗിലുമായുള്ള ഈ സഹകരണം അനന്തമായ അവസരങ്ങള്‍ നല്‍കുമെന്ന് ബേക്ക് പ്രസിഡന്റ് വിശ്വനാഥ് പറഞ്ഞു.

Aishwarya

Author