മര്‍ദ്ദന വീരനായ തൃപ്പൂണിത്തുറ സി.ഐയെ രക്ഷിക്കാന്‍ സി.പി.എം ജില്ലാ നേതൃത്വം ശ്രമിക്കുന്നു – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

മര്‍ദ്ദന വീരനായ തൃപ്പൂണിത്തുറ സി.ഐയെ രക്ഷിക്കാന്‍ സി.പി.എം ജില്ലാ നേതൃത്വം ശ്രമിക്കുന്നു; മുഖ്യമന്ത്രി ഒക്കത്ത് വച്ചിരിക്കുന്ന ബ്രഹ്‌മപുരത്തെ കരാറുകാരനെതിരെ കമ്മീഷണര്‍ എങ്ങനെ റിപ്പോര്‍ട്ട് നല്‍കും?

കൊച്ചി : പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ഇരുമ്പനം സ്വദേശി മനോഹരനെ എസ്.ഐ അടിച്ചതിന് ദൃക്‌സാക്ഷിയുണ്ടായിരുന്നു. വാഹനത്തിലും സ്‌റ്റേഷനിലും വച്ച് നിരവധി പേരാണ് അദ്ദേഹത്തെ മര്‍ദ്ദിച്ചത്. സി.ഐ ഉള്‍പ്പെടെയുള്ളവര്‍ ഉത്തരവാദികളാണ്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷന്‍ ലോക്കപ്പ് മര്‍ദ്ദനത്തിന്റെ കേന്ദ്രമാണ്. വാദികളെയും പ്രതികളെയും സി.ഐ മര്‍ദ്ദിക്കും. മര്‍ദ്ദന വീരനാണ് സി.ഐ. പാന്റിന്റെ പോക്കറ്റില്‍ കയ്യിട്ട് നിന്നതിന്റെ പേരില്‍ 18 വയസുകാരനെ

മര്‍ദ്ദിച്ച് നട്ടെല്ല് പൊട്ടിച്ചു. ഇത് സംബന്ധിച്ച് കമ്മീഷണര്‍ക്ക് മുന്നില്‍ പരാതിയുണ്ട്. പിതാവ് നിയമസഭയിലെത്തി എന്നോട് പരാതി പറഞ്ഞതിനെ തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കണമെന്ന് കമ്മീഷണറെ വിളിച്ച് ആവശ്യപ്പെട്ടതാണ്. എന്നിട്ടും നടപടിയെടുത്തില്ല. സി.ഐയെ രക്ഷിക്കാന്‍ ജില്ലയിലെ സി.പി.എം നേതൃത്വം സജീവമായുണ്ട്. വഴിയെ പോകുന്ന ആളുകളെ പൊലീസ് തല്ലിക്കൊല്ലുമെന്ന അവസ്ഥയില്‍ ജനങ്ങള്‍ എങ്ങനെ ജീവിക്കും? കസ്റ്റഡി മരണമുണ്ടായിട്ടും ലാഘവത്തോടെയാണ് സര്‍ക്കാര്‍ അതിനെ കൈകാര്യം ചെയ്യുന്നത്. ഇത് അംഗീകരിക്കാനാകില്ല. ശക്തമായ സമരവുമായി യു.ഡി.എഫ് മുന്നോട്ട് പോകും.

മുഖ്യമന്ത്രിയും മന്ത്രിമാരും ബ്രഹ്‌മപുരത്തെ കരാറുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. കരാറുകാരന്റെ പ്രസക്തിയെ കുറിച്ച് നിയമസഭയില്‍ പത്ത് മിനിട്ടാണ് തദ്ദേശ വകുപ്പ് മന്ത്രി സംസാരിച്ചത്. അങ്ങനെയുള്ളപ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും താഴെയുള്ള കമ്മീഷണര്‍ കരാറുകരനെതിരെ എങ്ങനെയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്? മുഖ്യമന്ത്രി കരാറുകാരനെ ഒക്കത്തെടുത്ത് നടക്കുകയാണ്. വെയിലത്ത് തീപിടിച്ചെന്നാണ് കണ്ടെത്തല്‍. വെയിലത്ത് അഞ്ച് സ്ഥലത്തും ഓരേ സമയം തീ പിടിക്കുന്നത് എങ്ങനെയാണ്? 54 കോടിയുടെ കരാറില്‍ 11 കോടി വാങ്ങി പോക്കറ്റില്‍ ഇട്ടിട്ട് ഒരു ലോഡ് മാലിന്യം പോലും നീക്കം ചെയ്തില്ല. കരാര്‍ അവസാനിക്കാറായപ്പോള്‍ മാലിന്യം കത്തിച്ചു കളഞ്ഞതാണ്. കത്തിയ മാലിന്യം നീക്കിയാതാണെന്ന് പറഞ്ഞ് കരാറുകാരന് ബാക്കി പണം കൂടി നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. ജനങ്ങളെ വിഷപ്പുകയില്‍ നിര്‍ത്തിയ സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷണര്‍ 26 ദിവസമെടുത്തത് എന്തിനാണ്? ആരാണ് കമ്മീഷണര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്? കരാറുകാരനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ഇറങ്ങിയിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യമെ തന്നെ അറിഞ്ഞത് എങ്ങനെയാണ്? തീപിടിത്തം കണ്ടെത്താനുള്ള എന്തെങ്കിലും യന്ത്രം അവിടെ സ്ഥാപിച്ചിട്ടുണ്ടോ? മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കണ്ടെത്തലിന് വിരുദ്ധമായ റിപ്പോര്‍ട്ട് പൊലീസിന് നല്‍കാനാകില്ല. സി.പി.എമ്മിന് വേണ്ടപ്പെട്ടയാളാണ് കരാറുകാരന്‍. അതുകൊണ്ടാണ് കരാറുകാരന് വേണ്ടി എല്ലാ കോര്‍പറേഷനുകളിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ച് സമ്മര്‍ദ്ദം ചെലുത്തിയത്.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട് നിയമപരമായ നിരവധി മാര്‍ഗങ്ങള്‍ മുന്നിലുണ്ട്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തയാറെടുപ്പുകളും നടത്തിക്കൊണ്ടിരിക്കുകയാണ്. 2024 ലെ തെരഞ്ഞെടുപ്പ് നേരിടാനുള്ള തയാറെടുപ്പ് യു.ഡി.എഫ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നില്ല. ഉപതെരഞ്ഞെടുപ്പ് വന്നാല്‍ അതേക്കുറിച്ച് അപ്പോള്‍ ആലോചിക്കും.

Author