നികുതിക്കൊള്ളക്കെതിരെ ഏപ്രിൽ ഒന്നിന് യുഡിഎഫ് കരിദിനമെന്ന് എംഎം ഹസ്സന്‍

Spread the love

ജനദ്രോഹ നികുതികള്‍ പ്രാബല്യത്തില്‍ വരുന്ന ഏപ്രിൽ ഒന്നിന് സംസ്ഥാന വ്യാപകമായി യുഡിഎഫ് കരിദിനം ആചരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു.മുഴുവൻ പഞ്ചായത്തിലും നഗരങ്ങളിലും പകൽസമയത്ത് യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ച് കറുത്ത കൊടി ഉയർത്തി പന്തം കൊളുത്തി പ്രതിഷേധിക്കും. ഒരു നിയന്ത്രണവും ഇല്ലാത്ത അശാസ്ത്രീയമായ നികുതി വര്‍ധനവാണ് എല്ലാ മേഖലകളിലും അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇന്ധന വില കുതിച്ചുയരുന്നതിനിടയിലാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആറ് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ നികുതി കൊള്ളയാണ് ഈ ബജറ്റിലുണ്ടായിരിക്കുന്നത്. 3000 കോടിയുടെ നികുതിക്ക് പുറമെ കെട്ടിട നികുതിയായി 1000 കോടി പിരിച്ചെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതോടെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന നികുതിഭാരം 4000 കോടി രൂപയാകും. സമസ്തമേഖലയിലും വിലവര്‍ധനവിന് കാരണമാകുന്ന നികുതിക്കൊള്ളയാണ് ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയിലും ജനജീവിതത്തിലും ദുരിതം അടിച്ചേല്‍പ്പിക്കുന്ന അശാസ്ത്രീയ നികുതികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാക്കണം. സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും തലയില്‍ അധികഭാരം അടിച്ചേല്‍പ്പിച്ചുള്ള നികുതി കൊള്ളയ്‌ക്കെതിരെയാണ് യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കുന്നതെന്നും അത് വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്നും ഹസ്സന്‍ പറഞ്ഞു.

പദ്ധതി വിഹിതം നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളെ അവഗണിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 31 എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്നിലും യുഡിഎഫ് അംഗങ്ങള്‍ രാവിലെ ഒരു മണിക്കൂര്‍ കുത്തിയിരുപ്പ് സമരം സംഘടിപ്പിക്കും. രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വത്തിന് അയോഗ്യകല്‍പ്പിച്ച ജനാധിപത്യ ധ്വംസനത്തിനും പൊതുസമ്പത്ത് അദാനിക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുന്ന ബിജെപി സര്‍ക്കാരിന്‍റെ അഴിമയിലും പ്രതിഷേധിച്ചും ഫാസിസ്റ്റ് വിരുദ്ധപോരാട്ടം നടത്തുന്ന രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും യുഡിഎഫ് ജനപ്രതിനിധികളും സംസ്ഥാന ജില്ലാ നേതാക്കളും ഏപ്രിൽ 5 ന് രാജ്ഭവന് മുന്നിൽ പ്രതിഷേധ സത്യഗ്രഹം നടത്തുമെന്നും എംഎം ഹസ്സന്‍ അറിയിച്ചു.

Author