‘ഗിരിജാഭവനം’ നിർമിച്ചുനൽകി ലയൺസ്‌ ക്ലബ്ബ്

Spread the love

തൃശൂർ: ഭാര്യക്കും മകൾക്കും അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള ഒരു വീട്. അതായിരുന്നു വെങ്ങിണിശ്ശേരി ഏറാട്ട് ഉണ്ണികൃഷ്ണന്റെ ആഗ്രഹം. ആ ആഗ്രഹപൂർത്തീകരണത്തിന് പക്ഷേ വിധി സമ്മതിച്ചില്ല. ഉണ്ണികൃഷ്ണന്റെ പ്രതീക്ഷകൾക്കുമേൽ അകാലമരണം കരിനിഴൽ വീഴ്ത്തി. ഉണ്ണികൃഷ്ണന്റെ മരണം തീർത്ത ശൂന്യത ഭാര്യ ഗിരിജക്ക് മുൻപിൽ ചോദ്യചിഹ്നമായി മാറി. ഏതു നിമിഷവും പൊളിഞ്ഞുവീഴാറായ വീടിനുള്ളിൽ മകളെയും കൊണ്ട് എത്രനാൾ

കഴിയുമെന്ന അങ്കലാപ്പിലായി ഗിരിജ. വിഷയം ലയൺസ്‌ ക്ലബ്ബിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ പിന്നീടെല്ലാം ശരവേഗത്തിലായിരുന്നു. നിർദ്ധനർക്കുവേണ്ടി ലയൺസ്‌ ക്ലബ്ബ് നടത്തിവരുന്ന ഹോം ഫോർ ഹോംലസ് പദ്ധതിയിലുൾപ്പെടുത്തി നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം ഡിസ്ട്രിക്ട് ഗവർണ്ണർ സുഷമ നന്ദകുമാർ നിർവഹിച്ചു. കോടന്നൂർ ലയൺസ്‌ ക്ലബ്ബ് പ്രസിഡന്റ് ഷണ്മുഖൻ അധ്യക്ഷത വഹിച്ചു.

സമൂഹത്തിലെ നിരാലംബർക്കും വിധവകൾക്കും കൈത്താങ്ങാകുന്ന, ലയൺസ്‌ ക്ലബ്ബിന്റെ സ്വപ്ന പദ്ധതിയായ ഹോം ഫോർ ഹോംലസിന്റെ കീഴിൽ നിരവധി വീടുകളാണ് ഇതിനോടകം നിർമിച്ചു നൽകിയത്. വിധിയുടെ ക്രൂരതയ്ക്ക് മുന്നിൽ അന്ധാളിച്ചു നിൽക്കുന്ന പാവങ്ങളെ ചേർത്തുപിടിച്ചുകൊണ്ടു ലയൺസ്‌ ക്ലബ് അധികൃതർ, ഉറവ വറ്റാത്ത മനുഷ്യസ്‌നേഹത്തിന്റെ പുതു ചരിത്രം സൃഷ്ടിക്കുകയാണ്. ചടങ്ങിൽ ലയൺസ്‌ ക്ലബ്ബ് ഡിസ്ട്രിക്ട് ചീഫ് കോർഡിനേറ്റർ കെ എം അഷ്‌റഫ്, മണപ്പുറം ഫൗണ്ടേഷൻ ജനറൽ മാനേജർ ജോർജ് മൊറേലി, പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത സുഭാഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയിംസ് പി പോൾ, വാർഡ് മെമ്പർ ജുബി മാത്യു, കോടന്നൂർ ലയൺസ്‌ ക്ലബ്ബ് സെക്രട്ടറി രമേഷ് ടി എസ്, ട്രഷറർ ബൈജു ഇ എ, ക്ലബ്ബ് ഭാരവാഹികളായ എം കെ ശിവദാസൻ, ജയകൃഷ്ണൻ, സുരേഷ്ബാബു എന്നിവർ പങ്കെടുത്തു.

Ajith V Raveendran