പത്തനംതിട്ട കുറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ കന്നുകാലികള്‍ക്കും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ മൈക്രോ ചിപ്പ് സംവിധാനം ഏർപ്പെടുത്തുന്നു. നിലവില്‍ ഉപയോഗിച്ച് വരുന്ന പ്ലാസ്റ്റിക് ടാഗ് സംവിധാനത്തിന് പകരമായി, അവയുടെ ന്യൂനതകളെല്ലാം പരിഹരിച്ച് പകരം നടപ്പാക്കുന്ന പുതിയ തിരിച്ചറിയല്‍ സംവിധാനമാണ് ആര്‍എഫ്ഐഡി( റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) ടാഗിംഗ്. മൃഗ സംരക്ഷണവകുപ്പിന്റെ ഇ സമൃദ്ധ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
ബയോ കോമ്പാക്റ്റബിള്‍ ഗ്ലാസുകൊണ്ടു നിര്‍മിച്ച, 12 മില്ലിമീറ്റര്‍ നീളവും രണ്ടു മില്ലിമീറ്റര്‍ വ്യാസവും ഉള്ള, മൃഗങ്ങളുടെ തൊലിക്കടിയില്‍ നിക്ഷേപിക്കാവുന്നതും യാതൊരുവിധ റിയാക്ഷന്‍ ഉണ്ടാക്കാത്തതുമായ ഇലക്ട്രോണിക് ചിപ്പ് ആണ് കന്നുകാലികളില്‍ ഘടിപ്പിക്കുന്നത്. ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ള 15 അക്ക തിരിച്ചറിയല്‍ നമ്പര്‍ സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ വഴി ഇ-സമൃദ്ധ സോഫ്റ്റ് വെയറില്‍ എത്തുകയും അതിലുള്ള വിവരശേഖരത്തില്‍നിന്നും വിവരങ്ങള്‍ കര്‍ഷകര്‍ക്കും സാങ്കേതിക ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കുന്നതിനും ഇ-സമൃദ്ധ പദ്ധതിപ്രകാരം വിവരങ്ങള്‍ വിശകലനം ചെയ്യാനും സാധിക്കും.