കെപിസിസി യുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖര്‍ഗെ ഉദ്ഘാടനം ചെയ്തു. വൈക്കം കായലോരത്തുള്ള സമ്മേളന നഗരി ടി കെ മാധവന്‍ നഗറിലെ പടുകൂറ്റന്‍ സമ്മേളന പന്തല്‍ നിറഞ്ഞു കവിഞ്ഞ് വൈക്കം നഗരത്തില്‍ പടര്‍ന്നൊഴുകിയ ജനക്കൂട്ടം അരലക്ഷത്തിലേറെയെത്തി എന്നാണ് സംഘാടക സമിതിയുടെ വിലയിരുത്തല്‍. വിപുലമായ മുന്നൊരുക്കങ്ങളാണ് ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് കെപിസിസി നടത്തിയത്.
സമ്മേളനത്തിന് മുന്നോടിയായി ആറ് പ്രചരണ ജാഥകള്‍ കെപിസിസി സംഘടിപ്പിച്ചു. ടി കെ മാധവന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നുമാരംഭിച്ച നാലു ദിവസത്തെ ദീപശിഖാ പദയാത്ര അടൂര്‍ പ്രകാശ് എംപി നയിച്ചു. തിരുവനന്തപുരം അരുവിപ്പുറത്തു നിന്നാരംഭിച്ച കേരള നവോത്ഥാന സ്മൃതിയാത്ര കൊടിക്കുന്നില്‍ സുരേഷ് എംപി നയിച്ചു. ശ്രീനാരായണ ഗുരുദേവന്റെ ഛായാചിത്രം അരുവിപ്പുറം മഠാധിപതി സാന്ദ്രാനന്ദ സ്വാമികളും ശംഖുമുഖത്ത് മന്നത്തു പദ്മനാഭന്റെ ഛായാചിത്രം എന്‍ എസ് എസ് യൂണിയന്‍ പ്രസിഡന്റ് സംഗീത് കുമാറും വെങ്ങാനൂരില്‍ അയ്യങ്കാളിയുടെ ഛായാചിത്രം വി എം സുധീരനുമാണ് കൈമാറിയത്. മഹാത്മജി ഛായാചിത്ര ജാഥ നയിച്ചത് എം എം ഹസ്സനാണ്. തമിഴ്‌നാട് ഈറോഡ് നിന്നും പെരിയോര്‍ ഇ വി രാമസ്വാമി നായ്ക്കര്‍ ഛായാചിത്രവുമായി ആരംഭിച്ച വൈക്കം വീരര്‍ സ്മൃതിയാത്ര ഇ വി കെ എസ് ഇളങ്കോവനും വി ടി ബാല്‍റാമും നേതൃത്വം കൊടുത്തു. തമിഴ്‌നാട് ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ശ്രീ മുത്തുസ്വാമി ഉദ്ഘാടനത്തില്‍ പങ്കെടുത്തു. വൈക്കം സത്യാഗ്രഹ രക്തസാക്ഷി ചിറ്റേടത്തു ശങ്കുപിള്ള യുടെ സ്മൃതി മണ്ഡപത്തില്‍ നിന്നാരംഭിച്ച രക്തസാക്ഷി സ്മൃതി യാത്ര ആന്റോ ആന്റണി എം പി ആണ് ന യിച്ചത്. കോഴിക്കോട് നിന്നാരംഭിച്ച മലബാര്‍ നവോത്ഥാന സ്മൃതി ജാഥ കെ പി കേശവമേനോന്‍, കെ കേളപ്പന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ ഛായ ചിത്രവുമായി സമ്മേളന നഗരിയിലെത്തി.
പ്രചാരണ ജാഥകള്‍ ഉദ്ഘാടനം ചെയ്തത് പ്രമുഖ നേതാക്കളായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, തമിഴ് നാട് പി സി സി പ്രസിഡന്റ് അഴഗിരി, രമേശ് ചെന്നിത്തല,മുല്ലപ്പള്ളി രാമചന്ദ്രന്‍,ബെന്നിബെഹനാന്‍ എന്നിവരാണ്. ജാഥകളോട് അനുബന്ധിച്ചു നടന്ന നവോത്ഥാന സമ്മേളനങ്ങള്‍ ശശി തരൂര്‍ എംപി, വി എം സുധീരന്‍, തെന്നല ബാലകൃഷ്ണപിള്ള, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്,മാത്യു കുഴല്‍നാടന്‍ എം എല്‍ എ, ഡി സുഗുതന്‍, ആത്മീയ നേതാക്കളായ അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രനന്ദ, ശാന്തി ഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു.
പ്രചരണ ജാഥയോടാനുബന്ധിച്ചുള്ള സ്വീകരണയോഗങ്ങളില്‍ പ്രമുഖ രാഷ്ട്രീയ- സമുദായിക- സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു .
സമ്മേളന നഗരിയിലെത്തിയ ഛായാചിത്ര ജാഥകളില്‍ കൊണ്ടുവന്ന സമര നായകരുടെയും നവോത്ഥന നായകരുടെയും ഛായാചിത്രങ്ങള്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഏറ്റുവാങ്ങി. സമ്മേളന നഗരിയില്‍ സ്ഥാപിച്ച പ്രത്യേക വേദിയില്‍ ഹാരങ്ങള്‍ അണിയിച്ച് സ്ഥാപിച്ചു.
പദയാത്രയായി കൊണ്ടുവന്ന ദീപശിഖ സമ്മേളന നഗരിയില്‍ നിര്‍മ്മിച്ച പ്രത്യേക ദീപശിഖ പീഠത്തില്‍ സ്ഥാപിച്ചു. വൈക്കം സത്യഗ്രഹ സമരത്തിലെ ആദ്യ സമര സേനാനികളായി ക്ഷേത്ര വഴികളിലേക്ക് നടന്ന ഗോവിന്ദ പണിക്കര്‍, ബഹുലേയന്‍, കുഞ്ഞപ്പി എന്നിവരുടെ ശില്പങ്ങള്‍ ആ സ്ഥൂപത്തില്‍ നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു.
വൈക്കം സത്യാഗ്രഹ സ്മരണക്കായി കെപിസിസി തയ്യാറാക്കിയ പ്രചരണ ഗാനം രാജീവ് ആലുങ്കല്‍ രചിച്ച് സംഗീതം നല്‍കി. പ്രശസ്ത ചലച്ചിത്ര താരം രഞ്ജി പണിക്കര്‍ പ്രകാശനം ചെയ്തു.
സമ്മേളന നഗരിയിലും വൈക്കം നഗരത്തില്‍ ഉടനീളവും സത്യഗ്രഹ സമര സേനാനികളുടെയും നവോത്ഥന നായകരുടെയും ചിത്ര ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.
വൈക്കം നഗരത്തില്‍ വൈക്കം സത്യഗ്രഹ സമരനായകരായ ആമചാടി തേവന്‍, ചാത്തുകൂട്ടി നായര്‍, ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള, എന്‍ കുമാരനാശാന്‍ തുടങ്ങിവരുടെ പേരിലുള്ള കവാട ങ്ങള്‍ സ്ഥാപിച്ചിരുന്നു.
വമ്പിച്ച പൊതു സമ്മേളനം ഉച്ചക്ക് മൂന്ന് മണിക്കാരംഭിച്ചു. സമ്മേളനത്തിന്റെ തുടക്കത്തില്‍ രാഹുല്‍ഗാന്ധിക്കു പിന്തുണയര്‍പ്പിച്ചു കൊണ്ട് കറുത്ത തുണികൊണ്ട് വാ മൂടിക്കെട്ടി നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പ്ലക്കാര്‍ഡുയര്‍ത്തി പിന്തുണയര്‍പ്പിച്ചു. ആ സമയം സമ്മേളന വേദിയിലും ഗ്രൗണ്ടിലും സ്ഥാപിച്ചിരുന്ന എല്‍ ഇ ഡി വാളുകളില്‍ രാഹുല്‍ ഗാന്ധിക്കു പിന്തുണ അര്‍പ്പിച്ചു കൊണ്ട് കെപിസിസി തയ്യാറാക്കിയ വീഡിയോ പ്രദര്‍ശിപ്പിച്ചു. കെപിസിസി വൈക്കം സത്യാഗ്രഹ ശാതാബ്ദി ആഘോഷ കമ്മിറ്റിയുടെ ചെയര്‍മാന്‍ വി പി സജീന്ദ്രന്‍ സ്വാഗതം പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വൈക്കം സത്യഗ്രഹത്തെ കുറിച്ച് കെപിസിസി തയ്യാറാക്കിയ വീഡിയോ പ്രദര്‍ശിപ്പിച്ചു. കെ സി ജോസഫ് രാഹുല്‍ ഗാന്ധിയുടെ സന്ദേശം വായിച്ചു. വി ഡി സതീശന്‍, താരിഖ് അന്‍വര്‍, രമേശ് ചെന്നിത്തല, എം എം ഹസ്സന്‍, തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു പ്രസംഗിച്ചു. എ ഐ സി സി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. എ ഐ സി സി പ്രസിഡന്റ് മല്ലികാര്‍ജ്ജുന ഖര്‍ഗെ ഒരൂ മണിക്കൂറോളം നീണ്ട ഉദ്ഘാടന പ്രസംഗം നടത്തി. അദ്ദേഹത്തിന്റെ പ്രസംഗം കെപിസിസി വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി കണ്‍വീനര്‍ എം ലിജു പരിഭാഷപ്പെടുത്തി.
മഹാത്മജി തിരുനെല്‍വേലിയില്‍ വെച്ച് അയിത്തത്തിനെതിരെ പ്രവര്‍ത്തിക്കുവാന്‍ പ്രാവിശ്യ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കൊണ്ട് ടി കെ മാധവനു കൈമാറിയ കത്ത് ആലേഖനം ചെയ്ത ഫലകം
കെപിസിസി യുടെ വൈക്കം സത്യാഗ്രഹ സ്മൃതി ഉപഹാരമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രീ മല്ലികാര്‍ജ്ജുന ഖാര്‍ഗെക്കു കൈമാറി.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് യോഗത്തിന് നന്ദി പറഞ്ഞു.
യോഗത്തില്‍ വിശ്വനാഥ പെരുമാള്‍, കെ മുരളീധരന്‍ എംപി ശശി തരൂര്‍ എംപി, ബെന്നി ബെഹനാന്‍ എംപി, പ്രൊഫ പി ജെ കുര്യന്‍,പാര്‍ലിമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ കെ ബാബു, എംപിമാര്‍, രാഷ്ട്രീയ കാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, എം എല്‍ എ മാര്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായി. പെരിയോറിന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് ചെറുമകന്‍ സഞ്ജയ് സമ്പത്ത്, തമിഴ് നാട് പി സി സി യെ പ്രതിനിധീകരിച്ച് പഴനി സ്വാമി എക്‌സ് എം എല്‍ എ, ഡിസിസി പ്രസിഡന്റ് ഗോപി പളനിയപ്പന്‍, രവി ഈറോഡ്, സിദ്ധിക്ക് എന്നിവര്‍ പങ്കെടുത്തു .
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെപിസിസി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വൈക്കം സത്യാഗ്രഹ ചരിത്ര കോണ്‍ഗ്രസ്, അന്താരാഷ്ട്ര സെമിനാര്‍,വൈക്കം സത്യാഗ്രഹ നായകരുടെ അനുസ്മരണ സമ്മേളനങ്ങള്‍,സാംസ്‌കാരിക പരിപാടികള്‍ വിവിധ സിമ്പോസിയങ്ങള്‍, സമ്മേളനങ്ങള്‍, കലാ മത്സരങ്ങള്‍, എന്നിവ തുടര്‍ മാസങ്ങളില്‍ കെപിസിസി നടത്തുമെന്ന് വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മറ്റി ചെയര്‍മാന്‍ വി പി സജീന്ദ്രന്‍ , കണ്‍വീനര്‍ എം ലിജു എന്നിവര്‍ അറിയിച്ചു.