കെ.പി.സി.സി പ്രസിഡന്റ് ശ്രീ.കെ.സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടിവില്‍ എടുത്ത തീരുമാനങ്ങള്‍

Spread the love

രാഹുല്‍ ഗാന്ധിക്ക് വമ്പിച്ച സ്വീകരണം.

രാഹുല്‍ഗാന്ധിക്കെതിരെ ഗുജറാത്ത് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബൂത്ത് തലംമുതലുള്ള കമ്മിറ്റികള്‍

കെ.പി.സി.സിയുടെ നിര്‍ദേശപ്രകാരം പ്രക്ഷോഭത്തിലാണ്. അയോഗ്യനാക്കപ്പെട്ട ശേഷം ശ്രീ.രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്ന ഏപ്രില്‍ 11 ന് വമ്പിച്ച റാലി സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും.

ഏപ്രില്‍ 13-ാം തീയതി മണ്ഡലം തലത്തില്‍ നൈറ്റ്മാര്‍ച്ച് സംഘടിപ്പിക്കും.

പോസ്റ്റല്‍ കാര്‍ഡ് പ്രചാരണം

ഏപ്രില്‍ 10 മുതല്‍ പോഷക സംഘടനകള്‍/സെല്ലുകളുടെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ സഹായത്തോടെ മോദിയുടെ പ്രവര്‍ത്തികള്‍ ചോദ്യം ചെയ്തുകൊണ്ട് പോസ്റ്റല്‍ കാര്‍ഡ് പ്രചാരണം സംഘടിപ്പിക്കുന്നതാണ്.

മണ്ഡലം ജയ് ഭാരത് സത്യാഗ്രഹം
ഏപ്രില്‍ 10 മുതല്‍ 25 വരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മണ്ഡലം കേന്ദ്രീകരിച്ച് ജയ് ഭാരത് സത്യാഗ്രഹം സംഘടിപ്പിക്കും.

ജില്ലാതല ജയ് ഭാരത് സത്യാഗ്രഹം

ഏപ്രില്‍ 26 മുതല്‍ മെയ് 10 വരെ ജില്ലാ ആസ്ഥാനത്ത് സമ്മേളനം സംഘടിപ്പിക്കുന്നതാണ്.

സംസ്ഥാനതല ജയ് ഭാരത് സത്യാഗ്രഹം

മെയ് 11നും 25നുമിടയില്‍ സംസ്ഥാനതലത്തില്‍ വിപുലമായ ജയ് ഭാരത് സത്യാഗ്രഹം കൊച്ചി കേന്ദ്രീകരിച്ച് നടത്തുന്നതാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി ഇതില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം

കേരള നവോത്ഥാനത്തിലെ അവിസ്മരണീയ സംഭവമായ വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം അതിഗംഭീരമായി നടത്തുവാന്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് കഴിഞ്ഞു .
എല്ലാ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തിയിട്ടും അതിനെയെല്ലാം മറികടക്കുന്ന രീതിയില്‍ സര്‍ക്കാര്‍ പരിപാടിയിയില്‍ ഉണ്ടായതിനേക്കാള്‍ ജനപങ്കാളിത്തം കോണ്‍ഗ്രസ് ഏറ്റെടുത്ത് നടത്തിയ നൂറാം വാര്‍ഷികാഘോഷ പരിപാടിക്ക് ലഭിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് പാര്‍ട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്. ചരിത്രകോണ്‍ഗ്രസ്, സെമിനാറുകള്‍, എക്‌സിബിഷനുകള്‍, ലഘുലേഖകള്‍ തുടങ്ങിയവയോടെ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതാണ്.

ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍

ഭാരത് ജോഡോ യാത്രയുടെ ഐതിഹാസിക വിജയത്തിന് പിന്നാലെ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച രാജ്യവ്യാപകമായ ജനസമ്പര്‍ക്ക പരിപാടി ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്റെ ഒന്നാംഘട്ട പ്രവര്‍ത്തനമായ വീടുവീടാന്തരം കയറിയിറങ്ങിയുള്ള ലഘുലേഖ വിതരണം ജില്ലകളില്‍ വിജയകരമായി മുമ്പോട്ടു പോവുകയാണ്. ഇതിന് ആവശ്യമായ ലഘുലേഖകള്‍ എല്ലാ ഡി.സി.സികളിലും കെ.പി.സി.സി എത്തിച്ചിട്ടുണ്ട്. ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്റെ രണ്ടാംഘട്ടത്തില്‍ എല്ലാ മണ്ഡലങ്ങളിലും പദയാത്രകള്‍ പൂര്‍ത്തിയാക്കണം.

138 ചലഞ്ച്

കെ.പി.സി.സിയുടെ ഫണ്ട് ശേഖരണ പദ്ധതിയായ 138 രൂപ ചലഞ്ച് ഏറ്റവും സുതാര്യമായ രീതിയില്‍ മുമ്പോട്ടു പോവുകയാണ്. ഇതു സംബന്ധിച്ച ജില്ലാതല റിപ്പോര്‍ട്ടുകളില്‍ ചില ജില്ലകള്‍ ഇനിയും ലക്ഷ്യം കൈവരിച്ചിട്ടില്ലെന്നു വിലയിരുത്തി. 138 രൂപ ചലഞ്ച് ഒരു മാസത്തേക്ക് നീട്ടുന്നതാണ്.

സെക്രട്ടേറിയറ്റ് വളയല്‍ മാറ്റി

വൈക്കം സത്യാഗ്രഹ ശതാബ്തി ദിനാഘോഷപരിപാടി കഴിഞ്ഞാല്‍ ഉടന്‍ തന്നെ സെക്രട്ടേറിയറ്റ് വളയലിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങുവാന്‍ തീരുമാനിച്ചിരുന്നതുമാണ്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള പ്രത്യേക സാഹചര്യത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന സമരപരമ്പരകള്‍ക്ക് എഐസിസി രൂപം നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മെയ് 4 നടത്തുവാന്‍ തീരുമാനിച്ചിരുന്ന സെക്രട്ടറിയേറ്റ് വളയല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു.

പുനഃസംഘടന

ജില്ലാതല പുനഃസംഘടനാ ലിസ്റ്റ് മൂന്നു ദിവസത്തിനുള്ളില്‍ ഡി.സി.സി പ്രസിഡന്റും ജില്ലയുടെ ചാര്‍ജ്ജുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് കെ.പി.സി.സിക്ക് നല്‍കണം. ജില്ലകളില്‍ നിന്നും ലിസ്റ്റ് ലഭിച്ചാല്‍ 10 ദിവസത്തിനകം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനതല സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Author