ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം

Spread the love

അവസാന തീയതി ഏപ്രിൽ 20.

പ്രവേശന പരീക്ഷകൾ മെയ് എട്ടിന് തുടങ്ങും.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2023 – 2024 അദ്ധ്യയന വർഷത്തെ എം.എ., എം. എസ്‌സി., എം. എസ്. ഡബ്ല്യു., എം. എഫ്. എ., എം. പി. ഇ. എസ്., പി. ജി. ഡിപ്ലോമപ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുവാനുളള അവസാന തീയതി ഏപ്രിൽ 20ആയിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. പ്രവേശന പരീക്ഷകൾ മെയ് എട്ട്, ഒൻപത്, പതിനഞ്ച്, പതിനാറ് തീയതികളിൽ സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലുമായി നടക്കും. പ്രവേശന പരീക്ഷക്കുളള ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യേണ്ട അവസാന തീയതി ഏപ്രിൽ 28. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എം. എ./എം. എസ്‌സി./എം. എസ്. ഡബ്ല്യു. കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. ഒരു അപേക്ഷകന് മൂന്ന് പ്രോഗ്രാമുകൾക്ക് വരെ അപേക്ഷിക്കാം. ഒന്നിൽ കൂടുതൽ പി. ജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ ഓരോ പി. ജി. പ്രോഗ്രാമിനും പ്രത്യേകം പ്രവേശന പരീക്ഷ ഫീസ് അടയ്‌ക്കേണ്ടതാണ്. വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനുമായി www.ssus.ac.in സന്ദർശിക്കുക.

2) സംസ്കൃത സർവ്വകലാശാലയിലെ വിവിധ കർമ്മപദ്ധതികളുടെ ഉദ്ഘാടനങ്ങൾ

മന്ത്രി ആർ. ബിന്ദു 11ന് നിർവ്വഹിക്കും.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുളള നൂറ് ദിന കർമ്മപരിപാടികളുടെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഉദ്ഘാടനം

ഏപ്രിൽ 11ന് ഉച്ചകഴിഞ്ഞ് 2.30ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അറിയിച്ചു. കൂടിയാട്ടം ഡിജിറ്റലൈസേഷൻ, ക്രിയേറ്റീവ് ലിറ്ററേച്ചർ ഡവലപ്മെന്റ് ഇൻ സാൻസ്ക്രിറ്റ്, സർവ്വകലാശാലയിൽ പുതുതായി ആരംഭിക്കുന്ന സെന്റർ ഫോർ അക്കാദമിക് റൈറ്റിംഗ് എന്നിവയുടെ ഉദ്ഘാടനവും കേരള നോളജ് സീരീസിൽ പ്രസിദ്ധീകരിക്കുന്ന മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും മന്ത്രി നിർവ്വഹിക്കും. കോൺട്രിബ്യൂഷൻ ഓഫ് കേരള ടു വേദാന്തദർശന (ഡോ. വി. ശിശുപാല പണിക്കർ), കേരളത്തിന്റെ സാംസ്കാരികപരിണാമം (ഡോ. എസ്. രാജശേഖരൻ), അലങ്കാരദർശിനി ഓഫ് ഗോവിന്ദ (ഡോ. ബി. നിധീഷ് കണ്ണൻ) എന്നിവയാണ് പ്രകാശനം ചെയ്യുന്ന പുസ്തകങ്ങൾ എന്ന് പ്രൊഫ. എം. വി. നാരായണൻ അറിയിച്ചു.

റോജി എം. ജോൺ എം. എൽ. എ. അധ്യക്ഷനായിരിക്കും. സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. പ്രേംകുമാർ എം. എൽ. എ. മുഖ്യാതിഥിയായിരിക്കും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ആമുഖ പ്രഭാഷണം നടത്തും. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, സിൻഡിക്കേറ്റ് അംഗം പ്രൊഫ. ഡി. സലിംകുമാർ, രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ൻ എന്നിവർ പ്രസംഗിക്കും.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

Author