കേരളത്തിലെ കാടുകളിൽ ആനകളുടെ എണ്ണമെടുക്കാൻ സെൻസസ് നടത്തും

Spread the love

കേരളത്തിലെ കാടുകളിൽ ആനകളുടെ എണ്ണമെടുക്കാൻ ഈ മാസം സെൻസസ് നടത്തുമെന്ന് വനം – വന്യജീവിസംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച വന സൗഹൃദ സദസ്സ് മുക്കം എം.എം.ഒ.ഒ.എസ്.എ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏപ്രിൽ 16, 17, 18, 19 തീയതികളിലായാണ് കേരളത്തിലെ മുഴുവൻ വനങ്ങളിലും സെൻസസ് നടത്തുക. ഇതേ ദിവസങ്ങളിൽ കർണാടക തമിഴ്നാട് സംസ്ഥാനങ്ങളിലെ വനങ്ങളിലും സെൻസസ് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.കാട്ടുപന്നികളെ വെടിവെക്കാൻ ലൈസൻസ് ഉള്ളവരുടെ പ്രതിഫലത്തിന്റെ കാര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പുമായി ചേർന്ന് ചർച്ച നടത്തി തീരുമാനമെടുക്കും. വനസംരക്ഷണ സമിതിയുടെ പ്രവർത്തനം ഊർജിതമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരും ഇതിന് നേതൃത്വം നൽകണം.താമരശ്ശേരി റേഞ്ചിൽ 12 കിലോ മീറ്റർ ഫെൻസിങ്ങ് സ്ഥാപിക്കുന്നതിനായി നബാർഡിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും താമരശ്ശേരി ചുരത്തിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ പിഴ ഈടാക്കുന്ന നടപടികളും സ്വീകരിച്ചു വരുന്നതായും കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. ഇരുവഴഞ്ഞി പുഴയിലെ നീർനായ അക്രമണത്തിന് പരിഹാരം കാണുമെന്നും, ആർ ആർ ടി സേവനം പീടികപ്പാറ സെക്ഷൻ കേന്ദ്രീകരിച്ച് സ്റ്റാഫുകളുടെയും പ്രദേശത്തെ വാച്ചർമാരുടെയും സേവനം ഉപയോഗപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.സ്വയം പുനരധിവാസ പദ്ധതി പ്രകാരം ചക്കിട്ടപ്പാറ പഞ്ചായത്തിൽ 1.6 കോടി രൂപ അനുവദിച്ചതായും ഭൂമി വിട്ടു നൽകിയവരുടെ പുനരധിവാസം പൂർത്തിയാക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും പേരാമ്പ്ര വി.വി ദക്ഷിണമൂർത്തി ടൗൺഹാളിൽ നടന്ന സൗഹൃദ സദസ്സിൽ കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. വയനാട് ബദൽ പാതയ്ക്കുള്ള അനുമതി കേന്ദ്ര സർക്കാരാണ് നൽകേണ്ടതെന്ന് അദ്ദേഹം അറിയിച്ചു.ഓരോ പ്രദേശത്തിനും ആവാസ വ്യവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലുള്ള ആനമതിൽ പ്രതിരോധ സംവിധാനം ഏർപ്പെടുത്തുമെന്നും പെരുവണ്ണാമുഴി വനത്തിൽ 18 കി.മി ഫെൻസിംഗ് ഹാംഗിങ്ങ്, കൂരാച്ചുണ്ടിൽ 5 കി.മി ഫെൻസിംഗ് എന്നിവ സ്ഥാപിക്കാനായി നബാർഡിൽ റിപ്പോർട്ട് സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിലെ വനഭൂമികളിലെ ഇക്കോ ടൂറിസം പ്രദേശത്തിന്റെ അനുമതിക്ക് കേന്ദ്ര അനുമതി വരുന്ന മുറക്ക് തുടർ നടപടികൾ സ്വീകരിക്കും. തോക്ക് ലൈസൻസിനായി ലഭിച്ച 54 അപേക്ഷകളിൽ 35 എണ്ണത്തിന് അനുകൂല നിലപാട് സ്വീകരിച്ചതായും 16 ലൈസൻസിന് അനുമതി നൽകിയതായും 12 അപേക്ഷ നിരസിച്ചതായും അദ്ദേഹം പറഞ്ഞു.

Author