വയനാടിന് അഭിമാനമായി എന്റെ കേരളം, കൈകള്‍ കോര്‍ത്ത് സര്‍ക്കാര്‍ വകുപ്പുകൾ

Spread the love

എന്റെ കേരളം മേള സമാപിച്ചു.

ജില്ലകണ്ട ഏറ്റവും വലിയ പ്രദര്‍ശന വിപണനമേള വയനാടിന് അഭിമാനമായി. പതിനായിരക്കണക്കിനാളുകളാണ് ദിവസവും മേള കാണാനെത്തിയത്. മികവുറ്റതും വൈവിധ്യമായതുമായ സ്റ്റാളുകളും സേവനങ്ങളുമെല്ലാം മേളയെ ജനകീയമാക്കി. വേറിട്ട രുചികളുമായി മേളയില്‍ സജീവമായിരുന്നു കുടുംബശ്രി ഫുഡ്കോര്‍ട്ടും. നാല്‍പ്പതിനായിരത്തിലധികം ചതുരശ്രയടിയില്‍ ശീതികരിച്ച പവലിയനുകളും ആകര്‍ഷണമായിരുന്നു. പ്രതികൂലമായ കാലാവസ്ഥയേയും മറികടന്നാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്റെ കേരളം മേള വന്‍ വിജയമായി മാറിയത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കൈ കോര്‍ത്താണ് മേളയിലെ സ്റ്റാളുകള്‍ പൊതുജനങ്ങള്‍ക്കായി അനുഭവഭേദ്യമാക്കിയത്. വ്യവസായ വകുപ്പിന്റെ ചെറുകിട സംരംഭകരുടെ സ്റ്റാളുകളും മേളയില്‍ അണിനിരന്നിരുന്നു. ആദ്യ ദിനം മുതല്‍ അനുഭവപ്പെട്ട് തിരക്ക് സമാപന ദിവസമായ ഞായറാഴ്ച്ചയും തുടര്‍ന്നു. വിവിധ വകുപ്പുകളുടെ സേവന വിഭാഗങ്ങളിലും വാണിജ്യ സ്റ്റാളുകളിലും സന്ദര്‍ശകരുടെ വന്‍ തിരക്കായിരുന്നു. സാങ്കേതികമായി നവ കേരളത്തിന്റെ ഊര്‍ജ്ജസ്വലമായ മുന്നേറ്റം അടയാളപ്പെടുത്തുന്ന ടെക്‌നോ സോണ്‍, സ്‌പോര്‍ട്്‌സ് കോര്‍ണറുകള്‍, ഫുഡ് കോര്‍ട്ടുകള്‍ എന്നിവ ആകര്‍ഷകങ്ങളായി. വിവിധ വകുപ്പുകള്‍ അവരവരുടെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താനും മത്സരിച്ചു.

ബി.ടു.ബി (ബിസിനസ് ടു ബിസിനസ്) ഏരിയ മേളയുടെ ഇത്തവണത്തെ പ്രത്യേകതയായിരുന്നു. ജില്ലയിലെ സംരംഭകര്‍ക്ക് പുതിയ ദിശാബോധം നല്‍കാന്‍ മീറ്റിന് സാധിച്ചു. നൂറ് കോടിയിലധികം രൂപയുടെ ബിസിനസ് അവസരങ്ങളാണ് മീറ്റിലൂടെ ഒരുങ്ങിയത്. വായ്പ മേളയും വന്‍ വിജയമായി. കെ.എസ്.ഐ.ഡി.സിയ്ക്ക് മാത്രം 150 കോടിയുടെ ലോണ്‍ അപേക്ഷകളാണ് മേളയില്‍ ലഭിച്ചത്. ജില്ലയ്ക്ക് പുറത്തുനിന്ന് കയര്‍ വികസന വകുപ്പിന്റെയും പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്‌സ് തൃശ്ശൂരില്‍ നിന്നുള്ള പൈലറ്റ് സ്മിത്ത് മുബൈയില്‍ നിന്നുള്ള മെഷിനറി യൂണിറ്റുകളും മേളയില്‍ പങ്കെടുത്തു. കോളേജ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പഴയ മാരുതി, ടൂവീലര്‍, ഫോര്‍ വീലര്‍ വാഹനങ്ങളില്‍ പരിവര്‍ത്തനം നടത്തിയ ഇലക്ട്രിക്കല്‍ വാഹനങ്ങള്‍, ജലം ഇന്ധനമാക്കിയ ജനറേറ്ററും നൂതന ആശയങ്ങള്‍ക്കൊപ്പം മേളയുടെ വിസ്മയ കാഴ്ചകളായി. ലൈവ് ഡെമോ ഏരിയകളും സജീവമായിരുന്നു.

കായിക കുതിപ്പിന്റെ നേര്‍ചിത്രം

ജില്ലയുടെ കായിക കുതിപ്പിന്റെ നേര്‍ചിത്രമായി എന്റെ കേരളം മേളയിലെ സ്‌പോര്‍ട്‌സ് കോര്‍ണര്‍. ടേബിള്‍ ടെന്നീസ് മുതല്‍ പഞ്ചഗുസ്തിവരെയും, ബാസ്‌ക്കറ്റ് ബോള്‍ മുതല്‍ ആര്‍ച്ചറിവരെയുമുളള കായിക ഇനങ്ങളെ തൊട്ടറിയാന്‍ പ്രായഭേദമന്യേ ആളുകളെത്തി. നെറ്റ് ബോള്‍ തുടങ്ങി വിവിധ കായിക ഇനങ്ങളിലും ഒരു കൈ നോക്കിയാണ് ഇവരെല്ലാം സ്‌പോര്‍ട്‌സ് കോര്‍ണറില്‍ നിന്നും മടങ്ങിയത്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് വിപുലമായ രീതിയില്‍ ആക്ടിവിറ്റി ഏരിയ ഒരുക്കിയിരുന്നത്. കരാട്ടെ, തൈക്കോണ്ട, ജ്യൂഡോ, കളരി എന്നിവയുടെ പ്രദര്‍ശനവും വിവിധ ദിവസങ്ങളില്‍ അരങ്ങേറി. അത്ലറ്റിക്സ്, ക്രിക്കറ്റ്, തൈക്കൊണ്ട, ഫെന്‍സിംഗ്, ഫുട്ബോള്‍, ബോക്സിംഗ് തുടങ്ങിയ കായിക ഇനങ്ങളെക്കുറിച്ചെല്ലാം വിശദീകരിക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും പരിശീലകരും കായികതാരങ്ങളും നേരിട്ടെത്തി. കിഡ്സ് ജാവ്ലിന്‍ , വിവിധ തൂക്കങ്ങളിലുളള ഷോട്ട്പുട്ട്, ഡിസ്‌കസ്, ഖത്തര്‍ ലോകകപ്പില്‍ ഉപയോഗിച്ച ഫുട്ബോളിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ഫുട്ബോളും പ്രദര്‍ശനത്തിനെത്തിച്ചിരുന്നു.

പ്രതീക്ഷയായി യുവതയുടെ കേരളം

പുതുതലമുറയ്ക്ക് പുതിയ ദിശാബോധം പകര്‍ന്നാണ് യുവതയുടെ കേരളം തീമില്‍ അവതരിപ്പിച്ച യൂത്ത് ബ്ലോക്ക്് മേളയില്‍ ശ്രദ്ധനേടിയത്. വാഹനത്തിന്റെ തുറന്ന ഗിയര്‍ ബോക്സ് മുതല്‍ റോബോട്ടുകളുടെ തലച്ചോറുവരെയും പ്രദര്‍ശനത്തിനെത്തി. മാറുന്ന കാലത്തില്‍ മുന്നേറുന്ന സാങ്കേതിക വിദ്യകള്‍ സാധാരണ ജനങ്ങള്‍ക്കുവേണ്ടിയും പരിചയപ്പെടുത്തുകയായിരുന്നു എന്റെ കേരളത്തിലെ ടെക്നോ സോണ്‍. വയനാട് ഗവ. എഞ്ചിനീയറിങ്ങ് കോളേജാണ് ഇവിടെ ടെക്നോ സോണ്‍ വിഭാവനം ചെയ്തത്. കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാളുകളും ഒപ്പം കോളജ് ക്ലബ്ബുകളായ ജി – ബോട്ട്, ഡ്രോണ്‍ ക്ലബ് എന്നിവയുടെ സ്റ്റാളുകളും സജീവമായി്. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ സാങ്കേതിക വിദ്യയില്‍ വന്ന മാറ്റങ്ങളെ അടുത്തറിയാന്‍ സഹായിക്കുന്ന തരത്തിലാണ് ഈ ടെക്സ്റ്റാളുകള്‍ ക്രമീകരിച്ചിരുന്നത്. ദേശീയ ഹാക്കത്തോണില്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടിയ ക്ലൗഡ് സോഴ്സിന്റെ സഹായത്താല്‍ വികസിപ്പിച്ചെടുത്ത ദുരന്ത നിവാരണ സംവിധാനവും, ജി- ബോട്ട്, ഡ്രോണ്‍ ക്ലബ്ബുകളിലെ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ലൈന്‍ ഫോളോവര്‍ റോബോട്ട്, റോബോട്ടിക് ആം, ഒബ്സ്സ്റ്റക്കിള്‍ അവോയ്ഡിങ് റോബോട്ട്, അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍, ഏരിയല്‍ ഡ്രോണ്‍ തുടങ്ങിയ പലതരത്തിലുള്ള റോബോട്ടുകള്‍ ജനശ്രദ്ധ നേടി. ഇലക്ട്രോണിക്സ് വിഭാഗം അദ്ധ്യാപകന്‍ പ്രൊഫ. അനസിന്റെ നേതൃത്വത്തിലാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിച്ചത്. സാങ്കേതിക വിദ്യാഭ്യാസ രംഗത്തിലെ വിവിധ സാദ്ധ്യതകള്‍ മനസിലാക്കാന്‍ ടെക് സ്റ്റാള്‍ വഴി സാധിച്ചു. വിവിധ ഡ്രോണുകളുടെ പ്രദര്‍ശനവും നടന്നു.വയനാട് എഞ്ചിനീയറിങ്ങ് കേളേജാണ് സാങ്കേതികതയുടെ വിശാലമായ ലോകത്തേക്ക് ഏവരെയും സ്വഗാതം ചെയ്തത്. ഡ്രോണ്‍ പറത്താനും നിര്‍മ്മിക്കാനും കമ്പ്യൂട്ടറുമായി ഡ്രോണിനെ കണക്ട് ചെയ്യാനും പരിശീലനം നല്‍കിയിരുന്നു. എട്ട് സെര്‍വോ മോട്ടോറുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുന്ന ചതുരാകൃതിയിലുള്ള റോബോട്ടായ സ്പോട്ട് ഡോഗ്, റെയില്‍വേ ട്രാക്ക് വിള്ളല്‍ കണ്ടെത്താനും മറ്റുമുളള അള്‍ട്രോസോണിക് സെന്‍സര്‍ എന്നിവയും പരിചയപ്പെടുത്തി. മാര്‍സ് റോവര്‍ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. പോളിടെക്നിക്കിന്റെ വോയിസ് കണ്‍ട്രോള്‍ കാര്‍, ആര്‍.സി കാര്‍, ലൈന്‍ ഫോളോവര്‍, വാട്ടര്‍ ലെവല്‍ മോണിറ്ററിങ്ങ് ഐ.ഒ.ടി എന്നിവയും പരിചയപ്പെടുത്തി.

Author

Leave a Reply

Your email address will not be published. Required fields are marked *