ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതസ്പര്‍ധയുണ്ടാക്കാനാകില്ല.
കോഴിക്കോട് : വിവാദമായ സാഹചര്യത്തില്‍ കക്കുകളി നാടകം മതവിശ്വാസത്തെ വൃണപ്പെടുത്തിയിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണം. പരിശോധിച്ച് വിവാദമായ ഭാഗം മാറ്റുകയോ അല്ലെങ്കില്‍ നാടകം തന്നെ നിരോധിക്കുകയോ ചെയ്യണം. വെറുപ്പിന്റെ വിത്തകള്‍ പാകാനുള്ള ശ്രമം മുളയിലേ നുള്ളണം. കാട്ടുതീ പോലെ തീ പടരാവുന്ന അന്തരീക്ഷത്തിലാണ് നാം നില്‍ക്കുന്നത്. വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് അരക്ഷിതത്വബോധമുണ്ട്. മതപരമായ വിശ്വാസങ്ങളെയും വികാരങ്ങളെയും വൃണപ്പെടുത്താതെ വേണം സംസാരിക്കാന്‍. അവിടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പുതപ്പ് പുതച്ചിട്ട് കാര്യമില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതസ്പര്‍ധയുണ്ടാക്കുന്നത് അനുവദിക്കാനാകില്ലെന്നതാണ് യു.ഡി.എഫ് നിലപാട്.
കേരള സ്റ്റോറി എന്ന സിനിമയുടെ ട്രെയ്‌ലറില്‍ കേരളത്തില്‍ നിന്ന് 32000 സ്ത്രീകളെ ഐ.സില്‍ ചേര്‍ത്തെന്നാണ് പറയുന്നത്. അത് കേരളത്തിന് തന്നെ അപമാനകരമാണ്. അത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയത് കൊണ്ട് ഇപ്പോള്‍ അത് മൂന്നായി മാറിയത്. അതിനെ എതിര്‍ത്തില്ലായിരുന്നെങ്കില്‍ കേരളത്തിന് പുറത്തുള്ളവരെങ്കിലും വിശ്വസിച്ചേനെ.
വെറുപ്പിന്റെ വിത്തുകള്‍ പാകി ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതിന് പിന്നാലെ ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും തമ്മിലടിപ്പിക്കും. ഇതാണ് മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതുതന്നെയാണ് സംഘപരിവാര്‍ കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇതിനെ ജനാധിപത്യവിശ്വാസികള്‍ ഒറ്റക്കെട്ടായി നിന്ന് പരാജയപ്പെടുത്തണം.
രണ്ടായിരത്തിലധികം ക്രൈസ്തവ ദേവാലയങ്ങളാണ് രാജ്യത്ത് ആക്രമിക്കപ്പെട്ടത്. ഇതിനെതിരെ ക്രൈസ്തവ സംഘടനകള്‍ സമരം നടത്തി. സംഘപരിവാറിനെതിരെ ക്രൈസ്തവ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇപ്പോഴും നിരവധി പാസ്റ്റര്‍മാരും വൈദികരും ജയിലിലാണ്. ക്രിസ്മസ്
ആരാധനപോലും തടസപ്പെടുത്തുകയാണ്. മദര്‍ തെരേസ മയക്ക്മരുന്ന് കച്ചവടമാണ് നടത്തുന്നതെന്ന് പറഞ്ഞ ബി.ജെ.പി നേതാക്കളുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മുസ്ലീം വിഭാഗങ്ങളെ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതലായി സംഘപരിവാര്‍ ആക്രമിക്കുന്നത് ക്രൈസ്തവരെയാണ്. ദേശീയതലത്തിലെ ഈ സാഹചര്യം മറന്ന് കേരളത്തിലെ ക്രൈസ്തവര്‍ക്ക് ബി.ജെ.പി അനുകൂല നിലപാടെടുക്കാന്‍ സാധിക്കില്ല. അവിടെ ഇതെല്ലാം ചെയ്തവരാണ് ആട്ടിന്‍തേലിട്ട ചെന്നായ്ക്കളെ പോലെ ഈസ്റ്ററിന് കേക്ക് കൊടുക്കാന്‍ പോയത്. അത് തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ക്രൈസ്തവര്‍ക്കുണ്ട്.