കേരള പോലീസ് സൈബർഡോം, സിഐഒ അസോസിയേഷൻ ഓഫ് ഇന്ത്യ – കേരള ചാപ്റ്ററുമായി ധാരണാപത്രം ഒപ്പുവച്ചു

Spread the love

തിരുവനന്തപുരം :  സൈബർ രംഗം സാധാരണക്കാർക്ക് സുരക്ഷിത ഇടമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സിഐഒ അസോസിയേഷൻ ഓഫ് ഇന്ത്യ – കേരള ചാപ്റ്ററുമായി (സിഐഒക്‌ളബ്) കേരള പോലീസ് സൈബർഡോം ധാരണാപത്രം ഒപ്പുവച്ചു.

ധാരണാ പ്രകാരം ഡ്രോൺ നിരീക്ഷണ സംവിധാനങ്ങൾ, കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്‌പ്ലോയിറ്റേഷൻ (സിസിഎസ്ഇ), ഡാർക്ക് വെബ് മോണിറ്ററിംഗ്, ക്രിപ്‌റ്റോ കുറ്റകൃത്യങ്ങൾ തടയുക, റോബോട്ടിക്‌സ് – മെറ്റാവേർസ് തുടങ്ങിയ സാങ്കേതികവിദ്യകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിൽ സൈബർഡോമുമായി സിഐഒക്ലബ് സഹകരിക്കും.

തിരുവനന്തപുരം പട്ടത്തെ കേരള പോലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സൈബർഡോം നോഡൽ ഓഫീസർ ഐജി പി.പ്രകാശ്, സിഐഒ ക്ലബ് കേരള ചാപ്റ്റർ പ്രസിഡൻ്റ് (ഗ്ലോബൽ ഐടി ഹെഡ്, സൺടെക് ഗ്രൂപ്പ്) ശ്രീകുമാർ ബാലചന്ദ്രൻ എന്നിവർ ചേർന്നാണ് ധാരണ പത്രത്തിൽ ഒപ്പുവച്ചത്. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഡയറക്ടർ എ. ബാലകൃഷ്ണൻ, സ്‌പെരിഡിയൻ ടെക്‌നോളജീസ് ഡയറക്ടർ സുഗീഷ്, ജോർജ് കുര്യൻ, സൈബർ ഇന്റലിജൻസിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും സന്നിഹിതരായി.

സിഐഒ ക്ലബ് പോലുള്ള സ്ഥാപനങ്ങളുമായുള്ള ഇത്തരം പൊതു-സ്വകാര്യ പങ്കാളിത്തം സാങ്കേതികവും അല്ലാത്തതുമായ പിന്തുണ ഉറപ്പാക്കുന്നതിനും അത് പ്രയോജനപ്പെടുത്തുന്നതിനും കേരള പോലീസിനെ സഹായിക്കുമെന്ന് ഐജി പി. പ്രകാശ് പറഞ്ഞു. സിഐഒ ക്ലബിന്റെ വൈദഗ്ധ്യവും വ്യവസായ ബന്ധങ്ങളും സൈബർസ്‌പേസിനെ സുരക്ഷിത ഇടമാക്കി മാറ്റുവാൻ സഹായിക്കും.

സിഐഒ അസോസിയേഷൻ ഓഫ് ഇന്ത്യ (CIOKlub) ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും 14 ചാപ്റ്ററുകളുള്ള പ്രമുഖ സ്ഥാപനങ്ങളുടെ ഐടി മേധാവികളുടെ കൂട്ടായ്മയാണ്. ഐടിക്കും അനുബന്ധ സാങ്കേതിക വിദ്യകൾക്കും ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുന്ന സമൂഹത്തിന് സംഭാവന നൽകാനുള്ള സംരംഭത്തിന്റെ ഭാഗമാണ് ഈ കൂട്ടായ്മയെന്ന് കേരള ചാപ്റ്റർ പ്രസിഡന്റ് ബി. ശ്രീകുമാർ പറഞ്ഞു.

Report : Vijin Vijayappan

Author

Leave a Reply

Your email address will not be published. Required fields are marked *