കൈ വിടാതെ കര്‍ണാടക, മോദിസത്തിന് താക്കീത് – ജെയിംസ് കൂടല്‍ (ചെയര്‍മാന്‍, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ)

Spread the love

ജനാധിപത്യ സമൂഹത്തിന്റെ മിന്നും വിജയമാണിത്. കര്‍ണാടകം ഹൃദയത്തോടു ചേര്‍ത്തു വയ്ക്കുന്ന വിജയവും ഇതു തന്നെ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ മടങ്ങി വരവ് സൂചിപ്പിക്കുന്ന ഫലങ്ങളാണ് കര്‍ണാടകയില്‍ നിന്നും പുറത്തു വന്നത്. ഇന്ത്യയെ മലീമസമാക്കിയ മോദി സര്‍ക്കാരിനുള്ള താക്കീതുകൂടിയാണ് കോണ്‍ഗ്രസിന്റെ മടങ്ങി വരവ്. കോണ്‍ഗ്രസ് അതിന്റെ ചിറകുകള്‍ കുടഞ്ഞ് ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്, നാളെയുടെ നല്ല വിജയത്തിനായി.

ദക്ഷിണേന്ത്യയില്‍ ബിജെപി തങ്ങളുടെ ഉറച്ച കോട്ടയെന്നു വിധിയെഴുതിയ പ്രദേശമാണ് കര്‍ണാടക. വര്‍ഗീയതയും ജാതിയുമൊക്കെ ആയുധമാക്കി കര്‍ണാടകയെ വശത്താക്കാന്‍ ബിജെപി പയറ്റിയ അഭ്യാസങ്ങള്‍ക്കു കണക്കില്ല. കര്‍ണാടകയില്‍ നിന്നും ദക്ഷിണേന്ത്യയിലേക്ക് തങ്ങളുടെ തേരോട്ടം തുടങ്ങുകയാണെന്ന് വലിയ പ്രഖ്യാപനം തന്നെ നടത്തി. ചുരുക്കത്തില്‍ കര്‍ണാടകയിലെ പ്രബുദ്ധരായ ജനങ്ങള്‍ അത് ഓരോന്നും പൊളിച്ചടുക്കി. യഥാര്‍ത്ഥത്തില്‍ കര്‍ണാടകയിലെ ജനങ്ങളുടെ തിരിച്ചറിവിന്റെ വിജയം കൂടിയാണിത്.

മോദി കര്‍ണാടകയില്‍ വിയര്‍പ്പൊഴുക്കിയത് കുറച്ചൊന്നുമല്ല. വീരനായകനെ പോലെ അട്ടഹാസം മുഴക്കിയും റോഡ് ഷോ നടത്തിയും രാപ്പകലില്ലാതെ അദ്ധ്വാനിച്ചു. കര്‍ണാടക ജയിക്കേണ്ടത് വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ സൂചനയായും മുന്നില്‍ കണ്ടു. കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞും, ബിജെപിയുടെ മഹത്വം വിളമ്പിയും കളം നിറഞ്ഞു. പക്ഷെ അതൊന്നും ഫലം കണ്ടില്ല. ബിജെപിയുടെ താര പ്രചാരകന്‍ കടപുഴകി വീണു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍പോലും മോദി പ്രഭാവത്തിന്റെ ഒരംശം പ്രകടമായില്ല. ചുരുക്കത്തില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസിനോട് ഏറ്റുമുട്ടിയത് കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെയായിരുന്നു.

സര്‍വേ ഫലങ്ങളും ജനവികാരവുമൊക്കെ തങ്ങള്‍ക്ക് എതിരാകുന്നത് ബിജെപി തിരിച്ചറിയാതെ പോയിരുന്നില്ല എന്നതാണ് ശ്രദ്ധേയം. തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും അവര്‍ തങ്ങളുടെ അധികാരം തിരഞ്ഞെടുപ്പ് വിജയത്തിനായി ദുര്‍വിനിയോഗം ചെയ്തു. അന്വേഷണ ഏജന്‍സികളേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും ദുരുപയോഗം ചെയ്തു. ഇതെല്ലാം ജനങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞു എന്നതാണ് വാസ്തവം. തിരഞ്ഞെടുപ്പിലൂടെ അവര്‍ മറുപടി നല്‍കി. ജനാധിപത്യം അതിന്റെ കരുത്ത് ഒരിക്കല്‍ കൂടി ലോകത്തിനോടു വിളിച്ചു പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഐക്യത്തോടെയുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഫലമാണ് ഈ വിജയം. ഒപ്പം രാഹുല്‍ ഗാന്ധിയെന്ന ശക്തനായ നേതാവിന്റേയും. ദേശീയ രാഷ്ട്രീയത്തില്‍ രാഹുല്‍ തന്റെ കരുത്ത് ഒരിക്കല്‍ കൂടി പ്രകടമാക്കി. മോദിയ്ക്കുമേല്‍ രാഹുല്‍ ഒരു സൂര്യതേജസ്സായി മാറി. വിഭജന രാഷ്ട്രീയത്തിനെതിരായ ഈ ജനവിധി ഇനി ഇന്ത്യയില്‍ വലിയ ചര്‍ച്ചയായി മാറും. ജനങ്ങള്‍ കോണ്‍ഗ്രസിന്റെ മഹത്വവും സത്യവും തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. നേരിന്റെ പാതയില്‍ ഭാരതത്തിന്റെ പ്രതീക്ഷ കോണ്‍ഗ്രസില്‍ തന്നെയാണെന്ന് അടിവരയിടുകയാണ് കോണ്‍ഗ്രസ്.

ദക്ഷിണേന്ത്യയില്‍ മുഴുവന്‍ കോണ്‍ഗ്രസിന്റെ വിജയം ആഘോഷിക്കുന്നുവെന്നതാണ് ശ്രദ്ധേയം. ദ്രാവിഡ മണ്ണില്‍ വംശീയ രാഷ്ട്രീയത്തിനുള്ള വളക്കൂറില്ല എന്ന് തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. കര്‍ണാടകം, കേന്ദ്ര സര്‍ക്കാരിനുള്ള മുന്നറിയിപ്പായി മാറുക തന്നെ ചെയ്യും. ഒത്തൊരുമയോടെ നിന്നാല്‍ മോദി പ്രഭാവം ഇന്ത്യയില്‍ ഇല്ലാതാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Author

Leave a Reply

Your email address will not be published. Required fields are marked *