നിയമസഭാ മന്ദിരത്തിന്റെ സിൽവർ ജൂബിലി: ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

Spread the love

കേരള നിയമസഭാ മന്ദിരം 25 വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ 22ന് രാവിലെ 10.30ന് നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ഉദ്ഘാടനം ചെയ്യുമെന്ന് സ്പീക്കർ എ.എൻ ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ജനുവരി 9 മുതൽ 15 വരെ നിയമസഭാ പരിസരത്തു സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സുവനീർ പ്രകാശനവും ചടങ്ങിൽ ഉപരാഷ്ട്രപതി നിർവഹിക്കും. നിയമസഭാ മന്ദിരത്തിന്റെ പരിസരത്തെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഉപരാഷ്ട്രപതി നടത്തും. നിലവിലുള്ള എം.എൽ.എ.മാർക്കു പുറമെ മുൻ എം.എൽ.എ.മാരെയും മുൻ ജീവനക്കാരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സ്പീക്കർ പറഞ്ഞു.ഉച്ചയ്ക്ക് 2 മണിക്ക് ചേരുന്ന മുൻ നിയമസഭാംഗങ്ങളുടെ കൂട്ടായ്മയിൽ മുൻ മുഖ്യമന്ത്രിമാരെയും മുൻ സ്പീക്കർമാരെയും ആദരിക്കും. ഈ ചടങ്ങിൽ അഖിലേന്ത്യാ വെറ്ററൻസ് മീറ്റുകളിൽ നിരവധി പുരസ്കാരങ്ങൾ നേടിയ പിറവം മുൻ എം.എൽ.എ എം.ജെ. ജേക്കബിനെയും ആദരിക്കും. നിയമസഭാംഗങ്ങളും ജീവനക്കാരും മറ്റ് കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.1998 മെയ് 22ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണനാണ് കേരള നിയമസഭയുടെ പുതിയ മന്ദിരം രാഷ്ട്രത്തിനു സമർപ്പിച്ചത്. പത്താം കേരള നിയമസഭയുടെ കാലത്ത് ഇ.കെ.നായനാർ മുഖ്യമന്ത്രിയും എം.വിജയകുമാർ സ്പീക്കറും ആയിരിക്കെ 1998 ജൂൺ 29 മുതലാണ് ഈ മന്ദിരത്തിൽ സഭ സമ്മേളിച്ചുതുടങ്ങിയത്.

Author

Leave a Reply

Your email address will not be published. Required fields are marked *