രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ ദുര്‍ഭരണത്തിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയലില്‍ പതിനായിരങ്ങളുടെ പ്രതിഷേധം ആര്‍ത്തിരമ്പി. കേരളത്തിന്റെ മുക്കിലും മൂലയിലും നിന്ന് വന്ന പ്രവര്‍ത്തകര്‍ അക്ഷരാര്‍ത്ഥത്തില്‍ നഗരത്തെ കീഴടക്കി.
രാവിലെ 6 മണിമുതല്‍ സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റിലും പ്രവര്‍ത്തകര്‍ അണിനിരന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ സെക്രട്ടേറിയേറ്റ് വളയലിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന്റെ നേര്‍ചിത്രം തുറന്ന് കാട്ടി യുഡിഎഫ് തയ്യാറാക്കിയ കുറ്റുപത്രം കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പി.കെ.കുഞ്ഞാലികുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു.
കാട്ടനകളായ അരിക്കൊമ്പന്‍ അരിയും ചക്കക്കൊമ്പന്‍ ചക്കയും മോഷ്ടിക്കുന്നത് പോലെ പിണറായി വിജയന്‍ ഖജനാവ് കൊള്ളയടിക്കുകയാണെന്ന് കെ.സുധാകരന്‍ പറഞ്ഞു.പിണറായി വിജയന്റേത് കമ്മീഷന്‍ സര്‍ക്കാരാണ്. അഴിമതിയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വത്തിത്വമാണ് സര്‍ക്കാരിന്റെ മുഖമുദ്രകള്‍. പോലീസിന്റെയും സര്‍ക്കാര്‍ സംവിധാനത്തിന്റെയും കെടുകാര്യസ്ഥതയുടെ തെളിവാണ് ഡോ.വന്ദന കൊലക്കേസും താനൂര്‍ ബോട്ടപകടവുമെന്നും സുധാകരന്‍ പറഞ്ഞു.
ധൂര്‍ത്ത് കൊണ്ട് കേരളത്തെ തകര്‍ത്ത മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പാസ് മാര്‍ക്ക് പോലും ജനം നല്‍കില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. സംസ്ഥാന ജനത വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി. അവരുടെ ചുമലില്‍ സര്‍ക്കാര്‍ നികുതിരാജ് അടിച്ചേല്‍പ്പിക്കുന്നു. അഴിമതി ആരോപണങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് ഭീരുത്വം കൊണ്ടാണ്. യുഡിഎഫ് ഉന്നയിച്ച അഴിമതിയില്‍ ബന്ധമില്ലെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രി പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
യുഡിഎഫ് നേതാക്കളായ വിഡി സതീശന്‍,പി.കെ.കുഞ്ഞാലികുട്ടി, രമേശ് ചെന്നിത്തല,എംഎംഹസ്സന്‍,കെ.പി.എ മജീദ് തുടങ്ങിയവര്‍ പ്രത്യേക വാഹനത്തിലെത്തി മൂന്ന് ഗേറ്റിലുമായി അണിനിരന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.
രമേശ് ചെന്നിത്തല,പി.കെ.കുഞ്ഞാലിക്കുട്ടി, എംഎം ഹസ്സന്‍,പി.ജെ.ജോസഫ്, പിഎംഎ സലാം,മാണി സി.കാപ്പന്‍, ഷിബു ബേബിജോണ്‍ സി.പി.ജോണ്‍, ഡോ.എം.കെ.മുനീര്‍, എഎ അസീസ്, ജി.ദേവരാജന്‍, അഡ്വ.എ.രാജന്‍ ബാബു, വാക്കനാട് രാധാകൃഷ്ണന്‍,സലീം പിമാത്യൂ എം.പിമാരായ കെ.മുരളീധരന്‍,ശശി തരൂര്‍,കൊടിക്കുന്നില്‍ സുരേഷ്,അടൂര്‍ പ്രകാശ്,ബെന്നി ബെഹന്നാന്‍,ആന്റോ ആന്റണി,ജെബിമേത്തര്‍ എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എപി അനില്‍കുമാര്‍,എന്‍എ നെല്ലിക്കുന്ന്,ടി.സിദ്ധിഖ്, ടി വിനോദ്,അന്‍വര്‍ സാദത്ത്,എം.വിന്‍സന്റ്,എല്‍ദോസ് കുന്നപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.യുഡിഎഫിന്റെ സംസ്ഥാന ജില്ലാ നേതാക്കള്‍ സെക്രട്ടേറിയറ്റ് വളയലിന് നേതൃത്വം നല്‍കി. ഡിസിസി പ്രസിഡന്റ് പാലോട് രവി ആമുഖ പ്രസംഗം നടത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പികെ വേണുഗോപാല്‍ സ്വാഗതവും ജില്ലാ കണ്‍വീനര്‍ ബീമാപള്ളി റഷീദ് നന്ദിയും പറഞ്ഞു.സെക്രട്ടേറിയറ്റ് വളയല്‍ വന്‍ വിജയമാക്കിയ യുഡിഎഫ് പ്രവര്‍ത്തകരോട് കണ്‍വീനര്‍ എംഎം ഹസ്സന്‍ നന്ദി രേഖപ്പെടുത്തി.
കഴിഞ്ഞ രണ്ടു വര്‍ഷമായി യു.ഡി.എഫ് നടത്തി വരുന്ന സമരങ്ങളിലെ ആവശ്യങ്ങള്‍ ക്രോഡീകരിച്ചു കൊണ്ടാണ് യു.ഡി.എഫ് സെക്രട്ടേറിയറ്റ് വളയല്‍ സംഘടിപ്പിച്ചത്. രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുക, സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കുക, അന്യായമായ നികുതി വര്‍ദ്ധനവ് പിന്‍വലിക്കുക. കാര്‍ഷികോല്പന്നങ്ങളുടെ താങ്ങുവില പ്രഖ്യാപിക്കുക, നെല്ലു സംഭരണത്തില്‍ കൃഷിക്കാര്‍ക്കു നല്‍കേണ്ട പണം ഉടന്‍ നല്‍കുക, വിള ഇന്‍ഷുറന്‍സ് കുടിശ്ശിക നല്‍കുക, കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക നല്‍കുക, എഐ ക്യാമറ ഇടപാടിലെ അഴിമതിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക. കെ. ഫോണ്‍ അഴിമതിയെക്കുറിച്ച് അന്വേഷിക്കുക തുടങ്ങിയ ജനകീയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളഞ്ഞത്.