അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചികിത്സയിലും ഗവേഷണത്തിലും പുതിയ പാതകള്‍ തുറക്കും : മന്ത്രി വീണാ ജോര്‍ജ്

Spread the love

തിരുവനന്തപുരം : അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചികിത്സയിലും ഗവേഷണത്തിലും പുതിയ പാതകള്‍ തുറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന സര്‍ക്കാറിന്റെ മുന്‍നിര പ്രോജക്ടുകളില്‍ ഒന്നാണ് അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. അതിന്റെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചു. ഈ രംഗത്തെ പ്രഗത്ഭരായിട്ടുള്ള എല്ലാവരുടെയും ആശയങ്ങള്‍ സ്വാംശീകരിച്ചുകൊണ്ട് ഏറ്റവും നല്ല ഉദാത്തമായിട്ടുള്ള പ്രവര്‍ത്തനരേഖ ആവിഷ്‌കരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും മന്ത്രി വ്യക്തമാക്കി. ഐആര്‍ഐഎ സംഘടിപ്പിച്ച ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വര്‍ത്തമാനകാലത്ത് ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നതിന് ഒരു സംയോജിത സമീപനം ഉണ്ടാകണം. നമ്മുടെ രാജ്യത്തെ സംബന്ധിച്ച് പരമ്പരാഗത ആരോഗ്യ മേഖലയിലുള്ള പ്രയോഗങ്ങളും ഔഷധ സമ്പത്തും കൂടുതല്‍ തെളിവ് അധിഷ്ഠിതമാക്കി നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനവുമായി അതിനെ കൂട്ടിച്ചേര്‍ത്ത് നല്ലൊരു മാതൃക സൃഷ്ടിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര ഗവേഷണ കേന്ദ്രം എന്ന ആശയത്തിലേക്ക് കേരളം എത്തപ്പെട്ടത്.

നൂറിലധികം രാജ്യങ്ങളില്‍ ആയുര്‍വേദം പ്രചരിക്കപ്പെടുന്നുണ്ട്. പല രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളുമായുള്ള ആശയവിനിമയത്തില്‍, ആയുര്‍വേദ രംഗത്ത് കേരളത്തിന്റെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ സമ്പന്നമായുള്ള ആയുര്‍വേദ പാരമ്പര്യം, നൂറ്റാണ്ടുകള്‍ പഴക്കമുള്ള കയ്യെഴുത്ത് പ്രതികള്‍, ഔഷധസസ്യ ജൈവവൈവിധ്യം, ആയുര്‍വേദത്തിന്റെ വൈവിധ്യമാര്‍ന്ന തത്വങ്ങള്‍, സമ്പ്രദായങ്ങള്‍, എന്നിവയൊക്കെ സംരക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും തലമുറകള്‍ക്കും വിവിധ സംസ്‌കാരങ്ങള്‍ക്കും വിവിധ ഇടങ്ങള്‍ക്കും പരിചയപ്പെടുത്താനുള്ള ഒരു ഇടമായി ഗവേഷണ കേന്ദ്രം മാറുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് എ.പി.എം. അധ്യക്ഷത വഹിച്ച ചടങ്ങില്‍, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബു, കേന്ദ്ര ആയുഷ് മന്ത്രാലയത്തിലെ ഡോ. നന്ദിനി കുമാര്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രെസ്റ്റി ഡോ. പി.എം. വാര്യര്‍, ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രബാസ് നാരായണ, നിസ്റ്റ് ഡയറക്ടര്‍ ഡോ. സി. ആനന്ദരാമകൃഷ്ണന്‍, ഐക്കോണ്‍സ് ഡയറക്ടര്‍ ഡോ. സഞ്ജീവ് തോമസ്, ഐയുസിബിആര്‍ ഡയറക്ടര്‍ ഡോ. കെ.പി. മോഹനകുമാര്‍, ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, ഐഎസ്എം ഡയറക്ടര്‍ ഡോ. കെഎസ് പ്രിയ, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. സജി എന്നിവര്‍ പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *