കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ കൂടി പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ എംപ്ലോയ്‌മെന്റ് വകുപ്പ് പ്രൈവറ്റ് ജോബ് പോർട്ടൽ വികസിപ്പിച്ചു വരുന്നതായി പൊതുവിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതോടെ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിൽ ദായകർക്കും രജിസ്റ്റർ ചെയ്ത് അവരുടെ തൊഴിലവസരങ്ങൾ നോട്ടിഫൈ ചെയ്യാൻ സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പ്രവാസികൾക്കായുള്ള വെർച്വൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് വെർച്ചൽ പ്രവാസി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആശ്വാസകരമാകും. പ്രവാസികളും കേരളവുമായി ഏറെക്കാലത്തെ ബന്ധമാണുള്ളത്. പ്രവാസികൾക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാനോ പുതുക്കാനോ പുതിയ യോഗ്യത സർട്ടിഫിക്കറ്റുകൾ ചേർക്കാനോ ഇനി ബുദ്ധിമുട്ടേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു.
എംപ്ലോയ്‌മെന്റ് ഡയറക്ടർ ഡോ. വീണാ എൻ മാധവൻ, തൊഴിൽ നൈപുണ്യ വകുപ്പ് സെക്രട്ടറി അജിത് കുമാർ, എംപ്ലോയ്‌മെന്റ് ജോയിൻ ഡയറക്ടർ പി കെ മോഹനദാസ്, നാഷണൽ ഇൻഫോർമാറ്റിക് സെന്റർ പ്രതിനിധികൾ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.