തൃശൂര്‍: മൈക്രോ ലോണ്‍ വിതരണത്തിന് ഇ-സിഗ്‌നേച്ചര്‍ വിജയകരമായി നടപ്പിലാക്കി പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയിലെ മുന്‍നിര സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. 2022-23 സാമ്പത്തിക വര്‍ഷം 5.27 ലക്ഷം മൈക്രോ ലോണുകളാണ് തീര്‍ത്തും പേപ്പര്‍ രഹിതമായ ഇ-സിഗ്നേചര്‍ സംവിധാനത്തിലൂടെ വിതരണം ചെയ്തത്. ഇത് ബാങ്കിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ സുപ്രധാന കാല്‍വെപ്പാണ്. ഇ-സിഗ്നേചര്‍ സംവിധാനം നടപ്പിലാക്കിയതിലൂടെ പാരിസ്ഥിതിക സുസ്ഥിരതയ്ക്കായി വലിയ സംഭാവന നല്‍കാനും ബാങ്കിനു കഴിഞ്ഞു. വായ്പാ നടപടിക്രമങ്ങള്‍ക്കാവശ്യമായി പേപ്പറുകളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കിയതോടെ വനനശീകരണത്തെയും ജല ഉപയോഗത്തേയും കുറക്കാനും ബാങ്കിനു കഴിഞ്ഞു.
ഇസാഫ് ബാങ്കിന് നിലവില്‍ 65 ലക്ഷം ഉപഭോക്താക്കളുണ്ട്. 60 ശതമാനം മൈക്രോ ബാങ്കിംഗ് ഉപഭോക്താക്കളും ഇ-സിഗ്‌നേച്ചറുകള്‍ ഉപയോഗത്തിലേക്ക് മാറി. ഏകദേശം 25 ലക്ഷം മൈക്രോ ബാങ്കിങ് വായ്പകള്‍ വരുമിത്. പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും പരിസ്ഥിതിക്ക് ദോഷകരമായ കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നതിനും ഗുണകരമായ സ്വാധീനം ചെലുത്താന്‍ ഈ സംരംഭങ്ങളിലൂടെ ഇസാഫ് ബാങ്കിന് കഴിഞ്ഞു.
ജനങ്ങളും ഭൂമിയും സമൃദ്ധിയും ഉള്‍പ്പെട്ടതാണ് ഞങ്ങളുടെ സോഷ്യല്‍ ബിസിനസ് തന്ത്രം. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളിലും ഉല്‍പ്പന്നങ്ങളിലും ഇത് പ്രതിഫലിപ്പിക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. മൈക്രോ ബാങ്കിങ് ഉപഭോക്താക്കളെ ടാബുകള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ ഓണ്‍ബോര്‍ഡിങിലൂടെയാണ് ബാങ്കിന്റെ ഭാഗമാക്കുന്നത്. മികച്ച ഒരു നാളേക്കു വേണ്ടി കരുതലുള്ള ഒരു സംസ്‌കാരം സൃഷ്ടിക്കുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് പ്രയോഗത്തില്‍ വരുത്തുന്നതാണ് ഞങ്ങളുടെ ഡിജിറ്റല്‍ സംരംഭങ്ങള്‍. ഇ-സിഗ്നേചര്‍ സംവിധാന ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമതയെ മെച്ചപ്പെടുത്തുകയും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുകയും ചെയ്തിട്ടുമുണ്ട്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു.
Report : Sneha Sudarsan