ശുചീകരിക്കുന്ന സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കും : മന്ത്രി പി രാജീവ്

Spread the love

കളമശ്ശേരി മണ്ഡലത്തിൽ ത്രിദിന ജനകീയ ശുചീകരണ പരിപാടിക്ക് തുടക്കമായി.

മന്ത്രി വീടുകളിൽ നേരിട്ടെത്തി ആക്രി സാധനങ്ങൾ ശേഖരിച്ചു.

മാലിന്യനിർമാർജനത്തിന്റെ ഭാഗമായി വൃത്തിയാക്കുന്ന സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചും നിരന്തര പോലീസ് പട്രോളിങ് ഏർപ്പെടുത്തിയും നിരീക്ഷണം ശക്തമാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കളമശ്ശേരി മണ്ഡലം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘ശുചിത്വത്തിനൊപ്പം കളമശ്ശേരി’ പദ്ധതിയുടെ ത്രിദിന ജനകീയ ശുചീകരണ പരിപാടിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മണ്ഡലത്തിലെ ആറ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തോടെയാണ് മൂന്ന് ദിവസത്തെ തീവ്ര ശുചീകരണ യജ്ഞം നടക്കുന്നത്. വീടുകളിൽ നിന്ന് ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനൊപ്പം മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സന്ദേശങ്ങൾ കൈമാറുന്നുണ്ട്. ക്യാമ്പയിന്റെ ഭാഗമായി ശുചീകരിച്ച സ്ഥലങ്ങളിൽ ഓപ്പൺ ജിം, ഓപ്പൺ പാർക്കുകൾ എന്നിവ സജ്ജീകരിക്കുന്നതിനായി നടപടികൾ സ്വീകരിക്കുമെന്നും എൽപി ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളിൽ ചിത്രകലാരൂപത്തിൽ ബോധവൽക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ജൂൺ 4, 5( ഞായർ, തിങ്കൾ ) തീയതികളിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കളമശ്ശേരി മണ്ഡലത്തിലെ വിവിധ മേഖലകൾ വൃത്തിയാക്കുകയും വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുകയും ചെയ്യും. ബി.പി.സി.എല്ലിന്റെ അംഗീകാരം ലഭിച്ചാൽ ബ്രഹ്മപുരത്ത് പുതിയ പ്ലാന്റ് നിർമ്മാണത്തിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്നും കൊച്ചിയിലെ മാലിന്യ പ്രശ്നത്തിൽ ഗൗരവമായ ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.

കളമശ്ശേരി നഗരസഭയിലെ തിരുനിലത്ത് ലൈനിലെ വീടുകളിൽ നിന്ന് ആക്രിസാധനങ്ങൾ ശേഖരിച്ചാണ് ജനകീയ ക്യാമ്പയിന് മന്ത്രി തുടക്കം കുറിച്ചത്. തുടർന്ന് പുതുശ്ശേരി മല, ഏലൂർ, കടുങ്ങല്ലൂർ പഞ്ചായത്ത് വാർഡ് 13, ആലങ്ങാട് പഞ്ചായത്ത് നീറിക്കോട്, കരുമാലൂർ പഞ്ചായത്ത് വാർഡ് 17, കുന്നുകര പഞ്ചായത്ത് വാർഡ് 10 എന്നിവിടങ്ങളിൽ മന്ത്രി നേരിട്ട് എത്തി ആക്രിസാധനങ്ങൾ ശേഖരിക്കുകയും വീടുകളിൽ ബോധവൽക്കരണ സന്ദേശങ്ങൾ കൈമാറുകയും ചെയ്തു.

മണ്ഡത്തിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ഹരിത കർമ്മസേന, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകൾ, കോളേജ് വിദ്യാർത്ഥികൾ, സന്നദ്ധസേവ സംഘടനകൾ, വ്യാപാരി വ്യവസായ സംഘടനകൾ, റെസ്റ്ററന്റ് അസോസിയേഷനുകൾ, പൗര സമൂഹ സംഘടനകൾ തുടങ്ങിയവരുടേയും ജനങ്ങളുടേയും പങ്കാളിത്തത്തോടെയാണ് ത്രിദിന ജനകീയ ശുചീകരണ യജ്ഞം നടക്കുന്നത്.

ഞായറാഴ്ച്ച (ജൂൺ 4) പൊതു സ്ഥലങ്ങളിലും വഴിയോരങ്ങളിലുമുള്ള മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കുന്ന പരിപാടിയുടെ മണ്ഡലംതല ഉദ്ഘാടനം രാവിലെ 8.30 ന് കളമശ്ശേരി ചാക്കോളാസ് ജംഗ്ഷനിൽ മന്ത്രി പി.രാജീവ് നിർവ്വഹിക്കും. ഹൈബി ഈഡൻ എം.പി, നഗരസഭാ ചെയർപേഴ്സൺ സീമാ കണ്ണൻ, ഡി.പി.സി അംഗം ജമാൽ മണക്കാടൻ തുടങ്ങിയവർ പങ്കെടുക്കും. കുന്നുകരയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യും.

വിപുലമായ ജനകീയ പങ്കാളിത്തത്തോടെ എല്ലാ വാർഡ് തലത്തിലും ശുചീകരണ യജ്ഞം സംഘടിപ്പിക്കും. വൃത്തിയാക്കി വീണ്ടെടുത്ത സ്ഥലങ്ങളിൽ തിങ്കളാഴ്ച്ച (ജൂൺ 5 ) വൃക്ഷത്തൈകൾ നട്ടും ചെടികൾ വച്ച് പിടിപ്പിച്ചും പരിസരം മോടി പിടിപ്പിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *