ഐ എസ് ആർ ഒ യുടെ ആഭിമുഖ്യത്തിൽ സ്ഥാപിതമാകുന്ന ഡോ.എ.പി.ജെ അബ്ദുൾ കലാം വിജ്ഞാന കേന്ദ്രത്തിന്റെയും ബഹിരാകാശ മ്യൂസിയത്തിന്റെയും ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കവടിയാറിൽ നാളെ (ജൂൺ 30) വൈകുന്നേരം 5:30 ന് ഐ.എസ്.ആർ.ഒ. ചെയർമാൻ എസ് സോമനാഥിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആന്റണി രാജു, വി.കെ. പ്രശാന്ത് എം.എൽ.എ, ഡോ. ശശി തരൂർ എം.പി, ബിനോയ് വിശ്വം എം.പി, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി ജോയ് എന്നിവർ പങ്കെടുക്കും. വി.എസ്.എസ്.സി ഡയറക്ടർ ഉണ്ണികൃഷ്ണൻ നായർ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ ഹരീഷ് സി.എസ് എന്നിവർ നന്ദിയും അറിയിക്കും. വി.എസ്.എസ്.സി. യുടെ ഓഫീസ് കാമ്പസിന് പുറത്ത്, തിരുവനന്തപുരം നഗരത്തിൽ ഒരു നോളജ് സെന്ററും ബഹിരാകാശ മ്യൂസിയവും ഉണ്ടാകണമെന്ന് ഐ.എസ്.ആർ.ഒ. താൽപര്യം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഗവൺമെന്റ് സ്ഥലം അനുവദിച്ചത്. കവടിയാറിൽ അനുവദിച്ച 1.3 ഏക്കർ സ്ഥലത്താണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. നിലവിൽ പദ്ധതിക്ക് DOS അംഗീകാരം ലഭിച്ചിട്ടുണ്ട്.