ന്യൂയോർക്ക്: മലയാളികളുടെ അമേരിക്കൻ കുടിയേറ്റത്തിൻറെ ആദ്യകാലങ്ങളിൽ അതായത്, 1960-1970 കാലഘട്ടങ്ങളിൽ ന്യൂയോർക്കിലും ചുറ്റുവട്ടത്തുള്ള സംസ്ഥാനങ്ങളായ ന്യൂജേഴ്‌സി, കണക്ടിക്കട്ട്, പെൻസിൽവാനിയ എന്നിവിടങ്ങളിലായി കുടിയേറി പാർത്തുവരുന്ന മലയാളികളുടെ കൂട്ടായ്മയായ “ദി പയനിയർ ക്ളബ്ബ് ഓഫ് കേരളൈറ്റ്സ് ഓഫ് നോർത്ത് അമേരിക്ക” (The Pioneer Club of Keralites of North America) അതിൻറെ പതിനേഴാമത് വാർഷിക ആഘോഷം ന്യൂയോർക്ക് ഫ്ലോറൽപാർക്കിൽ നടത്തപ്പെട്ടു. നിലവിലുള്ള ക്ലബ്ബ് പ്രസിഡൻറ് ജോണി സക്കറിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആദ്യകാല കുടിയേറ്റ സമൂഹത്തിന്റെ ഒത്തുചേരലായി ശ്രദ്ധേയമായി. 2006-ൽ ട്രൈ-സ്റ്റേറ്റ് ഭാഗത്തുള്ള ഏകദേശം ഇരുന്നൂറോളം ആദ്യകാല കുടിയേറ്റ മലയാളികളുടെ സൗഹൃദ കൂട്ടായ്മയായി ന്യൂയോർക്കിൽ രൂപം കൊണ്ട പയനിയർ ക്ലബ്ബ് സീനിയർ അംഗങ്ങളുടെ ആദ്യകാല സ്മരണകൾ പങ്കു വച്ചുകൊണ്ടുള്ള സംഗമമായി മുന്നേറുന്നു.
വർഷത്തിൽ മൂന്നോ നാലോ തവണ ഏതെങ്കിലും സൗകര്യപ്രദമായ സ്ഥലത്തു ഒത്തുചേർന്ന് വന്നിരുന്ന മുതിർന്ന അംഗങ്ങളിൽ കാലയവനികക്കുള്ളിൽ മൺമറഞ്ഞു പോയ പലരുടെയും ഓർമ്മകൾ ഇന്നുള്ളവരുടെ സ്‌മൃതി മണ്ഡലങ്ങളിൽ മായാതെ തങ്ങി നിൽക്കുന്നു. ജീവിത സായാഹ്നങ്ങളിലേക്ക് പാദമൂന്നി നടന്നു നീങ്ങുന്ന പലർക്കും ആദ്യകാല സൗഹൃദം നിലനിർത്തുന്നതിനും കുടിയേറ്റ കാലങ്ങളിലെ പങ്കപ്പാട് നിറഞ്ഞ ജീവിത ദിനങ്ങളുടെ ഓർമ്മക്കയങ്ങളിലേക്ക് ഊഴിയിട്ടിറങ്ങുന്നതിനുമുള്ള അവസരം കൂടിയാണ് ഈ കൂട്ടായ്മ്മ.
പയനിയർ ക്ലബ്ബിന്റെ മുമ്പോട്ടുള്ള പ്രയാണത്തിന് ശക്തി പകരുന്ന കൂടുതൽ ക്രിയാത്‌മകമായ പ്രവർത്തന മികവിനുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയ ഒരു ഭരണഘടനക്ക് പൊതുയോഗം അംഗീകാരം നൽകി. ഇതിനു മുൻകൈ എടുത്തു പ്രവർത്തിച്ച പ്രസിഡൻറ് ജോണി സക്കറിയയെ സ്വാഗത പ്രസംഗത്തിൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് എബ്രഹാം (രാജു) പ്രത്യേകം പ്രശംസിച്ചു. തൻ്റെ ചുരുങ്ങിയ പ്രസിഡൻറ് കാലയളവിൽ ക്ളബ്ബിന്റെ പുരോഗമനത്തിനും സൗഹൃദ വലയം വികസിപ്പിക്കുന്നതിനും കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിനും കൂടുതൽ കൂടിവരവുകൾക്കുള്ള അവസരണങ്ങൾ ഒരുക്കിയതിലും ഉള്ള സന്തോഷവും സംതൃപ്തിയും അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡൻറ് ജോണി പ്രകടിപ്പിച്ചു. ക്ളബ്ബിന്റെ മുമ്പോട്ടുള്ള പ്രവർത്തനങ്ങളിലും അടുത്ത കാലത്തേക്ക് പ്ലാൻ ചെയ്തിരിക്കുന്ന ലാൻകാസ്റ്റർ ട്രിപ്പിലേക്കും എല്ലാവരുടെയും സഹകരണം പ്രസിഡൻറ് അഭ്യർഥിച്ചു.
പ്രൊഫ. ഡോ. ജോസഫ് ചെറുവേലിൽ, ജോർജ് എബ്രഹാം, വി.എം.ചാക്കോ എന്നീ ക്ളബ്ബ് സ്ഥാപക നേതാക്കളുടെ സാന്നിദ്ധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. യുണൈറ്റഡ് നേഷൻസിൽ 36 വർഷത്തെ ദീർഘകാല സേവനം അനുഷ്ടിച്ച് ചീഫ് ടെക്നോളജി ഓഫീസർ ആയി വിരമിച്ച് സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച ക്ളബ്ബ് സ്ഥാപക അംഗം ജോർജ് അബ്രഹാമിനെ പൊന്നാട അണിയിച്ച് ചടങ്ങിൽ ആദരിച്ചു.
തോമസ് തോമസ്, വി. എം. ചാക്കോ, കോശി തോമസ്, ലീല മാരേട്ട് തുടങ്ങിയവർ പൂർവ്വകാല സ്മരണകൾ പങ്കിട്ടുകൊണ്ട് യോഗത്തിൽ സംസാരിച്ചു. പ്രൊഫ. ചെറുവേലിൽ, തോമസ് തോമസ് എന്നിവരുടെ പഴയകാല സിനിമയായ നീലക്കുയിലിലെ ഗാനാലാപനം എല്ലാവരെയും ഗതകാല സ്മരണകളിലേക്ക് കൊണ്ടുപോയി. ജോസ് ചെറിയപുരത്തിന്റെ പദ്യോച്ചാരണം എല്ലാവർക്കും മാനസിക ഉല്ലാസം നൽകി. ഒരിക്കലും മറക്കാത്ത ഏതാനും പഴയ സിനിമാ ഗാനങ്ങൾ ആലപിച്ച് ക്രിസ്റ്റഫർ ഫെർണാണ്ടസ് യോഗത്തിന് കൊഴുപ്പേകി. ജോൺ പോൾ അവതരിപ്പിച്ച വാർഷിക വരവ് ചെലവ് കണക്ക് യോഗത്തിൽ പാസ്സാക്കി. കെ. ജെ. ഗ്രിഗറി വന്നുചേർന്ന എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തിയതിനു ശേഷം വിഭവ സമൃദ്ധമായ ഭക്ഷണത്തോടെ അടുത്ത കൂടിവരവിനായുള്ള പ്രതീക്ഷയിൽ എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു.
Report : Mathewkutty Easow, NY