യുവാക്കൾ കേരളം വിട്ടുപോകുന്ന പ്രവണതയ്ക്ക് മാറ്റം വന്നു : പ്രൊഫ സലിം യൂസഫ്

Spread the love

സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനും കരിയറിൽ പുതിയ മേച്ചിൽപ്പുറവും തേടി യുവാക്കൾ കേരളം വിട്ടു പോകുന്ന സമ്പ്രദായത്തിന് മാറ്റം വന്നതായാണ് താൻ മനസിലാക്കുന്നതെന്നും ആ മാറ്റം സൃഷ്ടിച്ച നേതാക്കളോട് നന്ദിയുണ്ടെന്നും ലോകപ്രശസ്ത മലയാളി കാർഡിയോളജിസ്റ്റും കാനഡ, മക്മാസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് മെഡിക്കൽ സയൻസ് പ്രൊഫസറുമായ സലിം യൂസഫ്.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബയോമെഡിക്കൽ ട്രാൻസ്ലേഷനൽ റിസർച്ച് ശിൽപ്പശാലയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും 2021ലെ കൈരളി ഗ്ലോബൽ ലൈഫ്‌ടൈം അച്ചീവ്‌മെൻറ് അവാർഡ് സ്വീകരിച്ചശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

നിരവധി വർഷങ്ങൾ വിദേശത്ത് സേവനമനുഷ്ഠിച്ച താൻ പലതവണ കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ചതാണ്. എന്നാൽ, തനിക്ക് ക്ലിനിക്കൽ മെഡിസിൻ മേഖലയിൽ തസ്തിക ലഭിക്കുമെന്നും തന്റെ ഇഷ്ടമേഖലയായ അക്കാദമിക് ഗവേഷണത്തിൽ തസ്തിക കിട്ടാൻ സാധ്യത ഇല്ലെന്നുമായിരുന്നു മറുപടി. “കാരണം എന്റെ മെഡിക്കൽ ബിരുദാനന്തര ബിരുദം ഇന്ത്യയിൽനിന്നുള്ളത് അല്ലായിരുന്നു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഞാൻ നേടിയ ഡി.ഫില്ലും ഇംഗ്ലണ്ടിൽ നിന്നുള്ള എം.ആർ.സി.പിയും വിദേശത്തെ എന്റെ ഏഴു വർഷത്തെ ക്ലിനിക്കൽ ട്രെയിനിങ്ങും ഇന്ത്യയിൽ പരിഗണിക്കാത്ത അവസ്ഥ വന്നു. അതുകൊണ്ടാണ് എനിക്ക് കേരളത്തിലേക്കു മടങ്ങാൻ സാധിക്കാഞ്ഞത്. പക്ഷേ ഇപ്പോൾ ആ അവസ്ഥ മാറി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആ മാറ്റത്തിന് കാരണക്കാരായ സംസ്ഥാനത്തെ നേതാക്കളോട് നന്ദി പറയുന്നു” പ്രൊഫ യൂസഫ് പറഞ്ഞു.

കേരളത്തിലെ ഒരു യുവാവും യുവതിയും സംസ്ഥാനം വിട്ടു പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അവാർഡിനോടൊപ്പം ക്യാഷ് പ്രൈസായി തനിക്ക് ലഭിച്ച 5 ലക്ഷം രൂപ വൈദ്യശാസ്ത്ര ഗവേഷണ മേഖലയിൽ യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രൊഫ. സലിം യൂസഫ് സംഭാവന നൽകി. തുക വളരെ ചെറുതാണെന്നും പക്ഷേ ഈ പണം ഉപയോഗിച്ച് വലിയൊരു ഫണ്ട് കെട്ടിപ്പടുക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ലോകത്തിലെ പ്രധാന രോഗങ്ങളിൽ 80 ശതമാനവും ദരിദ്ര രാഷ്ട്രങ്ങളിലെ ജനങ്ങൾക്കിടയിൽ ആണെന്നും എന്നാൽ ആരോഗ്യ മേഖലയിൽ ലോകത്ത് നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങളിൽ 80 ശതമാനവും സമ്പന്ന രാഷ്ട്രങ്ങളിലെ ജനങ്ങൾക്കിടയിൽ ആണെന്നും പ്രൊഫ സലിം യൂസഫ് ചൂണ്ടിക്കാട്ടി. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ് പ്രൊഫ. സലിം യൂസഫ്.

 

Author

Leave a Reply

Your email address will not be published. Required fields are marked *