സപ്ലൈകോയില്‍ അവശ്യ സാധനങ്ങളില്ല; കെ.എസ്.ആര്‍.ടി.സിയെ കൊന്നതു പോലെ സപ്ലൈകോയെയും മുക്കിക്കൊല്ലുന്നു; ഭക്ഷ്യ ധന വകുപ്പുകളുടെ തര്‍ക്കത്തില്‍ ജനം വലയുമ്പോള്‍ മുഖ്യമന്ത്രിക്ക് മൗനം.
പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം (08/-08/2023).
തിരുവനന്തപുരം : വിലക്കയറ്റത്തെ കുറിച്ച് ചോദിച്ചപ്പോള്‍ രാജസ്ഥാനിക്ക് നോക്കൂ, ഡല്‍ഹിയിലേക്ക് നോക്കൂ, കര്‍ണാടകയിലേക്ക് നോക്കൂ എന്നാണ് മന്ത്രി പറയുന്നത്. ആര്‍ ശങ്കറിന്റെ കാലത്ത് ഇന്ത്യയില്‍ ആദ്യമായി സ്റ്റ്യാറ്റൂട്ടറി റേഷനിങ് 1964-ല്‍ സമ്പ്രദായം കൊണ്ടുവന്ന സംസ്ഥാനമാണ് കേരളം. സിവില്‍ സപ്ലൈസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ ഫെഡും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ രൂപീകരിച്ച് മാറി മാറി വന്ന സര്‍ക്കാരുകള്‍ വിപണി ഇടപെടല്‍ നടത്തി വിലക്കയറ്റം പിടിച്ച് നിര്‍ത്തിയിട്ടുണ്ട്. ഉപഭോക്തൃ സംസ്ഥാനമായതു കൊണ്ടാണ് കേരളത്തിന് വിപണി ഇടപെടല്‍ നടത്തേണ്ടി വന്നത്. വിപണി ഇടപെടലില്‍ ഈ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
കോടികളാണ് കരാറുകാര്‍ക്ക് സപ്ലൈകോ നല്‍കാനുള്ളത്. അതുകൊണ്ട് തന്നെ അവര്‍ കരാറില്‍ പങ്കെടുക്കുകയോ സാധനങ്ങള്‍ വിതരണം ചെയ്യുകയോ ചെയ്യുന്നില്ല. അതുകൊണ്ടാണ് മാവേലി ഷോപ്പ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ 13 അവശ്യ സാധനങ്ങള്‍ പോലും ഇല്ലാത്ത അവസ്ഥയുണ്ടായത്. മന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട്ടെ സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളില്‍ പോലും ഇതാണ് സ്ഥിതി. സാധനങ്ങള്‍ ഇല്ലെന്നത് യാഥാര്‍ത്ഥ്യമാണ്. സപ്ലൈകോയ്ക്ക് പണം നല്‍കാത്തത് കൊണ്ട് ഓണക്കാലത്തെ ടെന്‍ഡര്‍ നടപടികള്‍ പോലും മുടങ്ങി. മന്ത്രിയുടെ നിയോജക മണ്ഡലത്തിലുള്‍പ്പെടെ 13 അവശ്യ സാധനങ്ങളില്ല.
സപ്ലൈകോ വിപണി ഇടപെടല്‍ കൃത്യമായി നടത്തിയാല്‍ പൊതുവിപണിയില്‍ ഇടനിലക്കാര്‍ ഉണ്ടാക്കുന്ന കൃത്രിമ വിലക്കയറ്റം ഇല്ലാതാകും. സപ്ലൈകോയില്‍ ചെറുപയറിന് 74 രൂപയുള്ളപ്പോള്‍ പൊതു വിപണിയില്‍ 120 രൂപയാണ്. 66 രൂപയുള്ള ഉഴുന്നിന് പൊതുവിപണിയില്‍ 130 രൂപ. 75 രൂപയുള്ള മുളകിന് പൊതുവിപണിയില്‍ 320 രൂപയാണ് വില. ഇത്തരത്തില്‍ ഇരട്ടിയും മൂന്നിരട്ടിയുമാണ് പൊതുവിപണിയിലെ വില. കൃത്യമായ വിപണി ഇടപെടല്‍ നടത്തി വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. അല്ലാതെ അവിടെ മൂന്ന് ഐറ്റമുണ്ട് ഇവിടെ നാല് ഐറ്റമുണ്ട് എന്നല്ല. നെടുമങ്ങാട് പീപ്പിള്‍സ് ബസാറില്‍ മുളകും വന്‍പയറും കടലയും ഉള്‍പ്പെടെയുള്ള സാധനങ്ങളില്ല.
സപ്ലൈകോ കരാറുകാര്‍ക്ക് നല്‍കാനുള്ള പണം നല്‍കാന്‍ സര്‍ക്കാര്‍ തയാറകണം. 1300 കോടി രൂപ ആവശ്യമുള്ളപ്പോഴാണ് 70 കോടി നല്‍കിയത്. പ്രമേയ അവതാരകനായ പി.സി വിഷ്ണുനാഥ് പറഞ്ഞതു പോലെ സിവില്‍ സപ്ലൈസ് മന്ത്രിയാണ് യഥാര്‍ത്ഥത്തില്‍ അടിയന്തിര പ്രമേയം അവതരിപ്പിക്കേണ്ടത്. പണം തരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടേണ്ട സ്ഥിതിയാണ്.
പച്ചക്കറിയുടെ വില പിടിച്ച് നിര്‍ത്തേണ്ട ഹോട്ടികോര്‍പില്‍ നാടന്‍ കത്തിരിക്ക് 76 രൂപയായപ്പോള്‍ പൊതുവിപണിയിലെ വില 50 രൂപയായി. 52 രൂപയുടെ വഴുതന പൊതു വിപണിയില്‍ 30 രൂപയ്ക്ക് ലഭിക്കും. 25 രൂപയുടെ വെണ്ടക്ക 20 രൂപയ്ക്ക് 35 രൂപയുടെ പടവലം പൊതുവിപണിയില്‍ 25 രൂപയ്ക്ക് ലഭിക്കും. ഹോട്ടികോര്‍പിന്റെ ഇന്നത്തെ വില്‍പന വിലയാണിത്. ഇങ്ങനെയാണെങ്കില്‍ ഹോട്ടികോര്‍പ്പ് പോതുവിപണിയിലെ പച്ചക്കറി വില എങ്ങനെ നിയന്ത്രിക്കും? വിപണി ഇടപെടലിന് വേണ്ടി രൂപീകരിച്ച ഹോട്ടികോര്‍പ് പൂര്‍ണമായും പരാജയപ്പെട്ടു. കെ.എസ്.ആര്‍.ടി.സിയെ കൊന്നതു പോലെ സിവില്‍ സപ്ലൈസ് കോര്‍പറേഷനെയും സര്‍ക്കാര്‍ മുക്കിക്കൊല്ലുകയാണ്.
മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെയും മന്ത്രി വിമര്‍ശിച്ചു. കുടിശിക നല്‍കാതെ ധനവകുപ്പ് തഴയുന്നെന്ന് ഭക്ഷ്യ വകുപ്പിന്റെ പേരില്‍ വാര്‍ത്ത വന്നു. പിറ്റേദിവസം നെല്‍കര്‍ഷകര്‍ക്ക് നല്‍കിയ 2500 കോടി എന്തുചെയ്‌തെന്ന വാര്‍ത്ത ധനവകുപ്പിന്റെ പേരില്‍ വരുന്നു. ഈ വാര്‍ത്തകളൊന്നും ഭക്ഷ്യവകുപ്പ് മന്ത്രിയോ ധനവകുപ്പ് മന്ത്രിയോ ഉദ്യോഗസ്ഥരോ നിഷേധിച്ചിട്ടില്ല. ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ ധനവകുപ്പ് അറിയാതെ ഭക്ഷ്യവകുപ്പ് ഒപ്പുവച്ചെന്നും വാര്‍ത്ത വന്നിട്ടുണ്ട്. മാധ്യമ വാര്‍ത്തകള്‍ തെറ്റാണെങ്കില്‍ ഏതെങ്കിലും ഒരു മന്ത്രി ആ വാര്‍ത്തകള്‍ നിഷേധിച്ചോ? കരാറുകാര്‍ക്കോ നെല്‍ക്കര്‍ഷകര്‍ക്കോ പണം നല്‍കാനാകാതെ 3400 കോടി രൂപയുടെ ബാധതയില്‍ സപ്ലൈകോ നില്‍ക്കുകയാണ്. കോവിഡ് കാലത്ത് കൊടുത്ത കിറ്റിന്റെ പണം പോലും നല്‍കിയിട്ടില്ല. ഇത്രയും വലിയ ബാധ്യത താങ്ങാനുള്ള ശേഷി സപ്ലൈകോയ്ക്കില്ല.
വാക്കൗട്ട് പ്രസംഗം നടത്തുമ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തടസപ്പെടുത്താന്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇക്കാര്യം പരാതിയായി സ്പീക്കര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്. പൊള്ളിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പറയുമ്പോള്‍ അറിയാതെ എഴുന്നേല്‍ക്കുകയാണ്. മന്ത്രിമാരുടെ നേതൃത്വത്തിലാണ് പ്രസംഗം തടസപ്പെടുത്തുന്നത്. ജനങ്ങളെ ബാധിക്കുന്ന വിഷയത്തെ കുറിച്ച് നിയമസഭയില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് എന്തൊരു ജനാധിപത്യ വിരുദ്ധതയാണ്? ഇതുതന്നെയാണ് പാര്‍ലമെന്റിലും നടക്കുന്നത്. ഈ സമീപനം ആവര്‍ത്തിച്ചാല്‍ നിയമസഭാ നടപടികളുമായി സഹകരിച്ചു പോകാന്‍ ബുദ്ധിമൂട്ടാകുമെന്ന് സ്പീക്കറെ അറിയിക്കുകയാണ്.
സപ്ലൈകോ വേണ്ടെന്നതാണോ സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇത്രയും ബാധ്യത വരുത്തിയാല്‍ ആ സ്ഥാപനത്തിന് വിപണി ഇടപെടല്‍ നടത്താന്‍ സാധിക്കുമോ? ധന, ഭക്ഷ്യ വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ അതില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. വിലക്കയറ്റം പകുതിയും സര്‍ക്കാരിന്റെ സൃഷ്ടിയാണ്. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ ഉണ്ടാക്കിവച്ച ബാധ്യതകള്‍ക്ക് മീതെയാണ് വിപണ ഇടപെടല്‍ നടക്കാത്തതിന് തുടര്‍ന്നുണ്ടായിരിക്കുന്ന വിലക്കയറ്റം. ജനങ്ങള്‍ പ്രയാസപ്പെട്ടിട്ടും ചെറുവിരല്‍ അനക്കാതെ സര്‍ക്കാര്‍ മൂകസാക്ഷിയെ പോലെ നോക്കി നില്‍ക്കുന്നു. വിപണി ഇടപെടല്‍ നടത്തേണ്ട സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തകര്‍ന്ന് തരിപ്പണമാകുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. ഒന്നിലും ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാടില്‍ ശക്തമായി പ്രതിഷേധിക്കുന്നു.