ഇലക്ട്രിക് വാഹന ഡീലര്‍മാര്‍ക്ക് പിന്തുണയുമായി സൗത്ത് ഇന്ത്യന്‍ ബാങ്കും ടാറ്റ മോട്ടോഴ്‌സും ധാരണയില്‍

Spread the love

കൊച്ചി: പാസഞ്ചര്‍ ഇലക്ട്രിക് വാഹന ഡീലര്‍മാര്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിന് രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യന്‍ ബാങ്കും മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്‌സും കൈകോര്‍ക്കുന്നു. ഉത്സവ സീസണില്‍ ഇ വി ഡീലര്‍മാര്‍ക്കും എല്ലാ ഉപഭോക്താക്കള്‍ക്കും സമഗ്ര സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്ന എക്‌സ്‌ക്ലൂസീവ് ഇലക്ട്രിക് വെഹിക്കിള്‍ ഡീലര്‍ ഫിനാന്‍സിങ് പ്രോഗ്രാം സംബന്ധിച്ച ധാരണാപത്രത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ട്രാന്‍സാക്ഷന്‍ ബാങ്കിങ് ഗ്രൂപ്പ് മേധാവി പ്രവീണ്‍ ജോയ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്ക്ള്‍സ് ലിമിറ്റഡ് നെറ്റ് വര്‍ക്ക് മാനേജ്‌മെന്റ് & ഇ.വി സെയില്‍സ് വിഭാഗം സീനിയര്‍ ജനറല്‍ മാനേജര്‍ രമേശ് ദുരൈരാജന്‍ എന്നിവര്‍ ഒപ്പുവച്ചു.

”പാസഞ്ചര്‍ ഇലക്ട്രിക് വാഹന ഡീലര്‍മാര്‍ക്കു മാത്രമായി സവിശേഷ സാമ്പത്തിക പിന്തുണ പദ്ധതി അവതരിപ്പിക്കുന്നതിന് ടാറ്റാ മോട്ടോഴ്‌സുമായി കൈകോര്‍ക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ബാങ്കിന്റെ ആസ്തി അടിത്തറ വിപുലപ്പെടുത്താനും പുതിയ വിഭാഗം ഉപഭോക്താക്കളിലേക്ക് സേവനങ്ങളെത്തിക്കാനും ഈ പങ്കാളിത്തം പ്രയോജനപ്പെടും. ഡീലര്‍മാരുടേയും ഉപഭോക്താക്കളുടേയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് കൂടുതല്‍ പദ്ധതികളും ഓഫറുകളും ടാറ്റ മോട്ടോഴ്‌സുമായി ചേര്‍ന്ന് തുടര്‍ന്നും അവതരിപ്പിക്കാനാകുമെന്ന് പ്രത്യാശിക്കുന്നു,” സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു.

”ഇന്ത്യക്കാരുടെ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് ചുക്കാന്‍ പിടിക്കുക എന്നത് ടാറ്റ മോട്ടോഴ്‌സിന്റെ വിപണന തന്ത്രത്തിന്റെ അവിഭാജ്യ ഘടകമാണ്. ഈ ലക്ഷ്യവുമായി യോജിക്കുന്ന പങ്കാളികളെ ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. ടാറ്റയുടെ അംഗീകൃത ഇലക്ട്രിക് വാഹന ഡീലര്‍മാര്‍ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക് നല്‍കുന്ന സവിശേഷ സാമ്പത്തിക പിന്തുണ ഈ ദിശയിലുള്ള ഒന്നാണ്. ഇന്ത്യയില്‍ ഇ വി ഉപയോഗം വിപുലീകരിക്കാന്‍ സഹായിക്കുന്നതില്‍ ഞങ്ങളുടെ ഡീലര്‍മാര്‍ക്ക് നിര്‍ണായക പങ്കാണുള്ളത്,” ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്ക്ള്‍സ് ലിമിറ്റഡ് നെറ്റ് വര്‍ക്ക് മാനേജ്‌മെന്റ് & ഇ.വി സെയില്‍സ് വിഭാഗം സീനിയര്‍ ജനറല്‍ മാനേജര്‍ രമേശ് ദുരൈരാജന്‍ പറഞ്ഞു.

ഇന്ത്യന്‍ വാഹന വിപണിയില്‍ വിപ്ലവകരമായ മുന്നേറ്റത്തിലൂടെ ഇലക്ട്രിക് വാഹന വിപണി അടക്കിവാഴുന്നത് ടാറ്റ മോട്ടോഴ്‌സ് ആണ്. 90,000ലധികം ഇ.വികള്‍ ഉല്‍പ്പാദിപ്പിച്ച ടാറ്റയ്ക്ക് നിലവില്‍ 71 ശതമാനം വിപണി വിഹിതമുണ്ട്.

വൈവിധ്യമാര്‍ന്ന ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളിലൂടെ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ രാജ്യത്ത് മുന്‍നിരയിലുള്ള ബാങ്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്. രാജ്യത്ത് ഏറ്റവും പ്രായം കുറഞ്ഞ തൊഴില്‍സേനയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിലേത്. മൂലധനം, കറന്റ് അക്കൗണ്ട് സേവിങ്‌സ് അക്കൗണ്ട്, ചെലവ് വരുമാന അനുപാതം, മത്സരക്ഷമത, ഉപഭോക്തൃ ശ്രദ്ധ, കംപ്ലയന്‍സ് എന്നിവ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വിഷന്‍ 2024 പദ്ധതി ഇപ്പോള്‍ ബാങ്ക് നടപ്പിലാക്കിവരുന്നു.

ഫോട്ടോ ക്യാപ്ഷന്‍: പാസഞ്ചര്‍ ഇലക്ട്രിക് വാഹന ഡീലര്‍മാര്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള ധാരണാപത്രം ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്ക്ള്‍സ് ലിമിറ്റഡ് നെറ്റ് വര്‍ക്ക് മാനേജ്‌മെന്റ് & ഇ.വി സെയില്‍സ് വിഭാഗം സീനിയര്‍ ജനറല്‍ മാനേജര്‍ രമേശ് ദുരൈരാജന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് ട്രാന്‍സാക്ഷന്‍ ബാങ്കിങ് ഗ്രൂപ്പ് മേധാവി പ്രവീണ്‍ ജോയ് എന്നിവര്‍ പരസ്പരം കൈമാറുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *