മെയ്ക്ക് ദി ബ്യൂട്ടി സ്പോട്ടിൽ ചെണ്ടുമല്ലി വിളവെടുത്തു.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് നാലാം വാർഡും നന്തിക്കര വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികളും ചേർന്ന്
മേക്ക് ദി ബ്യൂട്ടി സ്പോട്ട് പദ്ധതിയുടെ ഭാഗമായി ദേശീയപാതയോരത്തെ മാലിന്യങ്ങൾ നീക്കം ചെയ്ത് നടത്തിയ പൂകൃഷിയുടെ വിളവെടുപ്പ് നന്തിക്കരയിൽ ജില്ലാ കലക്ടർ വി. ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും മാതൃകയാണെന്ന് കലക്ടർ പറഞ്ഞു. കൃഷി പരിപാലനത്തിന് നേതൃത്വം നൽകിയ നന്തിക്കര വി എച്ച് എസ് ഇ യിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും കലക്ടർ അഭിനന്ദിച്ചു.
ചടങ്ങിൽഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് അധ്യക്ഷനായി. മെയ്ക്ക് ദി ബ്യൂട്ടി സ്പോട്ട് പദ്ധതി പഞ്ചായത്തിലെ എല്ലാ പ്രദേശത്തേക്കും വ്യാപിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
കഴിഞ്ഞ പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് കെ കെ രാമചന്ദ്രൻ എംഎൽഎ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സംഘടനകളെയും വിദ്യാർത്ഥികളെയും ഓട്ടോ തൊഴിലാളികളെയും പദ്ധതിയുടെ ഭാഗമാക്കി മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ഇല്ലാത്ത പഞ്ചായത്ത് ആക്കി മാറ്റുക എന്നതാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യമാക്കുന്നത്.
ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ, കെ. സി. പ്രദീപ്, എൻ. എം. പുഷ്‌പാകാരൻ, പഞ്ചായത്ത് സെക്രട്ടറി ജി. സബിത, വി എച്ച് എസ് ഇ പ്രിൻസിപ്പൽ മഞ്ജു കെ. മാത്യു, അധ്യാപകരായ ലിജി ജോസഫ്, വിജന എ. വി, ഷിനോഷ്. പി. എൻ, ലിജി വർഗീസ്, ഗിരിജൻ.പി എന്നിവർ പങ്കെടുത്തു.