കേരളത്തിലേത് ശക്തമായ പൊതുവിതരണ സംവിധാനം; മറിച്ചുള്ളത് വസ്തുതാ വിരുദ്ധപ്രചാരണം: മുഖ്യമന്ത്രി
സഹകരണ ഓണം വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കടവന്ത്ര ഗാന്ധിനഗറില്‍ കണ്‍സ്യൂമര്‍ ഫെഡ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് വിപണിയില്‍ ഫലപ്രദമായി ഇടപെടുന്ന കേരളത്തിലെ പൊതുവിതരണ സംവിധാനം ശക്തമായ നിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ പൊതുവിതരണ സംവിധാനം തകര്‍ന്നു എന്ന രീതിയിലുള്ള തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.വസ്തുതകളെ വസ്തുതകളായി അവതരിപ്പിക്കാന്‍ ബാധ്യതയുള്ള ചില മാധ്യമങ്ങളാണ് തെറ്റായ പ്രചാരണം നടത്തുന്നത്. ഈ ഓണക്കാലം സമൃദ്ധമാക്കുന്നതിന് കണ്‍സ്യൂമര്‍ഫെഡും സപ്ലൈകോയും വിപണമേളകള്‍ ആരംഭിച്ചിരിക്കുകയാണ്. 200 കോടി രൂപയുടെ വിപണി ഇടപെടലാണ് കണ്‍സ്യൂമര്‍ഫെഡ് ഓണക്കാലത്ത് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളം 1500 ഓണവിപണികളാണ് കണ്‍സ്യൂമര്‍ഫെഡ് ആരംഭിക്കുന്നത്.കണ്‍സ്യൂമര്‍ഫെഡിന്റെ വിപണി ഇടപെടല്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. സര്‍ക്കാര്‍ സബ്സിഡിക്ക് പുറമേ കണ്‍സ്യൂമര്‍ഫെഡ് 10 മുതല്‍ 40 ശതമാനം വരെ പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ സാധനങ്ങള്‍ വില്‍ക്കുന്നു. കൃത്യമായ മാനേജ്മെന്റിന്റെ ഭാഗമായാണ് ഇത് സാധ്യമാകുന്നത്. ഉല്‍പ്പന്നങ്ങള്‍ ഉല്പാദന കേന്ദ്രങ്ങളില്‍ നിന്ന് സംഭരിക്കുകയും അത് ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന വിലക്കുറവില്‍ വില്‍ക്കുകയും ചെയ്യുന്നു. ഓണച്ചന്തയുടെ സ്ഥിതി നോക്കിയാല്‍ പൊതുപണിയില്‍ നിന്ന് 1000 രൂപയ്ക്ക് വാങ്ങുന്ന 13 ഇനങ്ങള്‍ 462 രൂപയ്ക്ക് ലഭിക്കുന്നു. വലിയ സാമ്പത്തിക ലാഭമാണ് ഉപഭോക്താക്കള്‍ക്കുണ്ടാകുക. പച്ചക്കറി ഉല്‍പ്പന്നങ്ങളും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും മറ്റ് ഉപഭോക്തൃ ഉത്പന്നങ്ങളും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഇത്തവണത്തെ ഓണവിപണിയുടെ പ്രത്യേകത. അതോടൊപ്പം കേരളത്തിലെ എല്ലാ സഹകരണ സ്ഥാപനങ്ങളും ഓണവിപണി ഒരുക്കുന്നു. സഹകരണ മേഖലയുടെ സമഗ്ര ഇടപെടലാണ് ഇത് വ്യക്തമാക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡിലെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ പിന്നീട് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.