രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് കേരളത്തിൽ: മുഖ്യമന്ത്രി

Spread the love

സപ്ലൈകോ ഓണം ഫെസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ലൈകോ ഓണം ഫെസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് വിലക്കയറ്റം തടുത്തു നിർത്തുന്നതിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് ഇടപെടൽ ഉണ്ടാകുന്നില്ല. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ സംസ്ഥാനത്ത് വലിയ തോതിൽ സാധനങ്ങൾക്ക് വില ഉയരേണ്ടതാണ്. എന്നാൽ വിലക്കയറ്റത്തോത് ദേശീയ ശരാശരിയേക്കാൾ താഴെ നിർത്താൻ കേരളത്തിന് കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി സംസ്ഥാന സർക്കാർ നിരന്തരം സ്വീകരിച്ച

പ്രതിജ്ഞാബദ്ധമായ നടപടികളിലൂടെയാണ് ഇത് സാധ്യമായത്.ചില്ലറ വിൽപന അടിസ്ഥാനമാക്കുമ്പോൾ ദേശീയ നിലയിൽ ജൂലൈയിലെ വിലക്കയറ്റത്തോത് 7.44 ശതമാനമാണ്. പച്ചക്കറി വില ദേശീയതലത്തിൽ 37 ശതമാനം അധികം ഉയർന്നപ്പോൾ ധാന്യങ്ങളുടെയും പയർവർഗങ്ങളുടെയും വില 13 ശതമാനം അധികം വർധിച്ചു. ജനോപകാരപ്രദമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സപ്ലൈകോ. എന്നാൽ അങ്ങനെയല്ലെന്ന് വരുത്തേണ്ടത് ചിലരുടെ ആവശ്യമാണ്. ഈ രംഗത്ത് ഒന്നും നടക്കുന്നില്ലെന്ന് വരുത്തിത്തീർക്കാൻ

നിക്ഷിപ്ത താത്പര്യക്കാർ ശ്രമിക്കുന്നു. സപ്ലൈകോയെക്കുറിച്ച് അവമതിപ്പുണ്ടാക്കാൻ കുപ്രചരണം അഴിച്ചുവിടുന്നു.കഴിഞ്ഞ സാമ്പത്തിക വർഷം സപ്ലൈകോയുടെ ശരാശരി വിറ്റുവരവ് 252 കോടി രൂപയാണ്. നിലവിൽ 270 കോടി രൂപയും. സാധാരണക്കാർ സപ്ലൈകോയെ കൂടുതലായി ആശ്രയിക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് സാധനങ്ങൾ ഉറപ്പുവരുത്താൻ സർക്കാർ ശ്രമിക്കും. സ്റ്റോക്ക് തീരുന്നതും സാധനങ്ങൾ എത്തുന്നതിന് താമസമുണ്ടാകുന്നതും ഒരു മാസത്തേക്ക് കണക്കാക്കി സ്റ്റോക്ക് ചെയ്ത സാധനങ്ങൾ വേഗം തീരുന്നതുമൊക്കെ ചില സാധനങ്ങൾ ചില അവസരങ്ങളിൽ ലഭ്യമാകാത്തതിന് ഇടയാക്കാറുണ്ട്. സപ്ലൈകോയിൽ നല്ല രീതിയിൽ വിറ്റുവരവ് ഉണ്ടാകുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Author

Leave a Reply

Your email address will not be published. Required fields are marked *