ജെ.സി. ദേവിനും പി.എസ്. ചെറിയാനും ടി.ജെ. ജോഷ്വായ്ക്കും ക്രൈസ്തവസാഹിത്യ അക്കാദമി അവാര്‍ഡ് : സാം കൊണ്ടാഴി (മീഡിയാ കണ്‍വീനര്‍)

Spread the love

കോട്ടയം: സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ക്രൈസ്തവസാഹിത്യ അക്കാദമിയുടെ അവാര്‍ഡുകൾ പ്രഖ്യാപിച്ചു. പ്രശസ്ത എഴുത്തുകാരായ ഇവാ. ജെ.സി. ദേവ്, പി.എസ്. ചെറിയാന്‍, റവ. ഡോ.ടി.ജെ. ജോഷ്വാ എന്നിവരാണ് 2023 ലെ അവാര്‍ഡിന് അര്‍ഹരായവര്‍.

സെപ്റ്റംബര്‍ ഒന്നിന് കൂടിയ അവാർഡ് പ്രഖ്യാപനയോഗത്തിൽ അക്കാദമി പ്രസിഡണ്ട് ടോണി ഡി. ചെവ്വൂക്കാരന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്‍റ് പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരം, ജനറല്‍ സെക്രട്ടറി സജി മത്തായി കാതേട്ട്, ട്രഷറര്‍ ലിജോ വര്‍ഗീസ് പാലമറ്റം, ജോയിന്‍റ് സെക്രട്ടറി എം.വി. ബാബു കല്ലിശ്ശേരി, മീഡിയ കണ്‍വീനർ സാം കൊണ്ടാഴി എന്നിവർ സന്നിഹിതരായിരുന്നു. ഒക്ടോബര്‍ അവസാനം കോട്ടയത്ത് നടക്കുന്ന വാര്‍ഷിക സമ്മേളനത്തിൽ അവാര്‍ഡുകൾ സമ്മാനിക്കും.
ക്രൈസ്തവസാഹിത്യത്തിനു ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ജെ.സി. ദേവ് ആറുപതിറ്റാണ്ടിലേറെയായി ക്രൈസ്തവ സാഹിത്യ രംഗത്ത് നിറഞ്ഞു നില്ക്കുന്ന വ്യക്തിത്വമാണ്. എഴുത്തുകാരന്‍, ഗ്രന്ഥകര്‍ത്താവ്, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശോഭിക്കുന്ന ജെ.സി. ദേവ് ചെറുപ്രായത്തില്‍ തന്നെ എഴുതിത്തുടങ്ങി. ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ സ്ഥാപകാംഗവും ദീര്‍ഘകാലം പ്രസിഡന്‍റുമായിരുന്നു. 54-ഓളം പുസ്തകങ്ങളുടെ രചയിതാവായ ദേവിന്‍റെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥങ്ങളാണ് ആഗോള ക്രൈസ്തവ സഭ നൂറ്റാണ്ടുകളിലൂടെ, കേരള നവോത്ഥാന ചരിത്രം, ദൈവശാസ്ത്രം എന്നിവ.
കാലികപ്രാധാന്യമുള്ള ഒട്ടേറെ ലേഖനങ്ങളും പഠനാര്‍ഹമായ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഫാദര്‍ വടക്കന്‍റെ തൊഴിലാളി പത്രത്തിൽ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തു.
വിശ്വാസസമര്‍ത്ഥന ദൈവശാസ്ത്രത്തിൽ ( Apologetics Theology) കാതലായ സംഭാവനകള്‍ നല്‍കിയ ജെ.സി ദേവ് കാല്‍ നൂറ്റാണ്ടോളം ‘യുക്തിയും വിശ്വാസവും’ മാസികയുടെ പത്രാധിപരായിരുന്നു. കുട്ടികള്‍ക്കു വേണ്ടി ‘ബാലസിദ്ധി’ മാസിക ആരംഭിച്ചു. പുസ്തക പ്രസിദ്ധീകരണത്തിനായി ബഥനി ബുക്സ് (1973) തുടങ്ങി. പ്രവചനപ്രദീപിക, ധര്‍മ്മദീപ്തി, ബ്രദറണ്‍ എക്കോ മാസിക എന്നിവയുടെ പത്രാധിപ സമിതിയംഗമായിരുന്നു. ഭാര്യ: ജോയ്സ്. മക്കള്‍: ഗോഡ്ലി, ആഗ്നസ്.

ക്രൈസ്തവ മാധ്യമരംഗത്ത് മൂന്നു പതിറ്റാണ്ടിലേറെയായി സജീവസാന്നിധ്യമായ പി.എസ്. ചെറിയാന്‍ വേദാധ്യാപകൻ, ഗ്രന്ഥകാരൻ, പത്രാധിപർ, ഗാനരചയിതാവ്, കോളമിസ്റ്റ് എന്നീ നിലയില്‍ ശ്രദ്ധേയനായി.
പന്ത്രണ്ട് അപ്പൊസ്തലന്മാര്‍, പെന്തെക്കോസ്ത് ഉണര്‍വ്: തുടക്കവും തുടര്‍ച്ചയും, സഭയും അടിസ്ഥാന ഉപദേശങ്ങളും, വ്യക്തിത്വം ജീവിതവിജയത്തിന്, ചിറകടിച്ചുയരേണ്ട യൗവനം, സഭാദൗത്യവും നേതൃത്വ സിദ്ധാന്തങ്ങളും, ഉദ്ധരണികളുടെ പുസ്തകം, ലഘു സഭാശബ്ദകോശം തുടങ്ങി പത്തിലധികം ഗ്രന്ഥങ്ങൾ രചിച്ചു. ഇരുനൂറിലധികം ക്രിസ്തീയ ഗാനങ്ങളും കീര്‍ത്തനങ്ങളും രചിച്ചിട്ടുണ്ട്.
പെന്തെക്കോസ്തല്‍ പ്രസ്സ് അസ്സോസ്സിയേഷന്‍ ഓഫ് ഇന്‍ഡ്യ, സര്‍ഗസമിതി, വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്‍ഡ്യ എന്നിവയുടെ സാഹിത്യ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തിരുവല്ല റീഡേഴ്സ് പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്റർ, ആത്മീയയാത്ര കടുംബമാസിക മാനേജിംഗ് എഡിറ്റര്‍ എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്.
എവൈ ടീവിയുടെ കണ്ടന്‍റ് ഹെഡ്ഡായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗുഡ്ന്യൂസ്, മരുപ്പച്ച, സ്വര്‍ഗീയധ്വനി, ഹാലേലുയ്യാ, സങ്കീര്‍ത്തനം തുടങ്ങിയ ആനുകാലികങ്ങളിൽ എഴുതുന്നു. ഹലേലൂയ്യാ ന്യൂസിന്‍റെ ഓണ്‍ലൈൻ എഡിറ്ററും സര്‍ഗസമിതിയുടെ സെക്രട്ടറിയുമാണ്. ചര്‍ച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പാറക്കുളം സഭാംഗമാണ്. ഭാര്യ: സുബി ചെറിയാന്‍. മക്കള്‍: പ്രത്യാശ് – നിമിഷ; പ്രതീഷ് – പ്രയ്സ്; ആശിഷ്.

പണ്ഡിതനായ റവ. ഡോ. ടി.ജെ. ജോഷ്വാ വേദപുസ്തക വ്യാഖ്യാതാവ്, പ്രഭാഷകന്‍, സാമൂഹ്യപ്രവര്‍ത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. 1947-ല്‍ ശെമ്മാശപട്ടവും 1956-ല്‍ വൈദീക പദവിയും ലഭിച്ചു. 1954-മുതല്‍ കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപകന്‍. ന്യൂയോര്‍ക്കിലെ യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് എസ്ടിഎം ലഭിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭ ‘മലങ്കര സഭാ ഗുരുരത്നം’ എന്ന അപൂര്‍വ പദവി നല്‍കി ആദരിച്ചു. അറുപതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനോരമ സണ്ടേസപ്ലിമെന്‍റിൽ ‘ഇന്നത്തെ ചിന്തയ്ക്ക്’ എന്ന പംക്തി ഏറെ ശ്രദ്ധേയമാണ്.
ഭാര്യ: പരേതയായ ഡോ. മറിയാമ്മ. മക്കള്‍: ഡോ. റോയി ജോഷ്വാ, ഡോ. രേണു ജോളി മാത്യു.

 

Author

Leave a Reply

Your email address will not be published. Required fields are marked *