വിജയത്തിന് പിന്നില്‍ ടീം യു.ഡി.എഫ്; പുതുപ്പള്ളി ഫലം സി.പി.എമ്മിന്റെ തകര്‍ച്ചയുടെ തുടക്കം – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനം.

പിണറായി വിജയന്റെ കുഴലൂത്തുകാരനായി പാര്‍ട്ടി സെക്രട്ടറി അധഃപതിച്ചു.

കോഴിക്കോട് : കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പ്രതീകമായാണ് പുതുപ്പള്ളിയിലെ ജനങ്ങള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനെ വിജയിപ്പിച്ചത്. സര്‍ക്കാരിനോടുള്ള കടുത്ത പ്രതിഷേധം വോട്ടെടുപ്പില്‍ പ്രതിഫലിച്ചു. സര്‍ക്കാരിന്റെ മുഖത്ത് കനത്ത പ്രഹരമേറ്റിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാത്തത് വിചിത്രമാണ്. കോന്നി പിടിച്ചെടുത്തപ്പോള്‍ വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്ന മുഖ്യമന്ത്രി ഇത്രയും വലിയ പരാജയമുണ്ടായിട്ടും ഒന്നും മിണ്ടാന്‍ തയാറല്ല. ജനവിധി ഗൗരവതരമായി കാണുന്നില്ലെന്നതാണ് അതിന് കാരണം.


സി.പി.എമ്മിന്റെ തകര്‍ച്ചയുടെ തുടക്കമാണ് പതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം. പാര്‍ട്ടിയെ ഭരണം എങ്ങനെ ദുഷിപ്പിച്ചെന്ന് പുതുപ്പള്ളിയില്‍ കണ്ടതാണ്. അത്രത്തോളം ശക്തമായ എതിര്‍പ്പാണ് പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെ പുതുപ്പള്ളിയിലുണ്ടായത്. സര്‍ക്കാരിന് താക്കീത് നല്‍കാന്‍ പുതുപ്പള്ളിയിലെ വലിയൊരു വിഭാഗം ഉത്തമരായ കമ്മ്യൂണിസ്റ്റുകാര്‍ യു.ഡി.എഫിന് വോട്ട് ചെയ്തു. ഇങ്ങനെ പോയാല്‍ ബംഗളിലെ അനുഭവം കേരളത്തിലെ സി.പി.എമ്മിനുണ്ടാകുമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ കരുതുന്നുണ്ട്.ചോദ്യം ചെയ്യാനോ ചൂണ്ടു വിരല്‍ ഉയര്‍ത്താനോ തെറ്റായ വഴികളിലൂടെ പിണറായി വിജയന്‍ പോകുന്നത് ചൂണ്ടിക്കാട്ടാനോ കഴിയാത്ത ഭീരുക്കളുടെ കൂട്ടമായി സി.പി.എം മാറിയിരിക്കുകയാണ്. ഇതൊക്കെ പറയണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടെങ്കിലും അതിനുള്ള ധൈര്യമില്ലെന്നാതാണ് ആ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ ഭീഷണി. സര്‍ക്കാരിനെ വിലയിരുത്തുന്ന തെരഞ്ഞെടുപ്പായിരിക്കുമെന്നാണ് സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചു കൊണ്ട് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞത്. എന്നിട്ട് ഇന്നലെ മാറ്റിപ്പറഞ്ഞു. മലക്കം മറിയല്‍ വിദഗ്ധനാണ് ഗോവിന്ദന്‍. പിണറായി വിജയന്റെ കുഴലൂത്തുകാരനായി പാര്‍ട്ടി സെക്രട്ടറി അധപതിച്ചിരിക്കുകയാണ്.


സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധവും രോഷവും എത്രത്തോളം ഉണ്ടെന്നതിന്റെ തെളിവാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം. എല്ലാ യു.ഡി.എഫ് പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി പറയുന്നു. ടീം യു.ഡി.എഫാണ് വിജയത്തിന് പിന്നില്‍. തൃക്കാക്കരയിലേതു പോലെ ഒരേ മനസോടെയാണ് പുതുപ്പള്ളിയിലും പ്രവര്‍ത്തിച്ചത്. ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിച്ചാണ് യു.ഡി.എഫ് ഈ വിജയം നേടിയത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ യു.ഡി.എഫിന് പുതിയൊരു സംസ്‌ക്കാരത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ആത്മാര്‍ത്ഥതയോടെ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ഇതായിരിക്കും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ഞങ്ങളുടെ വിജയ മന്ത്രം. തെരഞ്ഞെടുപ്പ് പോരാട്ടത്തിനുള്ള ഇന്ധനമാണ് ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി നല്‍കിയത്. പുതുപ്പള്ളിയിലെ ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു. ഇത്രയും വിജയം നല്‍കിയ ജനങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ തലകുനിക്കുന്നു. ഈ വലിയ വിജയം ഞങ്ങളുടെ ചുമലുകളില്‍ ജനങ്ങള്‍ വച്ച് തന്നിരിക്കുന്ന വലിയ ഭാരമാണ്. കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറാനുള്ള പിന്തുണയാണ് പുതുപ്പള്ളിയിലെ ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തിലൂടെ നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ ആഗ്രഹിക്കുന്ന വഴികളിലൂടെ ഞങ്ങള്‍ പോകും.

ഭരണത്തില്‍ മുഖ്യമന്ത്രിക്ക് ഒരു കാര്യവുമില്ല. പിണറായി വിജയനല്ല, മറ്റൊരു സംഘമാണ് കേരളം ഭരിക്കുന്നത്. പൊലീസ് ഉള്‍പ്പെടെയുള്ള ഭരണപരമായ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘം പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനെയും ഡയറക്ടര്‍ ബോഡിനെയും മാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നത് അദ്ഭുതമാണ്. സ്വന്തം വകുപ്പിലെ കോര്‍പറേഷന്‍ പുനസംഘടിപ്പിച്ചിട്ടും അറിഞ്ഞില്ലെങ്കില്‍ പിന്നെ മുഖ്യമന്ത്രി എന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നത്? പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ അടിവരയിടുന്ന കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്.

ഗ്രോ വാസുവെന്ന പൗരാവകാശ പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചു. 94 വയസുകാരന്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പൊലീസ് വായ് പൊത്തിപ്പിടിച്ചതും തൊപ്പി ഉപയോഗിച്ച് മുഖം മറയ്ക്കുന്നതും കേട്ടുകേള്‍വിയില്ലാത്തതാണ്. ഇത് എന്ത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ്? ഇത് തീവ്രവലതുപക്ഷ സര്‍ക്കാരാണ്.

മുദ്രാവാക്യം വിളിച്ചും പോരാട്ട വീര്യത്തിലൂടെയും കടന്നു വന്നവരാണെന്ന് അവകാശപ്പെടുന്നവര്‍ അധികാരത്തില്‍ ഇരിക്കുമ്പോഴാണ് കേരളത്തെ ലജ്ജിപ്പിക്കുന്ന ഈ സംഭവം നടന്നത്. ഗ്രോ വാസുവിന്റെ മൃദുവായ ശബ്ദത്തെ പോലും ഈ സര്‍ക്കാര്‍ ഭയപ്പെടുകയാണ്. കേരളം ഭരിക്കുന്നത് തീവ്രവലതുപക്ഷ സര്‍ക്കാര്‍ ആണെന്നതിന്റെ പ്രതീകമാണ് ഗ്രോ വാസുവിന്റെ വായ് പൊലീസ് പൊത്തിപ്പിടിക്കുന്ന ചിത്രം. പൊലീസിനെ നിയന്ത്രിക്കുന്നത് ആരാണ്?

പുതുപ്പള്ളിയിലെ എട്ട് പഞ്ചായത്തുകളില്‍ മുഖ്യമന്ത്രി പ്രസംഗിച്ചിട്ടും മാസപ്പടി ഉള്‍പ്പെടെ പ്രതിപക്ഷം ഉന്നയിച്ച ഏഴ് ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയില്ല. ഏഴ് മാസമായി മാധ്യമ പ്രവര്‍ത്തകരെയും കാണാറില്ല. ഒരിക്കല്‍ അടപ്പിച്ച മുഖ്യമന്ത്രിയുടെ തിരുവായ് തുറപ്പിക്കാനാണ് പ്രതിപക്ഷം ഇപ്പോള്‍ ശ്രമിക്കുന്നത്. ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി ഭീരുവിനെ പോലെ ഓടിയൊളിക്കുകയാണ്. മാസപ്പടി ഉള്‍പ്പെടെ അഴിമതി ആരോപണങ്ങള്‍ക്ക് ഉത്തരം പറഞ്ഞാല്‍ പെട്ടുപോകുമെന്ന പേടിയിലാണ് മുഖ്യമന്ത്രി. അതുകൊണ്ടാണ് ഓടിയൊളിക്കുന്നത്. അഴിമതിക്ക് എതിരായ സമരവുമായി യു.ഡി.എഫ് മുന്നോട്ട് പോകും.

അയ്യായിരം വോട്ട് ബി.ജെ.പി കോണ്‍ഗ്രസിന് വിറ്റെന്നാണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്. അത് ശരിയാണ്. ഞങ്ങള്‍ കുറെ യു.ഡി.എഫ് നേതാക്കള്‍ ചേര്‍ന്ന് കെ സുരേന്ദ്രനോട് അയ്യായിരം വോട്ട് ആവശ്യപ്പെട്ടു. അദ്ദേഹം ഞങ്ങള്‍ക്ക് 5000 വോട്ട് നല്‍കി. അതേ വാഹനത്തില്‍ തന്നെ എ.കെ.ജി സെന്ററിലെത്തി ഗോവിന്ദനോട് പതിനായിരം വോട്ട് ആവശ്യപ്പെട്ടു. പക്ഷെ ഗോവിന്ദന്‍ 12000 വോട്ട് നല്‍കി. അങ്ങനെ 17000 വോട്ടായി. എന്നിട്ടും ബാക്കി ഇരുപതിനായിരമുണ്ട്. സ്വന്തം കുട്ടയില്‍ നിന്നും വോട്ട് ചോര്‍ന്ന് പോയിട്ടും നാണമില്ലാതെയാണ് യു.ഡി.എഫ് ബി.ജെ.പി വോട്ട് വാങ്ങിയെന്ന് ഗോവിന്ദന്‍ പറയുന്നത്. ബി.ജെ.പിക്കാരും ഉത്തമരായ കമ്മ്യൂണിസ്റ്റുകാരുമൊക്കെ ചാണ്ടി ഉമ്മന് വോട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്ക് താക്കീത് നല്‍കാനാണ് സി.പി.എമ്മുകാര്‍ യു.ഡി.എഫിന് വോട്ട് ചെയ്തത്.

ഏത് കേഡര്‍ പാര്‍ട്ടിയെയും വെല്ലാന്‍ കഴിയുന്ന സംഘബോധവും സംഘടനാ സംവിധാനവും ഐക്യവും യു.ഡി.എഫിലുണ്ട്. സോഷ്യല്‍ മീഡിയ കാമ്പയിനിലൂടെ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകില്ല. ഇങ്ങനെയാണോ സി.പി.എം തെരഞ്ഞെടുപ്പിനെ നേരിടുന്നത്? ഇതിനേക്കാള്‍ മാന്യമായിരുന്നു തൃക്കാക്കരയില്‍. തകര്‍ച്ചയുടെ ആരംഭമാണ് സി.പി.എമ്മില്‍ നടക്കുന്നത്. മക്കള്‍ രാഷ്ട്രീയമെന്ന് പറയുന്നവര്‍ ത്രിപുരയില്‍ നിര്‍ത്തിയത് മരിച്ച് പോയ എം.എല്‍.എയുടെ മകനെയാണ്. എന്നിട്ടും മൂവായിരത്തോളം വോട്ട് മാത്രമാണ് ലഭിച്ചത്. കെട്ടിവച്ച കാശ് പോലും കിട്ടിയില്ല. ത്രിപുരയിലെ കാര്യം അറിയാതെയാണ് പാര്‍ട്ടി സെക്രട്ടറി ആദ്യം പത്രസമ്മേളനം നടത്തിയത്.

വിജിലന്‍സിന്റെ പ്രസക്തി ഇല്ലാതായിരിക്കുകയാണ്. അവര്‍ വേണ്ടപ്പെട്ടവരെ സംരക്ഷിച്ച് ഇരട്ടനീതിയാണ് നടപ്പാക്കുന്നത്. പോക്‌സോ കേസില്‍ ഇടപെട്ടെന്ന ഗുരുതര ആരോപണം ഉയര്‍ന്നിട്ടും തിരുവമ്പാടിയിലെ മുന്‍ എം.എല്‍.എയ്‌ക്കെതിരെ പൊലീസ് കേസില്ല. തൃശൂരില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയെ സ്ത്രീയുടെ പരാതിയില്‍ തരംതാഴ്ത്തിയിട്ടും പരാതി പൊലീസിന് കൈമാറിയില്ല. ആലപ്പുഴയില്‍ ഇത്തരത്തിലുള്ള അര ഡസനിലധികം കേസുകളുണ്ട്. പാര്‍ട്ടി തന്നെ കോടതിയായി മാറുകയാണ്. എതിരാളികള്‍ക്കെതിരെ കേസെടുക്കുകയും പാര്‍ട്ടിക്കാരെ ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യുന്നതിനെതിരെ യു.ഡി.എഫ് ശക്തമായ നിലപാടെടുക്കും.


ശസ്ത്രക്രിയയെ തുടര്‍ന്ന് വയറ്റില്‍ കത്രികയുമായി ജീവിച്ച ഹര്‍ഷിന ആവശ്യപ്പെട്ട 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. അന്വേഷണത്തില്‍ ഹര്‍ഷിനയുടെ പരാതി ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കണമെന്ന് മുഖ്യമന്ത്രിയോടും ആരോഗ്യമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം നിയമസഭയിലും ഉന്നയിക്കും.

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *