ജനപക്ഷത്തുനിന്ന വിജയഗാഥയായിരുന്നു പി.വി.ഗംഗാധരന്റെ ജീവിതമെന്ന് കെ സി വേണുഗോപാല്‍ എംപി

Spread the love

മാതൃഭൂമി ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവും എ.ഐ.സി.സി അംവുഗവുമായിരുന്ന പി.വി.ഗംഗാധരന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി അനുശോചിച്ചു.

കെ.എസ്.യു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് എത്തിയ അദ്ദേഹം രാഷ്ട്രീയത്തിലും സിനിമയിലും മാധ്യമ രംഗത്തും വ്യവസായ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ദീര്‍ഘകാലത്തെ വ്യക്തിബന്ധമാണ് പി വി ഗംഗാധരനുമായുള്ളത്. രാഷ്ട്രീയത്തിനും ജാതിമത ചിന്തകള്‍ക്കും അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ച അദ്ദേഹം കൈവച്ച മേഖലകളിലെല്ലാം അപ്രമാദിത്വം തെളിയിച്ചു. ഗാന്ധിയന്‍ ആശയങ്ങളുടെ വെളിച്ചത്തില്‍ പൊതുപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോയ അദ്ദേഹം സ്ഥാനമാനങ്ങള്‍ക്ക് അപ്പുറം ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനത്തിന് മുന്‍ഗണന നല്‍കിയ തികഞ്ഞ മനുഷ്യസ്‌നേഹിയായിരുന്നു.പി വി ഗംഗാധരന്‍ മുഖ്യസ്ഥാനം വഹിച്ചിരുന്ന ശ്രീനാരായണ എജ്യൂക്കേഷന്‍ സൊസൈറ്റി,പിവിഎസ് നഴ്‌സിംഗ് സ്‌കൂള്‍,കോഴിക്കോട്, എറണാകുളം പന്തീരാങ്കാവ് ഹൈസ്‌കൂകള്‍ എന്നിവ വഴി പഠിക്കാന്‍ മിടുക്കരായ നിര്‍ധന കുടുംബത്തിലെ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ സൗജന്യവിദ്യാഭ്യാസം നല്‍കിവന്നത് അതിന് തെളിവാണ്.

ജനപക്ഷത്തുനിന്ന വിജയഗാഥയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.മലയാള സിനിമയ്ക്ക് നവഭാവുകത്വം നല്‍കിയ നിര്‍മ്മാതാവ് കൂടിയാണ് പി വി ഗംഗാധരന്‍. മലയാള സിനിമയുടെ പ്രസക്തി ദേശീയതലത്തില്‍ ആര്‍ജ്ജിച്ചതും ഒട്ടേറെ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയതുമായ നിരവധി നല്ല ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ ഗൃഹലക്ഷി പ്രൊഡക്ഷന്റെ ബാനറിലുള്ളവയാണ്. അങ്ങാടിയും ഒരു വടക്കന്‍ വീരഗാഥയും മാത്രം മതി അദ്ദേഹത്തെ എന്നും മലയാളികള്‍ ഓര്‍ക്കാന്‍. ദൃശ്യവ്യാകരണത്തിന്റെ സര്‍വ്വസാധ്യതകളിലുമൂന്നിയുള്ള അവതരണമായിരുന്നു അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേകത.നവാഗത സംവിധായകര്‍ക്കും കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കും അദ്ദേഹം എക്കാലവും പ്രാമുഖ്യം നല്‍കി. പി.വി.ജി എന്ന മുന്നക്ഷരത്തിന് സ്‌നേഹം എന്നൊരു അര്‍ത്ഥം ഉണ്ടെന്ന് ജീവിതം കൊണ്ട് തെളിയിച്ച പ്രതിഭകൂടിയാണ് അദ്ദേഹം. കളങ്കരഹിതമായ നല്ലൊരു മനസ്സിനും ഹൃദയത്തിനും ഉടമയായ പി.വി.ഗംഗാധരന്‍ മലബാറിന്റെ മുഖങ്ങളില്‍ പ്രഥമസ്ഥാനീയനായിരുന്നു. മുഴുവന്‍ സമയ പൊതുപ്രവര്‍ത്തനകനായി മാറിയപ്പോഴും കലയേയും വ്യവസായത്തേയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പി.വി ഗംഗാധരന്റെ വിയോഗം കേരളീയ സമൂഹത്തിന് ഒരു വലിയ നഷ്ടമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *