ആസ്പയര്‍ 2023 മെഗാ തൊഴില്‍ മേള ഉദ്ഘാടനം നിര്‍വഹിച്ചു.
കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ ‘ആസ്പയര്‍ 2023’ മെഗാ തൊഴില്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
അടുത്ത വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സില്‍ നൈപുണ്യ പരിശീലനത്തിന് ക്രെഡിറ്റ് സ്‌കോര്‍ നല്‍കികൊണ്ട് അനിവാര്യ വിഷയമായി മാറ്റണം എന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതുവഴി തൊഴിലിലേക്ക് പോകുന്നതിനുള്ള വിദ്യാര്‍ത്ഥികളുടെ ആത്മ വിശ്വാസം വര്‍ധിക്കുകയും നേതൃത്വ ശേഷിയും കര്‍മ്മശേഷിയും തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വോന്മുഖ വികസനം ഉറപ്പിക്കാന്‍ ഉതകുന്ന രീതിയിലാകും ഈ പരിഷ്‌കാരങ്ങള്‍ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച നൈപുണ്യ പരിചയ മേളയുടെ തുടര്‍ച്ചയാണ് തൊഴില്‍ മേള. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന അസാപ് കേരള 140 ഓളം കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്നു. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് നികത്തി യുവജനങ്ങളെ തൊഴില്‍ സജ്ജരാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് അസാപ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഉള്‍പ്പെടെ ഇരുപതോളം കമ്പനികള്‍ തൊഴില്‍ നല്‍കാന്‍ സന്നദ്ധരായി തൊഴില്‍ മേളയില്‍ പങ്കെടുത്തു. ഐ.ടി, കൊമേഴ്സ്, ബാങ്കിംഗ് ആന്റ് ഫിനാന്‍സ്, ഇലക്ട്രിക്കല്‍, സിവില്‍, ഓട്ടോമോട്ടീവ് തുടങ്ങിയ വിവിധ തൊഴില്‍ മേഖലകളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര യോഗ്യതയുള്ള തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ കണ്ടെത്താനുള്ള ശ്രദ്ധേയമായ അവസരമാണ് ഒരുക്കിയത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടന്ന ചടങ്ങില്‍ ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ റവ. ഫാ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ ചിറ്റിലപ്പള്ളി, കെ എസ് തമ്പി, സീമ പ്രേംരാജ്, അസാപ്പ് കേരള മാനേജിങ് ഡയറക്ടര്‍ ആന്റ് ചെയര്‍പേഴ്‌സണ്‍ ഡോ. ഉഷ ടൈറ്റസ്, അസാപ്പ് കേരളയുടെ പ്ലേസ്‌മെന്റ് ഡിവിഷന്‍ ഹെഡ് ലൈജു ഐ പി നായര്‍, അസാപ്പ് കേരള അസോസിയേറ്റ് ഡയറക്ടര്‍ ആന്റോ ജോസ്, എസ്ബിഐ റീജ്യണല്‍ മാനേജര്‍ എം സംഗീത ഭാസ്‌കര്‍, എച്ച്ഡിഎഫ്‌സി ഗവ. ബാങ്കിംഗ് സ്റ്റേറ്റ് ഹെഡ് ചാര്‍വക വിജയന്‍, ക്രൈസ്റ്റ് കോളേജ് മാനേജര്‍ റവ. ഫാ. ജോയ് പീനിക്കപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.