സ്പെഷ്യൽ സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ ആരംഭിച്ചു : മന്ത്രി വി. ശിവൻകുട്ടി

Spread the love

സംസ്ഥാനത്ത് സ്പെഷ്യൽ സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. അറിവിന്റെ വ്യത്യസ്ത മേഖലകളിലെ പുതിയ വികാസത്തെകൂടി പരിഗണിച്ചുള്ള പരിഷ്‌കരണമാകും നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് ദേശീയ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്പെഷ്യൽ സ്‌കൂൾ പാഠ്യപദ്ധതി കോർ കമ്മിറ്റി രൂപീകരിച്ച് തുടർപ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു മന്ത്രി പറഞ്ഞു. സ്പെഷ്യൽ സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുന്നതിന് വിപുലമായ ചർച്ചകൾ സംഘടിപ്പിക്കും. സവിശേഷ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പൊതുവായ കാര്യങ്ങളും പ്രത്യേക പരിഗണന നൽകേണ്ട മേഖലകളെക്കുറിച്ചുള്ള വിശദാംശങ്ങളും, വ്യത്യസ്ത വിഭാഗങ്ങളെ

ഉൾപ്പെടുത്തി പൊതുചർച്ചകളിലൂടെ ലഭ്യമാകുന്ന അഭിപ്രായങ്ങളും പരിഗണിച്ച് സവിശേഷ വിദ്യാലയങ്ങൾക്കുള്ള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കും. ബന്ധപ്പെട്ട സമിതികളിൽ ചർച്ചചെയ്ത് അന്തിമ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുകയും ചെയ്യും. ഈ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവർത്തന പുസ്തകങ്ങളും അനുബന്ധ സാമഗ്രികളും സഹായ സംവിധാനങ്ങളും വികസിപ്പിക്കുക. ഈ ചരിത്ര ദൗത്യത്തിന്റെ തുടക്കമായാണു സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സ് ദേശീയ വിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

ഓരോ വ്യക്തിയിലെയും സാമൂഹ്യ നന്മയ്ക്ക് അനുയോജ്യമായ മൂല്യങ്ങൾ കണ്ടെത്തുകയും അവയെ പരിപോഷിപ്പിക്കുകയും ചെയ്യുയെന്നതു പ്രധാനമാണ്. ഓരോ കുട്ടിയും നേരിടുന്ന ബഹുവിധമായ അനിശ്ചിതത്വങ്ങളും സാംസ്‌കാരിക വൈകാരിക അവസ്ഥകളും ജീവിതാവശ്യങ്ങളും സാമൂഹിക ആവശ്യങ്ങളും പരിഗണിച്ചുമാത്രമേ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം രീതിശാസ്ത്രം എന്നിവ തീരുമാനിക്കാൻ കഴിയൂ. എല്ലാ കുട്ടികൾക്കും സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ അവസരതുല്യതയാണ് ലഭ്യമാക്കേണ്ടത്. ഓരോ കുട്ടിക്കും സ്വന്തം രീതിയിലും പഠന വേഗതയിലും മുന്നോട്ടുപോകാനും അതുവഴി ജീവിതം കെട്ടിപ്പടുക്കുവാനുമുള്ള ആത്മവിശ്വാസം വികസിപ്പിക്കുവാനും കഴിയണം.

കേരളത്തിൽ മുഴുവൻ കുട്ടികൾക്കും വിദ്യാലയ പ്രവേശനം നൽകുന്നതിനു കഴിഞ്ഞിട്ടുണ്ട്. പ്രതിഭാധനരായ കുട്ടികളെയും ശരാശരി നിലവാരം പുലർത്തുന്ന കുട്ടികളെയും പലകാരണങ്ങളാൽ പഠനത്തിലും വിദ്യാഭ്യാസ കാര്യങ്ങളിലും പിന്നാക്കമായി പോയ കുട്ടികളെയും വിദ്യാഭ്യാസ പ്രക്രിയയിൽ വിവേചനം കൂടാതെ ചേർത്തുപിടിക്കണമെന്ന കാഴ്ചപ്പാടാണു കേരളം മുന്നോട്ടുവയ്ക്കുന്നത്. ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന മുഴുവൻ കുട്ടികൾക്കും വിദ്യാലയ പ്രവേശനം നൽകുവാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും അവരെയെല്ലാം അക്കാദമികമായി ഉൾച്ചേർക്കുവാൻ നമ്മുടെ വിദ്യാലയങ്ങൾക്ക് ഇനിയും കഴിയേണ്ടതുണ്ട്.

എസ്.സി.ഇ.ആർ.ടിയുടേയും സമഗ്ര ശിക്ഷ കേരളയുടേയും സംയക്താഭിമുഖ്യത്തിലാണു കോൺക്ലേവ് സംഘടിപ്പിച്ചത്. ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജയപ്രകാശ്, സമഗ്ര ശിക്ഷാ പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *